ഗ്രാമ്പൂ വിളയും വേളിമല

Posted on: 12 May 2012

എം.പി. അയ്യപ്പദാസ്‌
കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം കൊട്ടാരപാതയിലൂടെ അഞ്ചുകിലോമീറ്റര്‍ അകലെ വടക്കോട്ട് പോയാല്‍ വേളിമലയിലെത്താം. റോഡില്‍ നിന്നും ഉണ്ടക്കല്ലുകള്‍ നിറഞ്ഞ ചെങ്കുത്തായ സ്ഥലം ഒരു മണിക്കൂര്‍ നടന്നാല്‍ വേളിമലയിലെ കയ്യാലക്കുഴി ഗ്രാമ്പൂ തോട്ടത്തിലെത്താം. അഞ്ചര ചതുരശ്രമൈല്‍ സ്ഥലത്ത് ഗ്രാമ്പൂ കൃഷി ഉള്ളതായിട്ടാണ് തമിഴ്‌നാട് കൃഷി വകുപ്പിന്റെ കണക്ക്. എട്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട് ഇവിടത്തെ ഗ്രാമ്പൂ കൃഷിക്ക്. കൃഷിവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ജയിംസിന്റെ കുടുംബവകയാണ് ഈ നാല്പതേക്കര്‍ ഗ്രാമ്പൂ തോട്ടം. മുത്തച്ഛന്‍ ആന്റണിയും പിതാവ് മൈക്കിളുമാണ് ഈ തോട്ടം രൂപപ്പെടുത്തിയെടുത്തത്. ആദ്യം മരച്ചീനിയും അതുകഴിഞ്ഞ് റബ്ബറും പരീക്ഷിച്ചെങ്കിലും കാട്ടുമൃഗങ്ങളുടെ ശല്യംകൊണ്ട് പ്രതീക്ഷിച്ച പാല്‍ കിട്ടാത്തതുകൊണ്ടുമാണ് റബ്ബര്‍ മാറ്റി ഗ്രാമ്പൂ കൃഷി തുടങ്ങിയത്.

മിര്‍ട്ടേസിയ കുടുംബത്തില്‍ പെട്ടതാണ് ഗ്രാമ്പൂ. നൂറ് വര്‍ഷത്തിന് മേല്‍വരെ നിലനില്‍ക്കും. ആദായവും കിട്ടും. മുന്തിയ മരങ്ങളുടെ വിത്ത് ശേഖരിച്ചാണ് തൈകള്‍ ഉണ്ടാക്കുന്നത്. താഴെ വീഴുന്നവയെയും പാകമായവയും പറിച്ച ഉടന്‍ തന്നെ വെള്ളത്തിലിട്ട് തൊലി കളഞ്ഞ് കാലതാമസം വരാതെ പുതയിട്ട് ക്രമമായി നനച്ചാല്‍ മൂന്നാഴ്ചകൊണ്ട് കിളിര്‍ക്കും. നാലില പ്രായമാകുമ്പോള്‍ ഇളക്കി പോളി ബാഗുകളിലാക്കി തണലില്‍ സൂക്ഷിച്ച് മഴക്കാല ആരംഭത്തില്‍ നടാം.

തൈകള്‍ നടാന്‍ മുന്‍കൂട്ടി കുഴികളെടുക്കണം. ചെടികള്‍ തമ്മില്‍ 25 അടി അകലവും കുഴികള്‍ക്ക് ഒന്നരയടി ചതുരവും ആഴവും വേണം. ഒരേക്കറില്‍ 80 മുതല്‍ 100 വരെ ചെടി നടാം. മേല്‍മണ്ണിനോടൊപ്പം 10 കിലോ ചാണകപ്പൊടിയും ഓരോ കിലോ വീതം വേപ്പിന്‍ പിണ്ണാക്കും, എള്ളിന്‍പിണ്ണാക്കും എല്ലുപൊടിയും ചേര്‍ത്ത് കുഴി മൂടി മഴക്കാലം തുടങ്ങുമ്പോള്‍ നട്ട് തണലും നല്‍കണം. വര്‍ഷംതോറും ഓരോ കിലോ വീതം വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും നല്‍കി കളമെടുക്കാം. ചെറുശാഖകളാല്‍ അധികം പടരാതെ വളരുന്ന ഗ്രാമ്പൂ മരം 30 അടിയോളം ഉയരം വെക്കും. ഇവിടെ മൂന്നാം വര്‍ഷം മുതല്‍ പൂവിട്ടു തുടങ്ങുമെന്ന് ജെയിംസ് പറഞ്ഞു. ആദ്യം 150 മുതല്‍ 300 ഗ്രാം വരെയും തുടര്‍ന്ന് വളരുംതോറും വിളവ് കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. സപ്തംബറില്‍ പൂക്കുന്ന മരം ജനവരി ഫിബ്രവരി മാസങ്ങളില്‍ പറിക്കാം.

