കുമ്പളങ്ങി പൊക്കാളിപ്പാടത്തെ കാരച്ചെമ്മീന്‍ ജര്‍മനിയിലേക്ക്‌

Posted on: 11 May 2012കുമ്പളങ്ങി: കുമ്പളങ്ങിയിലെ പൊക്കാളിപ്പാടത്ത് ജൈവരീതിയില്‍ ഉത്പാദിപ്പിച്ച കാരച്ചെമ്മീന്‍ ജര്‍മനിയിലേക്ക്.ജര്‍മനിയില്‍ നിന്നെത്തിയ സായ്പുമാരുടേയും എം.പി.ഇ.ഡി.എയുടേയും മേല്‍നോട്ടത്തില്‍ കുമ്പളങ്ങിയിലെ കര്‍ഷകനായ സി.വി. മാത്യുവിന്റെ പാടത്താണ് ശാസ്ത്രീയമായ രീതിയില്‍ നാടന്‍ കാരച്ചെമ്മീന്‍ ഉത്പാദിപ്പിച്ചത്. ജില്ലയില്‍ തികച്ചും ജൈവരീതിയില്‍ ഓരുവെള്ളത്തില്‍ കാരച്ചെമ്മീന്‍ കൃഷിചെയ്ത് വിളവെടുക്കുന്നത് ആദ്യമാണെന്ന് എം.പി.ഇ.ഡി.എ. അസി. ഡയറക്ടര്‍ പി.എന്‍. വിനോദ് പറഞ്ഞു.

കൊല്ലത്തെ ഒരു ഹാച്ചറിയിലാണ് ജൈവരീതിയില്‍ കാരക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചത്. ജര്‍മനിയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇവിടേയും പരിശോധനകള്‍ നടത്തി. ചെമ്മീനുകള്‍ക്ക് വേണ്ട തീറ്റ കൊണ്ടുവന്നത് ആന്ധ്രപ്രദേശില്‍ നിന്നാണ്. ജര്‍മന്‍കമ്പനിയുടെ സഹകരണത്തോടെ ആന്ധ്രപ്രദേശിലെ ഫാക്ടറിയില്‍ ഉത്പാദിപ്പിച്ച തീറ്റയാണ് കുമ്പളങ്ങിയില്‍ പരീക്ഷിച്ചത്.

വാബ് ട്രേഡിങ് ഇന്റര്‍നാഷണല്‍ എന്ന ജര്‍മന്‍ കമ്പനിയാണ് കുമ്പളങ്ങിയിലെ കാരച്ചെമ്മീന്‍കൃഷിക്ക് മേല്‍നോട്ടംവഹിച്ചത്. കുമ്പളങ്ങിയില മൂന്ന് ഏക്കര്‍ പാടത്ത് 25,000 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. 80 ദിവസം പ്രായമായ ചെമ്മീന് 30-35 ഗ്രാം ഭാരമുണ്ട്. ഇവ തോപ്പുംപടിയിലെ ഒരു സംസ്‌കരണകേന്ദ്രത്തില്‍ സംസ്‌കരിച്ച് ജര്‍മനിയിലേക്ക് അയയ്ക്കും.

കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കല്‍ മുതല്‍ കൊയ്ത്തുവരെ എം.പി.ഇ.ഡി.എ. ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ജര്‍മന്‍കമ്പനിയും ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. ജൈവരീതിയില്‍ ഉത്പാദനം നടന്നാല്‍ ചെമ്മീന് രോഗബാധ ഉണ്ടാവില്ല. രുചിയേറും. മാത്രമല്ല, പൊക്കാളിപ്പാടം കൂടുതല്‍ ഫലഭൂയിഷ്ഠമാകും. വൈറസ് ആക്രമണം പൂര്‍ണമായും ഒഴിവാകും. എല്ലാത്തിനുമുപരി വിദേശത്ത് ഇവയ്ക്ക് നല്ല വിലയും ലഭിക്കും. ജൈവകൃഷിക്ക് എം.പി.ഇ.ഡി.എ. 50 ശതമാനം സബ്‌സിഡിയും നല്‍കുന്നുണ്ട്.

കീടങ്ങളെ ഒഴിവാക്കുന്നതിന് 'നീര്‍വാള പ്രയോഗം' പോലെയുള്ള നാടന്‍രീതികളാണ് ഉപയോഗിച്ചത്.
കേരളത്തില്‍ മൊത്തം 43.38 ഹെക്ടര്‍ പാടത്ത് ജര്‍മന്‍ കമ്പനിയും എം.പി.ഇ.ഡി.എ.യും സഹകരിച്ച് ഈ രീതിയില്‍ കൃഷിചെയ്തു. ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാണിത്. എറണാകുളം ജില്ലയില്‍ കുമ്പളങ്ങിയില്‍ മാത്രമാണ് കൃഷി.

കുമ്പളങ്ങിയിലെ പാടത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു വിളവെടുപ്പ്. പഞ്ചായത്തംഗം ടോജി കോച്ചേരി, കുമ്പളങ്ങി മോഡല്‍ ടൂറിസം സൊസൈറ്റി പ്രസിഡന്റ് എം.പി. ശിവദത്തന്‍, സെക്രട്ടറി ഷാജി കുറുപ്പശ്ശേരി, എം.പി.ഇ.ഡി.എ. ഉദ്യോഗസ്ഥരായ പി.എന്‍. വിനോദ്, റെജി മാത്യു, എന്‍.ജി. ബിജു എന്നിവരും പങ്കെടുത്തു.


Stories in this Section