പട്ട ചീയലിനെ കരുതിയിരിക്കുക

Posted on: 24 Jun 2012

എം.ജി. സതീഷ്ചന്ദ്രന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (പബ്ലിക്ക് റിലേഷന്‍സ്)സ്വാഭാവിക റബറിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഉയര്‍ന്ന വിലകാരണം മഴക്കാലത്തും ടാപ്പിങ് തുടരുന്നതിനായി ഒട്ടേറെ കര്‍ഷകര്‍ തോട്ടത്തില്‍ റെയിന്‍ഗാര്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ അതോടൊപ്പം അവശ്യം നടത്തേണ്ട പട്ട സംരക്ഷണനടപടികളെപ്പറ്റി പല കര്‍ഷകരും വേണ്ടത്ര ബോധവാന്മാരല്ല എന്നാണ് കാണുന്നത്.

ഈര്‍പ്പമുള്ള സമയത്ത് റബര്‍മരത്തിലുണ്ടാകുന്ന മുറിവുകളില്‍ കുമിള്‍രോഗബാധ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
മഴക്കാലത്ത് ടാപ്പിങ് നടത്തുമ്പോള്‍ പട്ടയില്‍ രോഗബാധ ഉണ്ടാകുകയും പട്ട മൊത്തമായി ചീഞ്ഞുപോവുകയും ചെയ്‌തേക്കാം. പട്ടയില്‍ പാലുത്പാദനം തീരെ ഇല്ലാതാകും. പുതുപ്പട്ട വളര്‍ന്നുവരുമ്പോള്‍ കുഴികളും മുഴകളും ഉണ്ടായി പിന്നീട് ടാപ്പിങ്ങിന് ബുദ്ധിമുട്ടുണ്ടാവും. തറനിരപ്പിനോട് അടുത്തുള്ള ടാപ്പിങ് പാനലുകളിലാണ് രോഗാക്രമണം കൂടുതലായി ഉണ്ടാകുക.

ഫൈറ്റോഫ് തോറ എന്ന കുമിളാണ് ഈ രോഗത്തിന് കാരണം. റെയിന്‍ഗാര്‍ഡ് ചെയ്ത് മഴക്കാലത്ത് ടാപ്പിങ് തുടരുന്ന കര്‍ഷകര്‍ പട്ടചീയല്‍ രോഗത്തിനെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലാത്തപക്ഷം കഠിനമായ രോഗബാധമൂലം മരങ്ങളുടെ ഉത്പാദനം വളരെ കുറഞ്ഞുപോയേക്കാം.രോഗബാധയുണ്ടായ ഭാഗത്ത് തുടര്‍ന്നുണ്ടാകുന്ന പുതുപ്പട്ട കുഴികളും മുഴകളും ആയി പിന്നീട് ടാപ്പിങ്ങിനും ബുദ്ധിമുട്ടാകാം. ചിട്ടയായ പ്രതിരോധ നടപടികളിലൂടെ പട്ടചീയലിനെ നിയന്ത്രിക്കാന്‍ കഴിയും. ആഴ്ചയില്‍ ഒരിക്കല്‍ കുമിള്‍നാശിനികൊണ്ട് വെട്ടുപട്ട നന്നായി കഴുകണം. ഇന്‍ഡോഫില്‍ അഥവാ ഡൈത്തേന്‍ എം.45 എന്ന കുമിള്‍നാശിനി അഞ്ചു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയാണ് ഉപയോഗിക്കേണ്ടത്.

വളവും രാസവസ്തുക്കളും വില്‍ക്കുന്ന കടകളില്‍ ഈ കുമിള്‍നാശിനി ലഭ്യമാണ്. മിശ്രിതം ബ്രഷുപയോഗിച്ച് വെട്ടുചാലിന് മുകളില്‍ പുതുതായി വെട്ടിയിറങ്ങിയ ഭാഗത്ത് അഞ്ചു സെ.മീ. വീതിയില്‍ നന്നായി പുരട്ടിക്കൊടുത്താല്‍ മതി. മഴക്കാലം കഴിയുന്നതുവരെ ആഴ്ചയിലൊരിക്കല്‍ ഈ നടപടി ആവര്‍ത്തിക്കണം. മുമ്പുപറഞ്ഞ കുമിള്‍നാശിനികള്‍ക്ക് പകരം അക്കോമിന്‍, ഫോസ്ജറ്റ് (ഫോസ്ഫറസ് ആസിഡ്) എന്നീ കുമിള്‍നാശിനികള്‍ ഏതെങ്കിലും ഉപയോഗിക്കാം.

ഇവ ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു മില്ലിലിറ്റര്‍ എന്ന തോതിലാണ് ചേര്‍ക്കേണ്ടത്. പ്ലാസ്റ്റിക് പിടിപ്പിച്ചിരിക്കുന്നതില്‍ ചോര്‍ച്ചയുണ്ടാകുന്നുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്. ഉണ്ടെങ്കില്‍ കൂടുതല്‍ പശ തേച്ച് ചോര്‍ച്ച ഒഴിവാക്കണം.Stories in this Section