റബ്ബര്‍പാല്‍ നേര്‍പ്പിക്കാന്‍ വെള്ളം ചേര്‍ക്കാം; അലക്കുകാരം വേണ്ട

Posted on: 14 May 2012പുനലൂര്‍: മികച്ച ഷീറ്റ് ലഭിക്കാന്‍ റബ്ബര്‍പാല്‍ ആവശ്യാനുസരണം വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക എന്നത് ഏറ്റവും പ്രധാനം. എന്നാല്‍ പാല്‍ തരിച്ചുപോകാതിരിക്കാന്‍ അലക്കുകാരം ചേര്‍ക്കുന്ന സ്ഥിരംപതിവ് ഉപേക്ഷിക്കണം. റബ്ബര്‍ കര്‍ഷകര്‍ക്കുള്ള റബ്ബര്‍ ബോര്‍ഡിന്റെ ഉപദേശമാണിത്.

ആഗോളവത്കരണത്തിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനായി മികച്ച ഗ്രേഡ് ഷീറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ കര്‍ഷകരെ സജ്ജരാക്കുന്നതിന് റബ്ബര്‍ ബോര്‍ഡ് ആരംഭിച്ചിട്ടുള്ള തീവ്രപ്രചാരണ പരിപാടിക്ക് ജില്ലയിലും തുടക്കമായി. റീജണല്‍ ഓഫീസുകളും റബ്ബര്‍ ഉത്പാദന സംഘങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന ക്ലാസ്സുകളില്‍, വൃത്തിയും ഗുണമേന്മയുമുള്ള റബ്ബര്‍ ഷീറ്റുകളുണ്ടാക്കുന്നതിന് ഇത്തരം പൊടിക്കൈകള്‍ കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കുകയാണ് ബോര്‍ഡ്.

പാല്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന ചിരട്ട, ബക്കറ്റ്, ജാര്‍ തടുങ്ങിയവ വളരെ വൃത്തിയായി സൂക്ഷിക്കണമെന്ന് ബോര്‍ഡ് ഓര്‍മ്മപ്പെടുത്തുന്നു.
പാലില്‍ അലക്കുകാരം ചേര്‍ക്കുന്നതിന് പകരം സോഡിയം സള്‍ഫേറ്റ് എന്ന രാസവസ്തു 10 ലിറ്റര്‍ പാലിന് അഞ്ച് ഗ്രാം എന്ന തോതില്‍ അല്പം വെള്ളത്തില്‍ ലയിപ്പിച്ച് ചേര്‍ക്കാം.

പിന്നീട് 10 മെഷ് അരിപ്പയിലും തുടര്‍ന്ന് 20 അല്ലെങ്കില്‍ 40 മെഷ് അരിപ്പയിലും പാല്‍ അരിച്ചെടുക്കണം. നേര്‍പ്പിക്കാന്‍ കൊഴുപ്പു കുറഞ്ഞ പാലിന് തുല്യ അളവിലും സാമാന്യം കൊഴുപ്പുള്ള പാലിന് ഒന്നരയിരട്ടിയും കൊഴുപ്പ് കൂടിയ പാലിന് രണ്ടിരട്ടിയും വെള്ളം ചേര്‍ക്കാം.

ഉറ കൂട്ടാന്‍ ഒരു ശതമാനം വീര്യമുള്ള ഫോര്‍മിക് ആസിഡാണ് ഉത്തമം. ഉറ കൂടാന്‍ മൂന്ന് മണിക്കൂര്‍ സമയമെങ്കിലും അനുവദിക്കണം. ഷീറ്റുകള്‍ പിറ്റേദിവസം അടിച്ചെടുക്കുന്നതാണ് നല്ലത്. ഗ്രൂവ് ഉള്ള റോളറുകളുടെ ഇടയകലം വളരെ കുറച്ചുവച്ചുവേണം ഷീറ്റടിക്കാന്‍. വെള്ളം വലിഞ്ഞശേഷം ഷീറ്റുകള്‍ പുകപ്പുരയിലിട്ടുണക്കണം. നല്ലവണ്ണം ഉണങ്ങിയ ഷീറ്റുകള്‍ പൂര്‍ണ്ണമായും സുതാര്യമാണെങ്കില്‍ സംശയിക്കേണ്ട, ഉഗ്രന്‍ ഗ്രേഡ് ഷീറ്റുകള്‍ തയ്യാര്‍.

ഇന്ത്യയുടെ റബ്ബര്‍ ഉത്പാദനമേഖലയ്ക്ക് ചൈനയും വിയറ്റ്‌നാമും അടക്കമുള്ള രാജ്യങ്ങള്‍ ഭീഷണി ഉയര്‍ത്തുമ്പോള്‍ നമ്മുടെ കര്‍ഷകര്‍ ഏറ്റവും മികച്ച ഗ്രേഡ് ഷീറ്റുകള്‍ ഉത്പാദിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പുനലൂരില്‍ നടന്ന മേഖലാതല പ്രചാരണ പരിപാടിയില്‍ വിഷയം അവതരിപ്പിച്ച ഡെപ്യൂട്ടി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ കെ.ജി. സുധീര്‍ ബാബു ചൂണ്ടിക്കാട്ടി.

ഇതേസമയം ടാപ്പിങ് തൊഴിലാളികളുടെ ലഭ്യതക്കുറവ് റബ്ബര്‍ ഉത്പാദനമേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത റബ്ബര്‍ ബോര്‍ഡ് അംഗവും മുന്‍ വൈസ്‌ചെയര്‍മാനുമായ ഭാരതീപുരം ശശി ചൂണ്ടിക്കാട്ടി.

ടാപ്പിങ്ങിന് ന്യായമായ കൂലി നല്‍കുക, ടാപ്പിങ്ങിനോടൊപ്പം തൊഴിലാളികള്‍ക്ക് മറ്റെന്തെങ്കിലും തൊഴില്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഇടപെട്ട് സംവിധാനമൊരുക്കുക, ടാപ്പിങ്ങില്‍ യന്ത്രവത്കരണം നടപ്പാക്കുക എന്നിവയിലൂടെ പ്രതിസന്ധി പരിഹരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.Stories in this Section