ഉടന്‍വാട്ടത്തിന് ജൈവനിയന്ത്രണം സാധ്യമോ?

Posted on: 26 May 2012


കുരുമുളകുകൊടിയുടെ ഉടന്‍ വാട്ടരോഗത്തിന് ജൈവനിയന്ത്രണം സാധ്യമാണോ?

ഹുസൈന്‍ഖാന്‍, കാപ്പിക്കാട്


തുടക്കത്തില്‍ത്തന്നെ ജൈവനിയന്ത്രണവിധികള്‍ സ്വീകരിച്ചാല്‍ ഉടന്‍ വാട്ടത്തിന് ഫലപ്രദമായ നിയന്ത്രണം ഉണ്ടാകും. ജൈവവളത്തോടൊപ്പം 'ട്രൈക്കോഡെര്‍മ' എന്ന കുമിള്‍ ഉപയോഗിക്കുകയാണിതില്‍ പ്രധാനം. ട്രൈക്കോഡെര്‍മ ചാണകപ്പൊടിയിലോ വേപ്പിന്‍പിണ്ണാക്കിലോ വിതറി വളര്‍ത്തിയിട്ട് ഓരോ കൊടിക്കും 3-5 കിലോവീതം മഴ തുടങ്ങുന്നതിനോടൊപ്പം ചുവട്ടിലെ മണ്ണില്‍ ചേര്‍ക്കണം. ഇത് ഉടന്‍ വാട്ടത്തിനിടയാക്കുന്ന കുമിളുകളോടുള്ള പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും കൊടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യും. മാത്രവുമല്ല ജൈവകുരുമുളകിന് ഇന്ന് അന്താരാഷ്ട്ര വിപണികളില്‍പ്പോലും വലിയ ഡിമാന്റാണ്.

വിപുംസീകരണം എന്ത്?

സ്‌കൂളില്‍ പ്രോജക്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ചോദ്യം. 'വിപുംസീകരണം' എന്നാല്‍ എന്താണ്? ഏത് കാര്‍ഷികവിളയിലാണിത് നടപ്പാക്കുന്നത്?

ഹര്‍ഷ എം.എസ്, പയ്യന്നൂര്‍

മാതൃവൃക്ഷമായി (അമ്മത്തെങ്ങ്) തിരഞ്ഞെടുക്കുന്ന തെങ്ങിന്റെ പൂങ്കുലയില്‍നിന്ന് ആണ്‍പൂക്കള്‍ നീക്കംചെയ്യുന്ന പ്രവൃത്തിയാണ് 'വിപുംസീകരണം' എന്ന സാങ്കേതികപദം കൊണ്ടര്‍ഥമാക്കുന്നത്. ഇംഗ്ലീഷില്‍ 'ഇമാസ്‌കുലേഷന്‍'. വീര്യം ശമിപ്പിക്കുക, നിര്‍ജീവമാക്കുക എന്നൊക്കെയാണിതിനര്‍ഥം. തെങ്ങിന് ഒരേ പൂങ്കുലയില്‍ തന്നെ ആണ്‍ പെണ്‍ പൂക്കളുണ്ടാവുമല്ലോ. പൂങ്കുലയില്‍ ഓരോ തിരിയുടെയും ചുവട്ടില്‍ പെണ്‍പൂക്കളും മുകളില്‍ ആണ്‍പൂക്കളുമാണ്. സങ്കരണം വഴി പുതിയ തെങ്ങിന്‍തൈകള്‍ ഉത്പാദിപ്പിക്കാന്‍ ആണ്‍പൂക്കളില്‍നിന്നു പരാഗം പ്രകൃത്യാ പെണ്‍പൂക്കളില്‍ വീഴാതെ നോക്കേണ്ടതുണ്ട്. ഇതിന് ആണ്‍പൂക്കള്‍ കൈകൊണ്ടുമാറ്റാം. അല്ലെങ്കില്‍ പെണ്‍പൂവിന് തൊട്ടുമുകളില്‍ 4-5 സെ.മീറ്ററോളം മുറിച്ചുമാറ്റുകയും ചെയ്യാം. തെങ്ങില്‍ വര്‍ഗസങ്കരണത്തിന്റെ ഭാഗമായാണ് 'വിപുംസീകരണം' ചെയ്യുന്നത്.

Stories in this Section