പൂര്‍ണവളര്‍ച്ചയെത്തിയ ഒരു മരത്തില്‍നിന്നും 100 -150 കിലോ പച്ച പൂമൊട്ടുകള്‍ ലഭിക്കുമെന്ന് ഇവിടത്തെ കര്‍ഷകര്‍ പറഞ്ഞു. ഇവ ഉണക്കിയാല്‍ മൂന്നിലൊന്നായി കുറയും. ചെറു ചില്ലകളുടെ അഗ്രഭാഗത്ത് കൊത്തുകളായിട്ടാണ് ഇവ പൂക്കുന്നത്. ആദ്യം ഇളം പച്ച നിറത്തിലുള്ളവ. പാകമാകുമ്പോള്‍ ഞെട്ടു മുതല്‍ അഗ്രം വരെ പിങ്ക് നിറമായിത്തീരും. ഇതാണ് പറിക്കാന്‍ പറ്റിയ സമയം. മൂക്കാത്ത മൊട്ടിനും വിടര്‍ന്നവയ്ക്കും വില കിട്ടുകയില്ല. അതുകൊണ്ടുതന്നെ വിളവെടുപ്പ് ശ്രമകരമാണ്. ഏണിചാരി ചില്ലകള്‍ വളച്ച് മൊട്ടുകള്‍ പറിക്കും. രണ്ടു മൂന്ന് തവണകളായി ഒരു മരത്തില്‍നിന്ന് മുഴുവനായും പറിച്ചെടുക്കാം. പറിച്ച ഉടന്‍ ഞെട്ടുകള്‍ മാറ്റി സിമന്റ് കളങ്ങളില്‍ നിരത്തി പലതവണ ഇളക്കി നാല് ദിവസത്തോളം ഉണക്കിപാറ്റിയ ശേഷം തുണിസഞ്ചികളിലോ പ്ലാസ്റ്റിക് ലെയറുള്ള ചാക്കുകളിലോ നിറച്ച് ഈര്‍പ്പം തട്ടാതെ സൂക്ഷിച്ച് വില്‍ക്കുന്നു. സംഭരണത്തിന് സര്‍ക്കാര്‍ ഏജന്‍സികള്‍ ഇല്ലാത്തത് പോരായ്മയായി ഇവിടത്തെ കര്‍ഷകര്‍ പറയുന്നു.

ഒരു മരത്തിന് വര്‍ഷം 3,000 രൂപ ചെലവായാലും അറ്റാദായമായി ആയിരം രൂപ ലഭിക്കുമെന്ന് ജയിംസ് പറഞ്ഞു.
ഉണങ്ങിയ ഇലയ്ക്ക് കിലോക്ക് പത്ത് രൂപ വില കിട്ടും. ഇവ വാറ്റിക്കിട്ടുന്ന തൈലം, ഔഷധങ്ങള്‍, സൗന്ദര്യവര്‍ധകസാധനങ്ങള്‍, ടൂത്ത് പേസ്റ്റ് എന്നിവയ്ക്കായി ഉപയോഗിക്കാം. കൊമ്പുണക്കല്‍, ഇലപ്പുള്ളി രോഗം, എന്നിവ വരാതിരിക്കാന്‍ മഴക്കാലത്തിനുമുമ്പ് പത്ത് ശതമാനം വീര്യത്തില്‍ ബോര്‍ഡോമിശ്രിതം തളിക്കും.

തോട്ടത്തില്‍ അതിരുകളിലും ഇടഭാഗങ്ങളിലുമുള്ള തെങ്ങ്, കമുക്, കുരുമുളക്, മാങ്കോസ്റ്റിന്‍, നാരകം എന്നിവയില്‍നിന്നും ആദായം ലഭിക്കുന്നുണ്ട്. വിവരങ്ങള്‍ക്ക്: 9446655777.Stories in this Section