പ്രിസിഷന്‍ഫാമിങ് കണ്ണൂരിലും

Posted on: 14 May 2012

പ്ലാത്തോട്ടം മാത്യു



പുതിയ മേച്ചില്‍ പുറങ്ങളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിയവരാണ് എന്നും കുടിയേറ്റക്കാര്‍. കുടിയേറ്റക്കാരുടെ ജീവിതവിജയവും പുതിയ പരീക്ഷണങ്ങള്‍ക്കുള്ള ആത്മവിശ്വാസമായിരുന്നു. പാലായില്‍ നിന്ന് കുടിയേറിയ കുടുംബത്തിലെ പുതിയ തലമുറക്കാരനായ ഒരു ഗണിതാധ്യാപകന്‍ തന്റെ മുന്‍ഗാമികളുടെ ഉപജീവനമാര്‍ഗമായിരുന്ന കൃഷിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ്. അധികമാരും പരിചയിച്ചിട്ടില്ലാത്ത പ്രിസിഷന്‍ ഫാമിങ് എന്ന കൃഷി രീതിയിലാണ് കുടിയാന്മലയിലെ ടോമി വെമ്പാല എന്ന അധ്യാപകന്‍ വിജയം കൊയ്യുന്നത്. നാട്ടുകാര്‍ക്ക് ഒരുപക്ഷേ പ്രിസിഷന്‍ഫാമിങ് എന്ന നൂതന കൃഷിരീതി ഹൈടെക് കൃഷിയായി തോന്നിയേക്കാം.

രോഗബാധമൂലം തെങ്ങുകള്‍ നശിച്ച ഭൂമി മറ്റുകൃഷികള്‍ ഒന്നും ചെയ്യാതെ കിടന്നു. ഈ 25 സെന്റ് സ്ഥലത്താണ് ടോമി പ്രിസിഷന്‍ ഫാമിങ് തുടങ്ങിയത്. ഇരുമ്പ് മേല്‍ക്കൂര ഉണ്ടാക്കി പോളിഹൗസ് നിര്‍മിച്ചാണ് സലാഡ് കുക്കുംബര്‍ (കക്കിരി ) കൃഷിചെയ്തത്.

പോളണ്ടില്‍ നിന്നുള്ള സങ്കരയിനം വിത്തായ ഹില്‍ടണ്‍ എഎഫ് വണ്‍ ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. തമിഴ് നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നാണ് വിത്ത് വാങ്ങിയത്. 2000 വിത്തിന് 8400 രൂപ. ഒരു ചെടിയില്‍ നിന്ന് 90 ദിവസം കൊണ്ട് 10 കിലോഗ്രാം കുക്കുംബര്‍ കിട്ടുമെന്നാണ് കണക്കാക്കുന്നത്.

കൃഷിയ്ക്കായി മണ്ണിന്റെ പി. എച്ച് മൂല്യം ചെന്നൈയിലെ ലാബില്‍ പരിശോധിപ്പിച്ചു. ഇതിനുശേഷം ഒരടി ഉയരത്തില്‍ മണ്ണൊരുക്കി. അതില്‍ ഉമിയും വേപ്പിന്‍ പിണ്ണാക്കും ട്രെക്കോഡര്‍ മിസോ ബാക്ടീരിയയും ചേര്‍ത്ത് ശുദ്ധീകരിച്ചശേഷമാണ് വിത്ത് നട്ടത്. ദിവസം 10 മിനിട്ട് വീതം ചെടികള്‍ക്ക് വെള്ളം നനയ്ക്കും. ചൂടുകാലാവസ്ഥയില്‍ പോളിഹൗസ് മേല്‍ക്കൂരയില്‍ സ്ഥാപിച്ചിട്ടുള്ള പമ്പിലൂടെ നിയന്ത്രിതമായ അളവില്‍ വെള്ളം ചിതറിക്കും.

ഇന്‍ഫ്രാറെഡ് കിരണങ്ങളെ കടത്തിവിടുകയും അല്‍ട്രാവയലറ്റ് കിരണങ്ങളെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്ന പോളിത്തീന്‍ ഷീറ്റുകള്‍ കൊണ്ടു നിര്‍മിച്ചിട്ടുള്ള പോളിഹൗസ് സദാ നിരീക്ഷണവിധേയമാണ്. കൃത്യസമയത്ത് കൃത്യമായ അളവില്‍ ചെടികള്‍ക്ക് ജൈവ മൂലകങ്ങള്‍ നല്‍കുന്നത് വഴിയാണ് മികച്ച ഉത്പാദനം നടക്കുന്നത്.

