കാര്‍ഷിക സബ്‌സിഡി:നടത്തിപ്പിലെ സാങ്കേതികത്വത്തില്‍ കര്‍ഷകര്‍ക്ക് ആശങ്ക

Posted on: 24 May 2012


ചിറ്റൂര്‍: സുസ്ഥിര നെല്‍കൃഷിവികസന പദ്ധതിയുടെഭാഗമായി കാര്‍ഷികസബ്‌സിഡി കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കാനുള്ള സര്‍ക്കാര്‍നടപടി നെല്‍ക്കൃഷിക്ക് ഗുണകരമാകില്ലെന്ന് ആശങ്ക. കൃഷി യാരംഭിക്കുന്ന സമയത്ത് കര്‍ഷകര്‍ക്ക്‌ലഭിക്കേണ്ട വിത്ത്, വളം, കീടനാശിനി എന്നിവയ്ക്കുള്ള സബ്‌സിഡിത്തുക ലഭിക്കാന്‍ മാസങ്ങളോളം വൈകുന്നതാണ് കര്‍ഷകര്‍ക്ക് വിനയാകുന്നത്. സര്‍ക്കാര്‍നടപടികളിലെ സാങ്കേതികത്വംമൂലമാണിത്.

മുന്‍വര്‍ഷങ്ങളില്‍ ഏക്കറിന് 1,500 രൂപ നിരക്കില്‍ നല്‍കിയിരുന്ന സബ്‌സിഡി 5,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഒന്നാംവിളയ്ക്കും രണ്ടാംവിളയ്ക്കുമുള്ള വിത്ത്, വളം, കീടനാശിനി, ജൈവവളം, ഉത്പാദനബോണസ് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് സബ്‌സിഡിത്തുക പ്രഖ്യാപിച്ചത്. ഈ തുക കര്‍ഷകര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ വിതരണംചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞവര്‍ഷംവരെ പാടശേഖരസമിതികളും കര്‍ഷകക്കൂട്ടായ്മകളുമാണ് കര്‍ഷകര്‍ക്കുള്ള സബ്‌സിഡിവിതരണം ഏറ്റെടുത്ത് നടത്തിയിരുന്നത്. തുകവിതരണംസംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ട്‌വഴി നേരിട്ട് തുക വിതരണംചെയ്യാന്‍ തീരുമാനമുണ്ടായത്.

കാര്‍ഷികസബ്‌സിഡി നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടിലെത്തുന്നതിന് നടപടിക്രമങ്ങള്‍ ഏറെയാണ്. ആദ്യം വില്ലേജോഫീസില്‍നിന്ന് ഫോറം വാങ്ങി അക്ഷയകേന്ദ്രംവഴി അപേക്ഷ സമര്‍പ്പിച്ച് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം. കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായി അക്ഷയകേന്ദ്രത്തിലെ ഫീസായ 25 രൂപയ്ക്കുപുറമെ സ്റ്റാമ്പ് തുകയിനത്തില്‍ 5 രൂപ കൂടി വേണം. കൈവശാവകാശസര്‍ട്ടിഫിക്കറ്റ് വാങ്ങി കൃഷി ഓഫീസിലെത്തിച്ചാല്‍ കൃഷിഓഫീസര്‍ കര്‍ഷകന്റെ ഭൂമിയുടെ അളവും ബാങ്ക്അക്കൗണ്ട് നമ്പറും ഉള്‍പ്പെടുത്തി സമീപത്തുള്ള സഹകരണബാങ്കിലേക്ക് പെര്‍മിറ്റ് നല്‍കും.

