കൂണ്‍പുര അണുവിമുക്തമാക്കുന്നത്‌

Posted on: 24 Jun 2012

സുരേഷ് മുതുകുളം



കൃഷിപരിപാലനം


വീടിനോട് ചേര്‍ന്ന് മറ്റുപയോഗമൊന്നുമില്ലാത്ത മുറിയില്‍ ഞാന്‍ കൂണ്‍ വളര്‍ത്തുകയാണ്. മുറി ശാസ്ത്രീയമായി അണുവിമുക്തമാക്കുന്ന രീതി പറഞ്ഞുതരുമോ?
-മായാറാണി, തേഞ്ഞിപ്പാലം

വാവട്ടമുള്ള ഒരു പാത്രത്തില്‍ 20 മില്ലിലിറ്റര്‍ ഫോര്‍മാലിന്‍ എടുത്ത് അതില്‍ 5 ഗ്രാം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ഇടുക. ഇത് രണ്ടോ മൂന്നോ ചെറിയ പാത്രങ്ങളില്‍ മുറിയില്‍ പലയിടത്തായി വെക്കാം. മുറിയുടെ ജനാലകളും വാതിലുകളും അടച്ച് സീല്‍ ചെയ്യണം. ഫോര്‍മാലിന്‍ പുകയുമ്പോള്‍ മുറിക്കുള്ളില്‍ സ്വാഭാവികമായ അണുനശീകരണം നടക്കും. ഇതുകഴിഞ്ഞാലും മുറി രണ്ടുദിവസം അടച്ചുതന്നെ ഇടണം. തുടര്‍ന്ന് ജനല്‍ വാതിലുകള്‍ തുറക്കാം. വായുസഞ്ചാരം നടക്കും. കൂണ്‍ പുര പുകയുമ്പോള്‍ അതിലെ തടങ്ങളെല്ലാം നീക്കാന്‍ ശ്രദ്ധിക്കണം. മറ്റൊരു രീതിയുണ്ട്. ഡൈ ക്ലോര്‍വോസ് (നുവാന്‍) 6 മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി അതില്‍ 200 മില്ലി ഫോര്‍മാലിനും കൂടി ചേര്‍ത്ത് മുറിക്കുള്ളില്‍ തളിച്ച് അടച്ചിട്ടാലും അണുനശീകരണം പ്രാവര്‍ത്തികമാക്കാം.

മീന്‍ ഗുണബജാലം എന്ത്?


എന്താണ് മീന്‍ഗുണബജാലം? എന്താണിതിന്റെ ഗുണം? ഇതെങ്ങനെയാണ് തയ്യാറാക്കുന്നത്?
-ചാണ്ടികുര്യന്‍, ചിന്തലാര്‍

തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയിലെ ചില കര്‍ഷകര്‍ തയ്യാറാക്കുന്ന പരമ്പരാഗത സസ്യവളര്‍ച്ചാ ഹോര്‍മോണ്‍ ആണ് 'മീന്‍ഗുണബജാലം'. നെല്ല്, മുളക്, റോസാച്ചെടി എന്നിവയുടെ കീടനിയന്ത്രണത്തിനും വളര്‍ച്ചാ വര്‍ധനവിനും അവര്‍ ഇതുപയോഗിക്കുന്നു. ഇത് അവര്‍ തയ്യാറാക്കുന്നതിങ്ങനെ: നല്ല മീന്‍ വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന ചെതുമ്പലും ചെകിളയും തലയും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ - 1 കിലോ, ശര്‍ക്കര 1 കിലോ, രണ്ടും കൂടെ നന്നായിളക്കി 10 ലിറ്റര്‍ വെള്ളത്തില്‍ പ്ലാസ്റ്റിക് ഡ്രമ്മില്‍ ഇട്ടുവെക്കും. 3-4 ദിവസം ഇത് നന്നായി ഇളക്കും. ഡ്രം തണലത്താണ് വെക്കുക. 16 ദിവസം കഴിയുമ്പോള്‍ മിശ്രിതം അരിച്ച് ഒരു ലിറ്റര്‍ ലായനി 100 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചെടുത്താല്‍ ഒരേക്കറില്‍ തളിക്കാന്‍ മതിയാകും. അതിരാവിലെയോ വൈകുന്നേരമോ ആണ് തളി. ഒരേക്കറില്‍ കീടനിയന്ത്രണത്തിനും മറ്റും സാധാരണ 2,000 രൂപ വരെ ചെലവാക്കുന്ന സ്ഥാനത്ത് വെറും 100 രൂപ മതി മത്സ്യഗുണബജാലം തയ്യാറാക്കാന്‍. പരിസ്ഥിതി മലിനീകരണമോ മനുഷ്യന് ദോഷമോ ഇല്ല.


Stories in this Section