ഇസ്രായേലില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സൂക്ഷ്മ സസ്യ മൂലകങ്ങളാണ് വളമായി ഉപയോഗിക്കുന്നത്. ഇവ പമ്പിലൂടെ ഒഴുകുന്ന വെള്ളത്തില്‍ കലര്‍ത്തിയാണ് ചെടിയുടെ ചുവട്ടില്‍ എത്തിക്കുന്നത്. അതിസൂക്ഷ്മ രോഗാണുക്കള്‍ പോലും ബാധിക്കാതെയാണ് കൃഷി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പോളിഹൗസിനുള്ളിലേക്ക് പുറമെ നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല. പോളിഹൗസില്‍ പ്രവേശിക്കുന്നവരുടെ കൈകാലുകളില്‍ രോഗാണുക്കള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമേ അകത്ത് കടക്കാവൂ.

ഇതിനായി അണുനാശിനി ഉപയോഗിച്ച് കൈകാലുകള്‍ വൃത്തിയാക്കണം. അണുനാശിനി കലര്‍ത്തിയ വെള്ളത്തില്‍ കൂടി നടന്നുവേണം ഹൗസിനുള്ളിലേക്ക് കയറാന്‍. കീടനാശിനികള്‍ കൃഷിയ്ക്ക് ഉപയോഗിക്കുന്നേയില്ല. വിത്തുനട്ടാല്‍ 34 ദിവസം കൊണ്ട് കായുണ്ടാകും. പുഷ്പിച്ച് 10-ാം നാള്‍ കായ പറിക്കാം. എല്ലാ ന്യൂട്രീഷന്‍സും ശരിയായ അനുപാതത്തില്‍ ഈ കുക്കുംബറുകളില്‍ അടങ്ങിയിട്ടുണ്ടെന്ന് ടോമി പറയുന്നു. വിപണിയില്‍ 100 രൂപയോളം സലാഡ് കുക്കുംബറിന് വിലവരും. കേരളത്തില്‍ ഇതിന്റെ വിപണി കാര്യമായി ഇല്ല.

10 ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് കൃഷി ചെയ്യുന്നത്. ഈടുകൊടുക്കാനുണ്ടായിട്ടും പല ബാങ്കുകാരും വായ്പ നല്‍കാന്‍ തയാറായില്ല. ഒടുവില്‍ കാത്തലിക് സിറിയന്‍ ബാങ്കാണ് വായ്പ നല്‍കിയത്.

' പുതിയതായി കാര്‍ഷിക മേഖലയിലേക്ക് കടന്നുവരുന്ന യുവതലമുറയ്ക്ക് കൃഷി വിജയകരമായി ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ടോമി പറയുന്നു. ശാസ്ത്രത്തിന്റെ പ്രായോഗിക തലത്തിലുള്ള വിജയമാണ് ഈ കൃഷിയുടെ പ്രത്യേകത. കുടിയാന്മലയിലെ പ്രിസിഷന്‍ ഫാമിലെ ഓരോ ചലനവും തിരുവനന്തപുരത്തിരിക്കുന്ന അഗ്രോണമിസ്റ്റ്, കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെ കണ്ടുകൊണ്ടിരിക്കുന്നു. നിരന്തരമായി ഇമെയിലിലൂടെ ബന്ധപ്പെടുന്നു. ഓരോദിവസത്തെയും വളര്‍ച്ചയും പ്രശ്‌നങ്ങളും ഓണ്‍ലൈന്‍ ക്യാമറയിലൂടെ കാണുന്നു. അവിടെ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൃഷികാര്യങ്ങള്‍ ചെയ്യുന്നത്. '

1986-ലാണ് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്ന ടോമി 25 വര്‍ഷത്തെ സേവനത്തിനുശേഷം കഴിഞ്ഞവര്‍ഷം കടുമേനി സെന്റ് മേരീസ് എച്ച്. എസ്. എസിലേക്ക് മാറി. 49 കാരനായ ടോമിയുടെ മൂത്തമകന്‍ ആഷിന്‍ കുര്യന്‍ ടോം ചെന്നൈയില്‍ സി. എ വിദ്യാര്‍ഥിയാണ്. മറ്റൊരു മകന്‍ അലന്‍ തോമസ് ടോം തലശേരി അതിരൂപതയില്‍ വൈദിക വിദ്യാര്‍ഥിയാണ്. ടോമി വെമ്പാലയുടെ ഫോണ്‍: 9447458862.

കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉത്പാദനം


മണ്ണ് ആവശ്യമില്ലാതെ കൃഷിചെയ്യാന്‍ കഴിയുമോ?. ഒരു തരി വളമോ ഒരു തുള്ളി വെള്ളമോ പോലും പാഴാക്കാതെ കൃഷി ചെയ്യാന്‍ കഴിയുമോ? സംശയിക്കേണ്ട, കഴിയും എന്നു തന്നെയാണ് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം. അങ്ങനെ ഒരു തുള്ളി വെള്ളവും ഒരുതരി വളവും നഷ്ടപ്പെടുത്താതെയുള്ള കൃഷി രീതിയാണ് പ്രിസിഷന്‍ ഫാമിങ് . കുറച്ച് ചിലവ് കൂടുതല്‍ ഉത്പാദനം അതാണ് പ്രിസിഷന്‍ ഫാമിങ്ങിന്റെ തത്വം. കഴിഞ്ഞ 10 വര്‍ഷത്തിനിപ്പുറം ഇന്ത്യയിലേക്ക് കുടിയേറിയ ഈ കൃഷി രീതി കേരളത്തിലെ വിവിധ പ്രദേശങ്ങള്‍ പിന്നിട്ട് കണ്ണൂരിന്റെ മണ്ണിലും എത്തിയിരിക്കുകയാണ്.

വിളകള്‍ക്ക് ആവശ്യമായത് എന്താണോ ( വെള്ളം, വളം, ചൂട് മുതലായവ ) അത് ആവശ്യമായ അളവില്‍ ആവശ്യമായ സമയത്ത് നല്‍കുക എന്നതാണ് പ്രിസിഷന്‍ ഫാമിങ്ങിന്റെ അടിസ്ഥാനതത്വം. ഇതിനായി പൂര്‍ണതോതിലുള്ള യന്ത്രവല്‍കൃത സംവിധാനം ഒരുക്കണം.
ഉദാഹരണത്തിന് ചെടിക്ക് ജലം ആവശ്യമായി വരുന്നത് ചിലപ്പോള്‍ ചൂട് കൂടുന്നതിനാലായിരിക്കും. ചെടി നില്‍ക്കുന്ന പ്രതലത്തില്‍ ചൂടുകൂടുന്നത് തിരിച്ചറിയാന്‍ സംവേദന ശേഷിയുള്ള ഉപകരണങ്ങള്‍ ( സെന്‍സറുകള്‍ ) ഘടിപ്പിച്ചിട്ടുണ്ടാകും. ഈ ഉപകരണങ്ങള്‍ പ്രതലത്തിലെ ചൂടുകൂടുന്നതിന്റെ വിവരം കൃഷിയുടെ വിവരങ്ങള്‍ നിയന്ത്രിക്കുന്ന കേന്ദ്രീകൃത കമ്പ്യൂട്ടറിലേക്ക് നല്‍കും. ഈ വിവരം ലഭ്യമാകുന്നതോടെ കമ്പ്യൂട്ടറില്‍ വിവരകൈമാറ്റം നടക്കുകയും ഈ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്ന, വെള്ളം പമ്പ് ചെയ്യുന്ന സംവിധാനം ആവശ്യമായത്ര ജലം മാത്രം ചെടികള്‍ക്ക് നല്‍കുകയും ചെയ്യും. വളം ആവശ്യമാണെങ്കിലും ഇതേരീതിയില്‍ സെന്‍സറുകള്‍ തന്നെയാണ് വിവരം നല്‍കുന്നത്. കാലാവസ്ഥയിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞാണ് കൃഷിചെയ്യുന്നത്. മാറ്റങ്ങള്‍ കണ്ടെത്താനും അവ വിശകലനം ചെയ്ത് വിവരങ്ങള്‍ കൈമാറാനും യന്ത്രവത്കരണം സഹായിക്കുന്നു.

കടുത്തജലക്ഷാമമാണ് പലരാജ്യങ്ങളും ഇന്ന് കാര്‍ഷിക മേഖലയില്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. സാധാരണകൃഷി രീതിയില്‍ നല്ല വിളവ് ലഭിക്കാന്‍ വന്‍തോതില്‍ ജലം ആവശ്യമാണ്. ജലദൗര്‍ലഭ്യം കൃഷിക്ക് ഭീഷണിയായിത്തുടങ്ങിയതോടെയാണ് പരമാവധി കുറവ് ജലം ഉപയോഗിച്ച് എങ്ങനെ കൃഷിചെയ്യാം എന്ന ചിന്തയുണ്ടായത്. ഈ ചിന്തയുടെ ഫലമാണ് പ്രിസിഷന്‍ ഫാമിങ് എന്നുവേണം പറയാന്‍.

