തേങ്ങാക്കാര്യം

Posted on: 26 Jun 2012

ഡി.ഷൈജുമോന്‍ഭക്ഷ്യവിളയും എണ്ണക്കുരുവും ഔഷധവും പാനീയവും ചകിരിയും കയറുമൊക്കെയായി ഉപയോഗമുള്ള നാളികേരത്തിന്റെ ഉല്പാദന കാര്യത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനമുള്ള ജില്ല ഏതാണ്...? നാളികേര വികസന ബോര്‍ഡിന്റെ 2009-10 ലെ കണക്കനുസരിച്ച് അത് മലപ്പുറം ആണ്. കോഴിക്കോടിനാണ് രണ്ടാം സ്ഥാനം.

മഹാനഗരമായ കൊച്ചി ഉള്‍പ്പെടുന്ന എറണാകുളം ജില്ലയോട് ചോദിച്ചാല്‍, 'എന്ത് തേങ്ങാകൃഷി...?' എന്ന മറുപടിയാവും ലഭിക്കുക. ലിസ്റ്റില്‍ പത്താമതാണ് ഇക്കാര്യത്തില്‍ എറണാകുളം. 44,475 ഹെക്ടറിലാണ് ജില്ലയില്‍ തെങ്ങുകൃഷി അവശേഷിക്കുന്നത്; ഉല്പാദനക്ഷമത ഹെക്ടറിന് 5284 തേങ്ങ എന്ന കണക്കിലും. മലപ്പുറത്ത് ഇത് 9808 ആണ്, കോഴിക്കോട്ട് 7284.

കേരകൃഷി മെച്ചപ്പെടുത്തുന്നതിനും തെങ്ങിന്‍ തോപ്പുകളിലെ ഉല്പാദനവും വരുമാനവും വര്‍ധിപ്പിക്കുന്നതിനും സമഗ്ര പദ്ധതികളാണ് നാളികേര വികസന ബോര്‍ഡ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ചെയര്‍മാര്‍ ടി.കെ. ജോസ് പറയുന്നു.

സംസ്ഥാനമൊട്ടാകെ തെങ്ങിന്‍തോപ്പുകളില്‍ പുനര്‍നടീലും പുനരുദ്ധാരണവും ഗുണമേന്മയുള്ള നടീല്‍ സാമഗ്രികളുടെ ഉപയോഗം -കുറിയ ഇനങ്ങള്‍ക്കും സങ്കര ഇനങ്ങള്‍ക്കും പ്രാധാന്യം, നാളികേര ടെക്‌നോളജി മിഷന്‍, കയററുമതി വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളാണവ.

മൂല്യവര്‍ധിത നികുതിയിളവ്

തൂള്‍ തേങ്ങ , തേങ്ങാപ്പൊടി, തേങ്ങാപ്പാല്‍ തുടങ്ങിയ നാളികേരോത്പന്നങ്ങള്‍ക്ക് ചുമത്തിയ നികുതിയില്‍ കേരളത്തില്‍ 4 ശതമാനം ഇളവും പായ്ക്ക്‌ചെയ്ത കരിക്കിന്‍ വെള്ളത്തിന് 12.5 ശതമാനം ഇളവും നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് നാളികേരാധിഷ്ഠിത ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങളെ വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുപ്പിയിലാക്കിയ കരിക്കിന്‍വെള്ളം മുതല്‍ സ്വര്‍ണത്തെക്കാള്‍ വിലയുള്ള ഉത്തേജിത ചിരട്ടക്കരി (ആക്ടിവേറ്റഡ് കാര്‍ബണ്‍) വരെ നാളികേര വ്യവസായങ്ങളില്‍പ്പെടും.

സി.പി.എസ്.

വാണിജ്യാടിസ്ഥാനത്തില്‍ തെങ്ങുകൃഷി ചെയ്യുന്ന (40-100) കര്‍ഷകരെ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്ത നാളികേരോത്പാദന സംഘങ്ങള്‍ (സി.പി.എസ്.) രൂപവത്കരിക്കുകയാണിപ്പോള്‍. 1158 ഓളം സംഘങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 20 സി.പി.എസ്സുകള്‍ ചേര്‍ന്ന് ഒരു ഫെഡറേഷനും ഫെഡറേഷനുകള്‍ ചേര്‍ന്ന് 20-25 പ്രൊഡ്യൂസര്‍ കമ്പനികളും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രൂപവത്കരിക്കുകയാണ് ലക്ഷ്യം.

