
തിരുവനന്തപുരം: കാര്‍ഷിക വൃത്തിയുടെ പ്രാധാന്യം മനസ്സിലാക്കി വിപ്‌ളവകരമായ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് ശാസ്തമംഗലത്തെ മംഗലം റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍. ഇവിടത്തെ ഒട്ടുമിക്ക വീടുകളും ജൈവകൃഷിയുടെ ഉദാത്തമാതൃകകളായി മാറിക്കഴിഞ്ഞു.
കുടപ്പനക്കുന്ന് കൃഷിഭവനിലെ കാര്‍ഷിക കര്‍മസേന വഴി എത്തിച്ച ഗ്രോ ബാഗുകളിലൂടെയാണ് ഇവിടെ കൃഷി യാഥാര്‍ഥ്യമാക്കിയത്. പയര്‍, പാവല്‍, പടവലം, തക്കാളി, കത്തിരിക്ക, വഴുതന, അമരക്ക, ബീന്‍സ് തുടങ്ങി ഒട്ടുമിക്ക ഇനങ്ങളും ഇവിടെ നട്ടുവളര്‍ത്തുന്നുണ്ട്.
ജൈവവളവും ചാരവും മാത്രമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ജൈവ കീടനാശിനികളും ഉപയോഗിക്കുന്നുണ്ട്.
വിഷാംശമില്ലാത്ത പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിന് പുറമേ വരുംതലമുറകളെ കൃഷിയിലേക്ക് പ്രേരിപ്പിക്കുക കൂടിയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് മംഗലം റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
അസോസിയേഷന്‍ പരിധിയില്‍ 70 ഓളം വീടുകളിലാണ് കൃഷി വിജയകരമായി നടക്കുന്നത്.കൂടുതല്‍പേര്‍ ഇപ്പോള്‍ പച്ചക്കറി ബാഗുകള്‍ക്കായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് അസോസിയേഷന്‍ സെക്രട്ടറി പദ്മനാഭന്‍നായര്‍ പറഞ്ഞു.സ്വന്തം കൈകൊണ്ട് വിത്തിട്ട് വിളവെടുത്തു ഭക്ഷിക്കുന്നതിന്റെ ആനന്ദം ഒന്നു വേറെ തന്നെയാണെന്നാണ് അസോസിയേഷനിലെ മറ്റംഗങ്ങള്‍പറയുന്നത്.