1980-കളില്‍ അമേരിക്കയിലാണ് ഈ കൃഷിരീതിആദ്യമായി പ്രയോഗത്തില്‍ വന്നത്. 1985-ല്‍ മിനസോട്ട സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ രീതിയിലുള്ള കൃഷിയെക്കുറിച്ചുള്ള ആശയം മുന്നോട്ടുവയ്ക്കുന്നതെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. പിന്നീട് പല രാജ്യങ്ങളിലേക്കും വേഗത്തില്‍ പടര്‍ന്നു. ഇന്ത്യയില്‍ ഈ രീതിയിലുള്ള കൃഷി തുടങ്ങുന്നത് 2003-04 വര്‍ഷങ്ങളിലാണെന്ന് പവനൂരിലെ പ്രിസിഷന്‍ ഫാമിങ് ഡെവലപ്‌മെന്റ് സെന്ററിലെ അസോസിയേറ്റ് പ്രൊഫസര്‍ അനുവര്‍ഗീസ് പറയുന്നു.

മൈക്രോ ഇറിഗേഷന്‍, ഗ്രീന്‍ഹൗസ്, പ്ലാസ്റ്റിക് പൊതിയിടല്‍ തുടങ്ങിയവയാണ് ഈ കൃഷിരീതിയിലുള്ളത്.
ഡ്രിപ്പുകള്‍ ഉപയോഗിക്കുന്ന മൈക്രോ ഇറിഗേഷന്‍ രീതി വികസിപ്പിച്ചെടുത്തത് ഇസ്രായേലിലാണ്. ഈ പദ്ധതി തന്നെയാണ് ഒട്ടുമിക്ക രാജ്യങ്ങളിലും പിന്തുടരുന്നത്. മേല്‍ പറഞ്ഞ രീതിയില്‍ ചെടികള്‍ക്ക് ചൂടുകൂടുന്നത് കുറയ്ക്കാന്‍ വളരെ ചെറിയ രീതിയില്‍ വെള്ളം സ്‌പ്രേ ചെയ്യുന്നതും മറ്റും മൈക്രോ ഇറിഗേഷന്റെ ഭാഗമാണ്.

പ്രിസിഷന്‍ ഫാമിങ് രണ്ടുതരത്തിലാണ് ചെയ്യുന്നത്. തുറസായ സ്ഥലത്തും പ്രത്യേകമായി തയ്യാറാക്കിയ ഗ്രീന്‍ഹൗസിലും ഈ രീതിയില്‍ കൃഷിചെയ്യുന്നുണ്ട്. തമിഴ്‌നാട്ടിലാണ് തുറസായ സ്ഥലത്ത് ഈ കൃഷിരീതി ഇപ്പോള്‍ നടക്കുന്നത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും പൊതുവെ ഗ്രീന്‍ഹൗസ് അഥവാ പോളിഹൗസ് കൃഷിരീതിയാണ് കൂടുതലായുള്ളത്. തമിഴ്‌നാട്ടില്‍ വന്‍തോതില്‍ പച്ചക്കറി ഉത്പാദനം നടത്തുന്നതിനായി ഈ രീതിയെ അവര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റേതായി ഒരു പ്രിസിഷന്‍ ഫാമിങ് പദ്ധതി തന്നെയുണ്ട്. മഴ വളരെ കുറവ് കിട്ടുന്നതുകൊണ്ടാണ് ഈ പദ്ധതിക്ക് അവര്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത്.