ധനസഹായം

നാളികേര സംസ്‌കരണ വ്യവസായം തുടങ്ങാന്‍ തത്പരരായ സംരംഭകര്‍ക്ക് നാളികേര ടെക്‌നോളജി മിഷന്‍ ധനസഹായം നല്‍കും. സഹായം പ്രൊജക്ട് അടിസ്ഥാനത്തില്‍, പദ്ധതി ചെലവിന്റെ 25 ശതമാനം. പരമാവധി 50 ലക്ഷം വരെ വായ്പാനന്തര ധനസഹായമായാണ് നല്‍കുന്നത്.

തണുനീര്‍ മുത്തുകള്‍

ഈചിത്രത്തിലേക്കൊന്നു നോക്കിക്കേ... സംശുദ്ധവും നിര്‍മലവും പ്രകൃതിദത്തവുമായൊരു പാനീയം രുചിക്കുന്നതിന്റെ ഫീല്‍ തന്നെയല്ലേ ഇവരുടെ മുഖത്ത്...? കൊഴുപ്പില്ലാത്ത, കൊളസ്‌ട്രോളില്ലാത്ത, കൃത്രിമ പഞ്ചസാരകളൊന്നുമില്ലാത്ത, നമ്മുടെ കരിക്കിന്റെ ഗുണമേന്മയോട് മത്സരിക്കാന്‍ ഏത് മള്‍ട്ടി നാഷണല്‍ കോളയ്ക്ക് കഴിയും... ?

'ഒരൊറ്റ രാഷ്ട്രം, ഒരേയൊരു പാനീയം' -എന്ന മുദ്രാവാക്യമാണ് കരിക്കിന്‍ വെള്ളത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനും കരിക്കിനെപ്പററി ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനുമായി നാളികേര വികസന ബോര്‍ഡ് ഉപയോഗിക്കുന്നത്. വേനല്‍ പോയി മണ്‍സൂണ്‍ വരവറിയിച്ചതോടെ നഗരത്തില്‍ ചെറിയ തോതില്‍ ഇപ്പോള്‍ കരിക്കിന് ക്ഷാമം നേരിട്ടു തുടങ്ങിയിട്ടുണ്ട്. അതിനാല്‍തന്നെ വില ഒരു കരിക്കിന് 25 രൂപ ആയി ഉയര്‍ന്നിട്ടുമുണ്ട്. പാലക്കാടന്‍-തമിഴ്‌നാട്കരിക്കാണ് കൂടുതലും കൊച്ചിയില്‍ വില്പനയ്ക്ക് എത്തുന്നത്.

ഐ.ടി. മേഖലയിലേക്ക് നേരിട്ട് ഇളനീര്‍ എത്തിക്കുക എന്ന ലക്ഷ്യവുമായി ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നാളികേര വികസന ബോര്‍ഡിന്റെ നേതൃത്വത്തില്‍ തുടക്കമിട്ട 'ഇളനീര്‍ പന്തല്‍' വന്‍ വിജയമായിരുന്നു. പാലക്കാട് ജില്ലയിലെ മുതലമട പപ്പന്‍ചള്ള നാളികേര ഉത്പാദക സംഘമാണ് ഇന്‍ഫോപാര്‍ക്കില്‍ ഇളനീരുമായി എത്തിയത്. 2012 അവസാനത്തോടെ രാജ്യമൊട്ടാകെ ഇതുപോലെ 5,000 ഇളനീര്‍ പന്തലുകള്‍ ആരംഭിക്കാനാണ് പദ്ധതി.

നുരഞ്ഞുപൊന്തുന്ന രുചി

കോളകളുടെ ടിന്നുകളും ക്യാനുകളും തുറക്കുമ്പോള്‍ ശ്രദ്ധിച്ചിട്ടില്ലേ... പാനീയം ചീറ്റിത്തെറിക്കും. കരിക്ക് ചെത്തുമ്പോഴും ഏതാണ്ടിതുപോലെയല്ലേ...?

കരിക്കിന്‍വെള്ളം ഹൈഡ്രോസ്റ്റാറ്റിക്ക് മര്‍ദത്തിലായതിനാല്‍ അതില്‍ കാര്‍ബണ്‍ ഡയോകൈ്‌സഡ് അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. അതിനാലാണ് കരിക്ക് വെട്ടിത്തുറക്കുമ്പോള്‍ വെള്ളം നുരഞ്ഞുപൊന്തി വരുന്നത്. കരിക്കിന്റെ ആസ്വാദ്യമായ രുചിക്ക് കാരണം അതിലടങ്ങിയിരിക്കുന്ന സ്വാഭാവിക ഡെല്‍റ്റ ലാക്ടോണുകളാണ്.

ഈ നുരഞ്ഞുപൊന്തുന്ന രുചി സംരക്ഷിക്കുക പ്രയാസകരമാണ്. എന്നാല്‍, ഉപഭോക്താവിന് വേണ്ടതും ഇതുതന്നെ.


Stories in this Section