നായ്ക്കുട്ടികളിലെ പ്രതിരോധ കുത്തിവയ്‌പ്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Posted on: 26 Jun 2012


രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും ഉത്തമം രോഗം വരാതെ നോക്കുക എന്നുള്ളതാണല്ലോ. ചികിത്സപോലും ഇല്ലാത്ത പല ഗുരുതര രോഗങ്ങളില്‍ നിന്നും നമ്മുടെ ഓമന നായ്ക്കുട്ടികളെ രക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് പ്രതിരോധ കുത്തിവയ്പുകള്‍. ആരോഗ്യമുള്ള നായ്കളുടെ കുഞ്ഞുങ്ങള്‍ക്കും, കന്നിപ്പാല്‍ യഥേഷ്ടം ലഭിച്ച കുഞ്ഞുങ്ങള്‍ക്കും ഒരു പരിധിവരെ പ്രകൃതി തന്നെ രോഗ പ്രതിരോധ ശക്തി നല്‍കിയിട്ടുണ്ട്. എന്നാല്‍ ചുറ്റുപാടുകളില്‍ മാരകമായ അളവില്‍ രോഗാണുക്കളോ രോഗവാഹകരോ ഉണ്ടെങ്കില്‍ പ്രതിരോധം സാധ്യമാവില്ലെന്നു മാത്രമല്ല നായ്ക്കുട്ടികളിലെ രോഗബാധ അതിഗുരുതരവുമായിരിക്കും. ഈ അവസ്ഥയില്‍ സമയാസമയങ്ങളിലുള്ള പ്രതിരോധകുത്തിവയ്പുകളാണ് ഏറ്റവും ലഘുവും അനൂയോജ്യവുമായ പരിഹാര മാര്‍ഗ്ഗം.

100% മാരകമായ പേവിഷബാധ, മനുഷ്യരിലും വളര്‍ത്തു മൃഗങ്ങളിലും ഒരുപോലെ ഗുരുതരമായ എലിപ്പനി, ചികിത്സപോലുമില്ലാത്ത വൈറസ് രോഗങ്ങളായ പാര്‍വോ, ശ്വാനഡിസ്റ്റംമ്പര്‍, കരള്‍വീക്കം, മുതലായവയ്‌ക്കെല്ലാം പ്രതിരോധ കുത്തിവയ്പുകള്‍ ലഭ്യമാണ്. ഓരോ പ്രദേശങ്ങളിലും വ്യാപകമായി കാണുന്ന രോഗങ്ങള്‍ തിരിച്ചറിഞ്ഞ് അവയ്‌ക്കെതിരെയുള്ള കുത്തിവയ്പുകള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതാണ്.

കുത്തിവയ്പുകള്‍ കൊണ്ട് ഉദ്ദേശിക്കുന്ന ഫലം പൂര്‍ണമായും ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:-


1. കുത്തിവയ്പിന്റെ സമയത്ത് നായ്ക്കുട്ടി പൂര്‍ണ ആരോഗ്യവാനായിരിക്കണം. ഭക്ഷണ ശീലങ്ങള്‍, മലമൂത്ര വിസര്‍ജ്ജനം, ചര്‍മ്മം, രോമം, ഇവയിലൊന്നും അപാകതകള്‍ ഇല്ലാതിരിക്കുന്നത് ആരോഗ്യത്തിന്റെ ലക്ഷണമാണ്.
2. വിവിധയിനം ആന്തരപരാദങ്ങളില്‍ നിന്നും (വിരകള്‍) ബാഹ്യപരാദങ്ങളില്‍ (ചെള്ള്, പേന്‍) നിന്നും മുക്തനായിരിക്കണം. അല്ലാത്തപക്ഷം അതിനുള്ള ചികിത്സ നല്‍കേണ്ടതാണ്.
3. വിരമരുന്നുകള്‍ കൊടുക്കുന്നതും കുത്തിവയ്പും തമ്മില്‍ കുറഞ്ഞത് അഞ്ച് ദിവസത്തെ ഇടവേളയെങ്കിലും ആവശ്യമാണ്.

4. സമീപകാലത്ത് നായ്ക്കുട്ടികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള അസുഖം വരികയോ ചികിത്സ നല്‍കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ കുത്തിവയ്പിനു മുമ്പ് ഡോക്ടറെ അറിയിക്കേണ്ടതാണ്.
5. ജനിച്ച് 45 ദിവസം പ്രായമായാല്‍ അസുഖങ്ങള്‍ക്കെതിരെയുള്ള ആദ്യ കുത്തിവയ്പ് നല്‍കാവുന്നതാണ്.
6. രണ്ടര മാസം പ്രായമായാല്‍ പേവിഷബാധയ്‌ക്കെതിരെയുള്ള ആദ്യ കുത്തിവയ്പ് നല്‍കാവുന്നതാണ്.
7. ആറുമാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് പൂര്‍ണ സംരക്ഷണം ലഭിക്കുന്നതിനായ് ബൂസ്റ്റര്‍ കുത്തിവയ്പുകളും നല്‍കേണ്ടതാണ്.
8. കുത്തിവയ്പുകളുടെയും, വിരമരുന്നു പ്രയോഗത്തിന്റെയും മറ്റു ചികിത്സകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെയും തിയ്യതിയും മറ്റു വിശദാംശങ്ങളും അടങ്ങിയ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ചോദിച്ചു വാങ്ങി സൂക്ഷിക്കേണ്ടതാണ്.

ഇത്തരം നിസ്സാരകാര്യങ്ങളിലുള്ള ശ്രദ്ധവഴി നമ്മുടെ നായ്ക്കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പിന്റെ പൂര്‍ണ്ണഫലങ്ങള്‍ ലഭ്യമാക്കാം.

ഡോ. അനുമോള്‍ ജോസഫ് & ഡോ. പി.വി. ട്രീസമോള്‍.
വെറ്ററിനറി കോളേജ്, മണ്ണുത്തി


Stories in this Section