വീട്ടില്‍ വളര്‍ത്താം വാളമര

Posted on: 28 Apr 2012

രേഷ്മരാജു, കൃഷി ഓഫീസര്‍, പള്ളിക്കര, കാസര്‍കോട്‌




നമ്മുടെ കാലാവസ്ഥയ്ക്കനുയോജ്യമായതും നിര്‍ഭാഗ്യവശാല്‍ ഇവിടെ അധികം പ്രചാരം സിദ്ധിച്ചിട്ടില്ലാത്തതുമായ പയര്‍വര്‍ഗവിളയാണ് വാളമര അഥവാ വാളരിപ്പയര്‍, കായ്കള്‍ക്ക് വാള്‍ത്തലപ്പിനോടുള്ള സാമ്യം തന്നെയാണ് ഈ പേരിന് പിന്നില്‍.

ഫാബേസിയേ കുടുംബത്തിലെ അംഗമാണ് ഈ സസ്യം. പടര്‍ന്നു വളരുന്നതും കുറ്റിച്ചെടിയായി നില്‍ക്കുന്നതുമായ രണ്ടിനങ്ങളുണ്ട്. പടരുന്ന ഇനത്തിന് വെളുത്ത പൂക്കളും വലിപ്പമുള്ള ചുവന്ന വിത്തുകളുമാണ്. എന്നാല്‍ കുറ്റിയിനത്തിന് പിങ്ക് പൂക്കളും താരതമ്യേന വലിപ്പം കുറഞ്ഞ വെളുത്ത വിത്തുകളുമാണ്. ഇവ 'സോര്‍ഡ് ബീന്‍' എന്നും 'ജാക്ക് ബീന്‍' എന്നുമാണ് അറിയപ്പെടുന്നത്.

ഇളമൂപ്പെത്തിയ കായ്കള്‍ സ്വാദിഷ്ഠമായ തോരന്‍ ഉണ്ടാക്കാന്‍ പറ്റിയവയാണ്. വളരെ നല്ല ഒരു ആവരണവിളയാണ് ജാക്ക്ബീന്‍. അല്പസ്വല്പം വരള്‍ച്ചയെ അതിജീവിക്കാനുള്ള കഴിവും ഇതിനുണ്ട്. അമ്ലത്വം കൂടിയ മണ്ണും ലവണാംശമുള്ള മണ്ണും ഇതിന് വലിയ പ്രശ്‌നമല്ല. ചെടി കാലിത്തീറ്റയായും ഉപയോഗിക്കാം. മെയ്-ജൂണ്‍, സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ വിത്തു നടാം. 60 സെ.മീ. അകലത്തില്‍ (പടരുന്ന ഇനമാണെങ്കില്‍ ഒരു മീറ്റര്‍) തയ്യാറാക്കിയ വാരങ്ങളില്‍ ചാണകമോ കമ്പോസ്റ്റോ അടിവളമായി ചേര്‍ത്ത് 60 സെ.മീ. അകലത്തില്‍ വിത്തുകള്‍ പാകാം. ഏകദേശം ഒന്നര മാസമാകുമ്പോള്‍ ചെടി പുഷ്പിക്കും. ഈ സമയത്തും വളം ചേര്‍ത്തു കൊടുക്കാം. ജൈവരീതിയിലുള്ള പരിപാലനമുറകള്‍ മാത്രം മതിയാകും ഈ ചെടിക്ക്. നടുന്ന സമയത്ത് ട്രൈക്കോഡര്‍മ മണ്ണില്‍ ചേര്‍ത്ത് കൊടുക്കുന്നതും സ്യൂഡോമൊണാസ് വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കുന്നതും രോഗപ്രതിരോധത്തിനുത്തമം. പുകയില കഷായം, വേപ്പെണ്ണ ഇമല്‍ഷന്‍ തുടങ്ങിയ ജൈവകീടനാശിനികള്‍ കീടങ്ങളെയും അകറ്റും. സാധാരണ രീതിയില്‍ കീടരോഗബാധയൊന്നുംതന്നെ ഈ ചെടിയില്‍ ഉണ്ടാകാറില്ല. ഒരു ചുവട് കുറ്റിയിനത്തില്‍ നിന്നും രണ്ടു കിലോയോളം കായ്കള്‍ ലഭിക്കും. പച്ചക്കറിത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒരു ആദായവിളയാണ് വാളമരയെന്നതില്‍ തര്‍ക്കമേയില്ല.




Stories in this Section