ഒരേക്കര്‍ കൃഷിയുള്ള കര്‍ഷകന് 90 കിലോ ഫാക്ടംഫോസ്, 30 കിലോ പൊട്ടാഷ്, 40 കിലോ യൂറിയ എന്നീ അളവിലാണ് പെര്‍മിറ്റ്. സഹകരണബാങ്കുകള്‍ 50 കിലോവീതമുള്ള ചാക്കുകളായി മാത്രമേ വളം വില്‍ക്കുന്നുള്ളൂ. ഇക്കാരണംകൊണ്ട് 40 കിലോ ആവശ്യമുള്ള കര്‍ഷകരും 50 കിലോ ആവശ്യമുള്ള കര്‍ഷകരും 50 കിലോയുടെ ചാക്ക് വളം വാങ്ങേണ്ടിവരുന്നു. സബ്‌സിഡി മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുന്നതിനാല്‍ ബാങ്കില്‍ വളം വാങ്ങാനെത്തുന്ന കര്‍ഷകര്‍ അപ്പോള്‍ത്തന്നെ വളത്തിന്റെ മുഴുവന്‍ വിലയുംനല്‍കേണ്ടതായും വരും.

ബാങ്കില്‍നിന്ന് വളംവാങ്ങിയ ബില്ലുമായി കര്‍ഷകന്‍ വീണ്ടും കൃഷി ഓഫീസിലെത്തി സബ്‌സിഡിക്ക് അപേക്ഷ നല്‍കണം. ഇത് ഒരുമിച്ച് കൃഷി അസി. ഡയറക്ടര്‍ ഓഫീസിലേക്കയയ്ക്കും. കൃഷി അസി. ഡയറക്ടര്‍ പരിധിയിലുള്ള കൃഷിഭവനുകളിലെ സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കി ജില്ലാ കൃഷി ഓഫീസിലേക്കും ജില്ലാ കൃഷി ഓഫീസ് ഇത് സംസ്ഥാന കൃഷിഡയറക്ടര്‍ ഓഫീസിലേക്കും അയച്ച് അംഗീകാരം നേടണം. അനുമതി ലഭിച്ച തുക തിരിച്ച് കൃഷി ഓഫീസിലെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണമെന്നാണ് നിര്‍ദേശം. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ മാസങ്ങള്‍തന്നെ വേണ്ടിവരും. ഇതുമൂലം ഒന്നാംവിള വിളവെടുപ്പ് കഴിഞ്ഞാലും കര്‍ഷകര്‍ക്ക് സബ്‌സിഡി ആനുകൂല്യം ലഭിക്കാത്ത സ്ഥിതിയുണ്ടാവുമെന്ന് പരുത്തിക്കാവ് പാടശേഖരസമിതി സെക്രട്ടറി ടി.എ.വിശ്വനാഥന്‍ പറയുന്നു.

കീടനാശിനി, വളം, വിത്ത് തുടങ്ങിയവയ്ക്ക് 50 ശതമാനം സബ്‌സിഡിയാണ് അനുവദിച്ചുവരുന്നത്. സബ്‌സിഡിയില്ലാതെ അരലിറ്റര്‍ കളനാശിനിക്ക് 600 രൂപവരെ വിപണിയില്‍ വിലയുണ്ട്. വളത്തിന്റെയും വിത്തിന്റെയും ഭാരിച്ചവില വേറെയും. സബ്‌സിഡി ആനുകൂല്യമില്ലാതെ കര്‍ഷകര്‍ ഇവ നേരിട്ടുവാങ്ങി കൃഷി നടത്തേണ്ട നിലവിലുള്ള സാഹചര്യത്തില്‍ ചെറുകിട നെല്‍കര്‍ഷകര്‍ക്ക് കൃഷിചെയ്യാനാവാത്ത സ്ഥിതിയുണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു.

നെല്‍കര്‍ഷകര്‍ക്ക് സബ്‌സിഡിത്തുക ലഭ്യമാവാനുള്ള കാലതാമസം സംബന്ധിച്ച് കര്‍ഷകരുയര്‍ത്തുന്ന ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രശ്‌നത്തില്‍ വൈകാതെ ഉചിതമായ തീരുമാനമുണ്ടാകുമെന്നും സംസ്ഥാന കൃഷി ഡയറക്ടര്‍ ഓഫീസ് അധികൃതര്‍ പറയുന്നു.


Stories in this Section