നാളികേര വികസന ബോര്‍ഡും ട്രിനിഡാഡുമായി കരാറിലെത്തി
Posted on: 18 May 2012
കൊച്ചി: കേന്ദ്ര സര്‍ക്കാരും റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയും തമ്മില്‍ ടുബാഗോയിലെ കേര വ്യവസായത്തിന്റെ വികസനത്തിനായി സാങ്കേതിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചു. സര്‍ക്കാരിനു വേണ്ടി നാളികേര വികസന ബോര്‍ഡും റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയ്ക്കു വേണ്ടി സെന്‍റ് പാട്രിക് കോക്കനട്ട് ഗ്രോവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
സെന്‍റ് പാട്രിക് കോക്കനട്ട് ഗ്രോവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ പ്രണേഷ് മഹാരാജ് നാളികേള വികസന ബോര്‍ഡ് കൊച്ചി ഓഫീസ് സന്ദര്‍ശിച്ച് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ് കേര വ്യവസായത്തിന്റെ വര്‍ത്തമാന സ്ഥിതിയും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു.
ധാരണാപത്ര പ്രകാരം ട്രിനിഡാഡില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ 10,000 ഏക്കറിലധികം തെങ്ങുകൃഷി വ്യാപിപ്പിക്കേണ്ടതുണ്ട്. ഇതിനായി 2013 മുതല്‍ 6 ലക്ഷം വിത്തുതേങ്ങകള്‍ നാളികേര വികസന ബോര്‍ഡ് കയറ്റി അയയ്ക്കും.
മെയ് 27 വരെ നീളുന്ന സന്ദര്‍ശന വേളയില്‍ പ്രണേഷ് മഹാരാജ് ബോര്‍ഡിന്റെ വാഴക്കുളത്തുള്ള ടെക്‌നോളജി ഡെവലപ്‌മെന്‍റ് സെന്‍റര്‍, തൃശ്ശൂരിലെ സൂര്യശോഭ കോക്കനട്ട് മില്‍ക്ക് പൗഡര്‍ യൂണിറ്റ്, കോഴിക്കോട്ടുള്ള സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി, കാഞ്ഞങ്ങാട്ടുള്ള വിറ്റല്‍ അഗ്രോ ഇന്‍ഡസ്ട്രീസ്, കാസര്‍കോട്ടുുള്ള കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, കര്‍ണാടക-ആന്ധ്ര സംസ്ഥാനങ്ങളിലെ പ്രധാന കേരോത്പന്ന നിര്‍മാണ യൂണിറ്റുകള്‍ എന്നിവ സന്ദര്‍ശിക്കും.
സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയിലെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ ഹൈക്കമ്മീഷണര്‍ സി. ചന്ദ്രദത്ത് കേന്ദ്ര കൃഷിമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി എ.കെ. ഠാക്കൂറുമായി ചര്‍ച്ച നടത്തിയിരുന്നു.