റബ്ബര്‍ വെട്ടാന്‍ യന്ത്രക്കത്തി കണ്ടുപിടിച്ചാല്‍ അഞ്ചുലക്ഷം രൂപ

Posted on: 13 Jun 2012


കോട്ടയം:യന്ത്രവത്കൃത ടാപ്പിങ്കത്തി കണ്ടുപിടിക്കുന്നവര്‍ക്ക് റബ്ബര്‍ ബോര്‍ഡ് പാരിതോഷികം നല്‍കും. കണ്ടുപിടിക്കുന്നത് സ്ഥാപനമാണെങ്കിലും വ്യക്തിയാണെങ്കിലും അഞ്ചുലക്ഷം രൂപയാണ് പാരിതോഷികമായി നല്‍കുകയെന്ന് റബ്ബര്‍ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഷീല തോമസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

വൈദഗ്ധ്യം ഇല്ലാത്തവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ളതായിരിക്കണം കത്തി. നേരത്തെ മലേഷ്യയും ജപ്പാനും ചേര്‍ന്ന് ഒരു മോഡല്‍ വികസിപ്പിച്ചെടുത്തു. എന്നാല്‍ പ്രായോഗികതലത്തില്‍ പരാജയമായിരുന്നു. വികസിപ്പിച്ചെടുക്കുന്ന യന്ത്രടാപ്പിങ്കത്തിയുടെ വര്‍ക്കിങ് മോഡല്‍, ബോര്‍ഡ് രൂപം കൊടുത്തിട്ടുള്ള വിദഗ്ധസമിതിക്കുമുന്നില്‍ നിശ്ചിതദിവസം പ്രവര്‍ത്തിപ്പിക്കണം. കമ്മിറ്റിയുടെ വിശദമായ പഠനങ്ങള്‍ക്കുശേഷം ഏറ്റവും മികച്ചതും വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ യോജിച്ചതുമായ മോഡല്‍ അവാര്‍ഡിനായി തിരഞ്ഞെടുക്കും. ഈ മോഡലിന്റെ തുടര്‍ന്നുള്ള വികസനത്തിന് ആവശ്യമായ മുഴുവന്‍ ചെലവും റബ്ബര്‍ ബോര്‍ഡ് വഹിക്കും.

പുതുതായി രൂപകല്പനചെയ്യുന്ന യന്ത്രവത്കൃത ടാപ്പിങ് കത്തിയുടെ വില സാധാരണക്കാര്‍ക്കിണങ്ങുന്നതായിരിക്കണമെന്നും റബ്ബര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. താത്പര്യമുള്ള കര്‍ഷകര്‍ വികസിപ്പിച്ചെടുത്ത മോഡലുകളും അതേക്കുറിച്ചുള്ള വിവരങ്ങളുമായി ആഗസ്ത് 21നുമുമ്പ് ഡയറക്ടര്‍, റബ്ബര്‍ ഗവേഷണകേന്ദ്രം, കോട്ടയം, 686009 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. ജയിംസ് ജേക്കബ്, ഡോ. കെ.യു.തോമസ്, പി.ആര്‍.ഒ. സതീഷ്ചന്ദ്രന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Stories in this Section