പ്രത്യേകസ്വഭാവത്തില്‍ വളരുന്ന കുട്ടികളെ കൂട്ടില്‍ അടച്ചു വളര്‍ത്തുന്ന രീതിക്ക് തുല്യമാണ് പോളിഹൗസിലെ പ്രിസിഷന്‍ ഫാമിങ് . പോളിത്തീന്‍ഷീറ്റുകള്‍ മേഞ്ഞ മേല്‍ക്കൂരയോടുകൂടിയ പൂര്‍ണമായി മറച്ചുകെട്ടിയതാണ് പോളിഹൗസ്. വിവിധ അളവുകളിലുള്ള പോളിഹൗസുകള്‍ നിലവിലുണ്ട്. ഒരു യൂണിറ്റ് എന്ന തരത്തില്‍ 1000 സക്വയര്‍ മീറ്ററിലാണ് ( 25 സെന്റ് ) ഇത് തയാറാക്കുന്നത്. ഇരുമ്പ് പൈപ്പുകളും മറ്റും ഉപയോഗിച്ച് നിര്‍മിക്കുന്ന ഈ പോളിഹൗസിന്റെ സ്ട്രക്ചര്‍ കുറഞ്ഞത് 15 വര്‍ഷമെങ്കിലും നിലനില്‍ക്കുന്നതായിരിക്കും. നാലുവര്‍ഷം കൂടുമ്പോള്‍ മേല്‍ക്കൂരയിലെ പോളിത്തീന്‍ ഷീറ്റുകള്‍ മാറ്റിയിടണം. അല്‍ട്രാവയലറ്റ് രശ്മികളെ തടയുന്നതിനും ഇന്‍ഫ്രാറെഡ് കിരണങ്ങളെ കടത്തിവിടുന്നതിനും കഴിവുള്ളതിനാലാണ് പോളിത്തീന്‍ ഷീറ്റുകള്‍ ഉപയോഗിക്കുന്നത്. ഒരു സ്‌ക്വയര്‍ മീറ്ററിന് ശരാശരി 900 മുതല്‍ 1000 രൂപ വരെയാണ് ചിലവ് വരുന്നത്. പോളിഹൗസിന്റെ മേല്‍ക്കൂരയിലാണ് വെള്ളം ചിതറിക്കുന്നതിനും മറ്റുമുള്ള ചെറിയ പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ഈ പെപ്പുകളെയും വളമായി ഉപയോഗിക്കുന്ന സസ്യമൂലകങ്ങളെ കടത്തിവിടുന്ന പൈപ്പുകളെയുമെല്ലാം ഒരു കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ബന്ധിപ്പിച്ചിരിക്കുകയാണ്. 1000 സ്‌ക്വയര്‍ മീറ്ററാണ് ഒരു യൂണിറ്റെങ്കിലും 50 -ഉം 100-ഉം സ്‌ക്വയര്‍ മീറ്ററില്‍ പരീക്ഷണാര്‍ഥം ചെയ്യുന്നവരുമുണ്ട്. എന്നാല്‍ ചെറിയ അളവില്‍ ചെയ്യുന്നത് സാമ്പത്തികമായി മെച്ചമുണ്ടാക്കില്ല.

പ്രിസിഷന്‍ഫാമിങ് മണ്ണ് ഇല്ലാതെയും ചെയ്യാന്‍ കഴിയും. ചകിരിച്ചോര്‍ പോലെയുള്ള വസ്തുക്കളാണ് ഇതിന് ഉപയോഗിക്കുക. വളവും വെള്ളവും എത്ര അളവില്‍ വേണമെന്ന് തിരിച്ചറിഞ്ഞ് നല്‍കാന്‍ സെന്‍സറുകള്‍ ഉള്ളതിനാലാണ് ഇത് സാധ്യമാകുന്നത്. ഇന്ത്യയില്‍ ഈ രീതിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നില്ല. പൂനെയിലും മറ്റും പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണ് ഇത് ചെയ്യുന്നത്.
കേരളത്തിനു പുറത്ത് കര്‍ണാടകയിലും പോളിഹൗസ് കൃഷിയാണ്. അവിടെ റോസയും മറ്റും പൂക്കളുമാണ് പ്രിസിഷന്‍ ഫാമിങ് രീതിയിലൂടെ ഉത്പാദിപ്പിക്കുന്നത്.

കേരളത്തില്‍ പാലക്കാട്ടെ പെരുമാട്ടി പഞ്ചായത്തിലാണ് ഈ രീതി തുടക്കം കുറിക്കുന്നത്. പിന്നീട് മലപ്പുറം, കല്‍പറ്റ, തൃശ്ശൂര്‍, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലും ഈ രീതി പലരും സ്വീകരിച്ചു തുടങ്ങി. പവനൂരിലെ പ്രിസിഷന്‍ ഫാമിങ് ഡെവലപ്‌മെന്റ് സെന്റര്‍, തൃശൂരിലെ മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവിടങ്ങളില്‍ പ്രിസിഷന്‍ ഫാമിങ്ങിനെക്കുറിച്ച് പരിശീലനം നല്‍കുന്നുണ്ട്.

രജീഷ് പി. രഘുനാഥ്



Stories in this Section