കാപ്പിക്കൃഷി വികസന മാതൃകയുമായി ജോയി മുത്തനാട്ട്‌

Posted on: 17 Jun 2012


തോപ്രാംകുടി (ഇടുക്കി): നാണ്യവിളകളിലും പച്ചക്കറികളിലും ഗ്രാഫ്റ്റിങ്ങിലൂടെ മെച്ചപ്പെട്ട ഉല്പാദനമുണ്ടാക്കാമെന്ന് തെളിയിക്കുന്ന ദൈവംമേട്ടിലെ മാതൃകാ കര്‍ഷകനായ ജോയി എന്നുവിളിക്കുന്ന ജോസഫ് തോമസ് മുത്തനാട്ട് കാപ്പിക്കൃഷിയില്‍ മലയോര കര്‍ഷകര്‍ക്കെല്ലാം നേട്ടം സമ്മാനിക്കുന്നു.

വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടി, ദൈവംമേട് മേഖലകളില്‍ കാപ്പിക്കൃഷിയില്‍ ഗ്രാഫ്റ്റിങ് രീതി കര്‍ഷകര്‍ വിജയകരമായി പരീക്ഷിച്ചുവരികയാണ്. കാലപ്പഴക്കം മൂലം വിളവ് കുറഞ്ഞ കാപ്പിച്ചെടികളിലും കാപ്പിത്തൈകളിലും ഗ്രാഫ്റ്റിങ് നടത്തി ഉയര്‍ന്ന വിളവ് നേടാന്‍ കഴിയും. വേണ്ടത്ര വിളവ് ലഭിക്കാത്ത കാപ്പികള്‍ ചുവടെ വെട്ടി തളിര്‍ത്തുവരുന്ന ശിഖരങ്ങളിലാണ് അത്യുല്പാദനശേഷിയുള്ള റോബസ്റ്റ ഇനത്തില്‍പ്പെട്ട കാപ്പിയുടെ മുകുളങ്ങള്‍ ഗ്രാഫ്റ്റ് ചെയ്യുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ മെച്ചപ്പെട്ട വിളവ് ലഭിച്ചുതുടങ്ങും. ഗ്രാഫ്റ്റിങ് നടത്തിയ കാപ്പികളിലെ ആദ്യവര്‍ഷം വിരിയുന്ന പൂക്കള്‍ നുള്ളിക്കളയുകയാണ് രീതി. മൂന്നാംവര്‍ഷം മുതല്‍ ശരാശരി പത്ത് കിലോഗ്രാം വരെ ഉണങ്ങിയ കാപ്പിക്കുരു ലഭിക്കും.

മുപ്പത് വര്‍ഷമായി ദൈവംമേട്ടില്‍ താമസിക്കുന്ന ജോയി കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലാണ് ഗ്രാഫ്റ്റിങ് രീതി വ്യാപകമാക്കിയത്. കാപ്പി, കൊക്കോ, ജാതി, കുരുമുളക് എന്നീ നാണ്യവിളകളില്‍ മാത്രമല്ല, വഴുതന, തക്കാളി എന്നീ പച്ചക്കറികളും മെച്ചപ്പെട്ട വിളവ് നല്‍കാന്‍ ഗ്രാഫ്റ്റിങ് അവലംബിച്ചാല്‍ കഴിയും. ജോയിയുടെ കൃഷിയിടത്തിലെ അറുന്നൂറിലധികം കാപ്പികളും ഗ്രാഫ്റ്റിങ് നടത്തിയവയാണ്. മുഴുവന്‍ സമയവും കാര്‍ഷിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ജോയിയുടെ ഭാര്യ കുട്ടിയമ്മയാണ്. അഭിലാഷ്, അജീഷ്, അല്‍ഫോന്‍സ എന്നിവരാണ് മക്കള്‍.


Stories in this Section