
മണ്ണാര്‍ക്കാട്: കാലുകള്‍ നാലെണ്ണമുണ്ടെങ്കിലും രണ്ടുകാലില്‍ നടക്കുന്ന ആട്ടിന്‍കുട്ടി നാട്ടുകാര്‍ക്ക് കൗതുകക്കാഴ്ചയായി.
കോട്ടോപ്പാടം പഞ്ചായത്തിലെ മൈലാമ്പാടത്തിന് സമീപംപൊതുവപ്പാടത്തെ ആദിവാസികോളനിയിലെ ഒലിപ്പാറ കരിമന്റെ ആട്ടിന്‍കുട്ടിക്കാണ് ഈ അപൂര്‍വത. കരിമന് സര്‍ക്കാരാണ് ആടുകളെ നല്‍കിയത്. ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബമാണ് കരിമന്റേത്. സര്‍ക്കാര്‍ നല്‍കിയ ആടുകളിലൊന്ന് ജന്മം നല്‍കിയ ആട്ടിന്‍കുട്ടിക്കാണ് ഈ സവിശേഷത.
പിന്‍കാലുകള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്‍കാലുകള്‍ രണ്ടും മാത്രം നിലത്തൂന്നിയാണ് ആട്ടിന്‍കുട്ടിയുടെ ഓട്ടം. മൂന്നുമാസംമുമ്പ് പിറന്നുവീഴുമ്പോള്‍ത്തന്നെ ആട്ടിന്‍കുട്ടിയുടെ പിന്‍കാലുകള്‍ക്ക് ശേഷിക്കുറവുണ്ടായിരുന്നതായി കരിമന്‍ പറഞ്ഞു. പിന്നീട്, പിന്‍കാലുകള്‍ ഉയര്‍ത്തിപ്പിടിച്ചുതന്നെ നടക്കാന്‍ തുടങ്ങി. മുലപ്പാല്‍ നുകരാനും ആട്ടിന്‍കുട്ടി രണ്ടുകാലില്‍ത്തന്നെയാണ് എത്തുന്നത്.