നീലേശ്വരം: അന്യസംസ്ഥാനത്തും വിദേശത്തും നിന്നെത്തുന്ന തണ്ണിമത്തന്‍ വിപണിയില്‍ വന്നു കവിയുമ്പോള്‍ നാടന്‍ തണ്ണിമത്തന്‍ കൃഷിയില്‍ വിജയഗാഥ രചിച്ച് നീലേശ്വരം തൈക്കടപ്പുറത്തെ ഇ.ശശിധരന്‍. മുപ്പതില്‍ കണ്ടത്തിലെ 30 സെന്റില്‍ ഇദ്ദേഹം നടത്തിയ തണ്ണിമത്തന്‍കൃഷി നാലുവര്‍ഷം പിന്നിടുകയാണ്. ജൈവ വളം മാത്രം ഉപയോഗിച്ച് വിളയിച്ചെടുത്ത തണ്ണിമത്തന്റെ രുചിയറിഞ്ഞ് പാടത്തേക്ക് ആവശ്യക്കാര്‍ തേടിയെത്തുകയാണ്.
റെക്കോഡ് വിളവാണ് ഇക്കുറിയെന്ന് ശശിധരന്‍ പറയുന്നു. പത്ത് കിലോയോളം വലിപ്പമുള്ള തണ്ണിമത്തന്‍ ഈ വര്‍ഷം കിട്ടിയിരുന്നു. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് തണ്ണിമത്തന്‍ കൃഷിയുടെ കാലം. മത്സ്യവളം, ചാണകം, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയവയാണ് വളം. പത്ത് ദിവസം വരെ യാതൊരു കേടുംകൂടാതെ തണ്ണിമത്തന്‍ സൂക്ഷിക്കാന്‍ കഴിയും.
കൃഷിയിലെ അനുഭവസമ്പത്തും വായിച്ചറിവുമാണ് പുതിയ കൃഷി ആരംഭിക്കാന്‍ ശശിധരനെ പ്രേരിപ്പിച്ചത്. സ്ഥിരം കൃഷിയില്‍നിന്ന് വ്യത്യസ്തമായ കണ്ടെത്തല്‍ സാമ്പത്തിക ലാഭം മാത്രമല്ല പുതിയ അറിവും തരുമെന്ന് ഇദ്ദേഹം പറയുന്നു. പുലര്‍ച്ചെ അഞ്ചരമുതല്‍ ഏഴര വരെയും വൈകുന്നേരം ആറുമുതല്‍ ഏഴുവരെയും ഇദ്ദേഹം തണ്ണിമത്തന്‍ പാടത്താണ്.
യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് പെയിന്റിങ് നടത്തുന്ന കരാറുകാരനും കൂടിയാണ്. പെയിന്റിങ് ജോലി തന്റെ കീഴിലുള്ളവരെ ഏല്പിച്ചാണ് കൃഷിയില്‍ ഏര്‍പ്പെടുന്നത്. ശശിധരന്റെ കൃഷിയിടത്തില്‍ തണ്ണിമത്തന്‍ മാത്രമല്ല 50 സെന്റില്‍ മധുരക്കിഴങ്ങും, 20 സെന്റില്‍ വിവിധ ഇനം പച്ചക്കറിയും ഉണ്ട്. പശുവളര്‍ത്തലും ശുദ്ധജല മത്സ്യ കൃഷിയും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്. തണ്ണിമത്തന്‍ കൃഷിയെക്കുറിച്ച് പഠിക്കാന്‍ കാര്‍ഷികകോളേജ് വിദ്യാര്‍ഥികളും എത്താറുണ്ട്. ശശിധരന്റെ വിജയത്തിന് പിന്നില്‍ ഭാര്യ ശ്രീനയുടെയും സഹോദരിമാരായ രാധയുടെയും കാര്‍ത്ത്യായനിയുടെയും സഹായങ്ങളുമുണ്ട്. ശശിധരന്റെ ഫോണ്‍: 9895212290.