മുട്ടക്കോഴികള്‍ മട്ടുപ്പാവില്‍

Posted on: 17 May 2012



നാടന്‍ കോഴിമുട്ട കഴിക്കാനായി കോഴിയെ വളര്‍ത്തണമെന്നാഗ്രഹമുണ്ടായിട്ടും സ്ഥലമില്ലാത്തതിനാല്‍ അതു നടക്കാത്തവര്‍ ഇനി വിഷമിക്കേണ്ട. ടെറസില്‍ മൂന്നടി സ്ഥലത്ത് ഒരു വീട്ടിലേക്കാവശ്യമായ കോഴിമുട്ടയ്ക്കുള്ള കോഴികളെ വളര്‍ത്താനാകുന്ന പുത്തന്‍ കൂടുമായി കേരള വെറ്ററിനറി കോളേജ് രംഗത്ത്. വെള്ളം കുടിക്കാന്‍ ടാപ്പും തീറ്റയിട്ടുകൊടുക്കാന്‍ സംവിധാനവും മുട്ട പൊട്ടാതെ വന്നുശേഖരിക്കാനുള്ള സ്ഥലവുമെല്ലാമുള്ള കൂട് വി.ഐ.പികളെ അടക്കം ലക്ഷ്യമിട്ടാണ് രംഗത്തിറക്കിയിട്ടുള്ളത്.

കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ ഐശ്വര്യ കോഴി വളര്‍ത്തല്‍ പദ്ധതിയിലൂടെയാണ് മുട്ടക്കോഴികള്‍ നഗരങ്ങളിലെ മാളികപ്പുറത്തേറുന്നത്.വര്‍ദ്ധിച്ചുവരുന്ന ജനപ്പെരുപ്പം നഗരവത്ക്കരണവും അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലിന് പ്രതിസന്ധിയാകുന്നതിനു പരിഹാരവുമായാണ് സര്‍വ്വകലാശാല ഈ പദ്ധതിക്കു രൂപം നല്‍കിയത്. കഴിഞ്ഞ വര്‍ഷം എറണാകുളം മരട് മൊത്തവ്യാപാര വിപണിയില്‍ വെച്ച് സംസ്ഥാന മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും നഗരജനങ്ങള്‍ക്കായി സമ്മാനിച്ച പദ്ധതിയാണ് ഇപ്പോള്‍ വിതരണ ഘട്ടത്തിലെത്തി നില്‍ക്കുന്നത്. ഒരു യൂണിറ്റ് 3500 രൂപയാണ് ഈടാക്കുന്നത്.

വീട്ടിലേക്കാവശ്യമായ മുട്ടകള്‍ വീട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഐശ്വര്യ പദ്ധതിക്കു രൂപം നല്‍കിയിരിക്കുന്നത്. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് ഉത്പാദനക്ഷമത കൂടിയ അഞ്ച് അതുല്യകോഴികളെ (വര്‍ഷം 303 മുട്ടകള്‍) മട്ടുപ്പാവിലും സ്ഥാപിക്കാവുന്ന കമ്പിവല കൂടുകളിലാണ് നല്‍കുന്നത്. കുട്ടകളില്‍ വെള്ളം നല്‍കുന്നതിനുള്ള ഓട്ടോമാറ്റിക് നിപ്പിള്‍ സംവിധാനം, തീറ്റ പാത്രം, വൃത്തിയുള്ള മുട്ടകള്‍ സൗകര്യപ്രദമായി ശേഖരിക്കാനുതകുന്ന എഗ്ഗ്‌ട്രേ, മുട്ടകളും തീറ്റയും കാക്കകളും മറ്റുപക്ഷികളും മോഷ്ടിക്കുന്നതു തടയുന്നതിനായുള്ള സുരക്ഷാ കവചം സ്റ്റാന്റ് എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ കാഷ്ഠത്തിന്റെ ദുര്‍ഗന്ധം അകറ്റുന്നതിനുള്ള അസിഡി ഫയര്‍ സ്‌പ്രേ, 10 കിലോ തീറ്റ പദ്ധതിയുടെ കൈപ്പുസ്തകം എന്നിവയും നല്‍കും.

ടെറസില്‍ സ്ഥാപിക്കാവുന്ന കമ്പിവലയും ഇരുമ്പുകമ്പികളും കൊണ്ട് നിര്‍മിച്ച മൂന്നടിയോളം വലുപ്പമുള്ളതാണ് കൂട്. അഞ്ച് കോഴികള്‍ക്ക് നില്‍ക്കാനിടമുള്ള കൂടിന് മുകളില്‍ ഇവയ്ക്കാവശ്യമായ വെള്ളം ശേഖരിക്കാനുള്ള വാട്ടര്‍ ടാങ്കുണ്ട്. ടാങ്കില്‍നിന്ന് പൈപ്പ് കണക്ഷനിട്ട് കോഴികള്‍ നില്‍ക്കുന്നതിന് മുകളിലായി മൂന്ന് ടാപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നു. ചെറിയ ഈ ടാപ്പുകളില്‍ എപ്പോഴും വെള്ളം വന്നുനില്‍ക്കുന്നുണ്ടാകും. വെള്ളം ആവശ്യമുള്ളപ്പോള്‍ കൊക്ക് ഒന്ന് ഇതില്‍ മുട്ടിക്കുകയേ കോഴിക്കാവശ്യമുള്ളൂ. വെള്ളം യഥേഷ്ടം വായിലെത്തും. തൊഴുത്തില്‍ നില്‍ക്കുന്ന പശു പുല്ലൂറ്റിയില്‍നിന്ന് തീറ്റയെടുക്കുന്നതു പോലെ ഇതില്‍നിന്ന് കോഴികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തീറ്റ തിന്നാം. കോഴികളുടെ കാഷ്ഠം ശേഖരിക്കാനായി കൂടിന് താഴെ നല്ല ഷീറ്റ് വിരിച്ചിട്ടുണ്ട്. ഇതില്‍ വീഴുന്ന കാഷ്ഠം ഈ ഷീറ്റോടെ കൊണ്ടു പോയി ചെടികളുടെ കടയിലോ മറ്റോ കളയുക മാത്രമാണ് വേണ്ടത്. കോഴികളിടുന്ന മുട്ടകള്‍ കൂട്ടില്‍ നിന്ന് മെല്ലെ ഉരുണ്ടുവന്ന് തീറ്റയിട്ടിരിക്കുന്നതിനടിയിലായി സജ്ജീകരിച്ചിട്ടുള്ള സ്ഥലത്ത് വന്നുകിടക്കും. മുന്നില്‍ തൂക്കിയിട്ടിട്ടുള്ള വല ചെറുതായൊന്ന് പൊക്കിയാല്‍ മുട്ട നമുക്ക് സ്വന്തം.

ടെറസില്‍ സ്ഥാപിക്കുന്നതിനാല്‍ പറമ്പില്‍ നടന്ന് കൃഷി നശിപ്പിക്കുമെന്ന ഭയമില്ലാത്തതും പദ്ധതിയുടെ പ്രത്യേകതയാണ്. കൂടിനകത്തേക്ക് യഥേഷ്ടം കാറ്റും വെളിച്ചവും കടക്കുന്നതിനാല്‍ ചൂടിന്റ പ്രശ്‌നവുമുണ്ടാവില്ല. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 9446096855, 04872370117 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ഡോ.ബി.അജിത് ബാബു
പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍



Stories in this Section