മണ്ണുസാമ്പിള്‍ എങ്ങനെ എടുക്കണം?

Posted on: 28 Apr 2012

സുരേഷ് മുതുകുളം



?തെങ്ങിന്‍ തോട്ടത്തില്‍നിന്ന് മണ്ണു പരിശോധനയ്ക്കുള്ള മണ്ണ് എങ്ങനെയാണ് എടുക്കേണ്ടത്.

ടി.കുഞ്ഞിക്കണ്ണന്‍, കുഞ്ഞിത്തൈ

=തെങ്ങിന്‍ തടിയില്‍നിന്ന് ഒരു മീറ്റര്‍ മാറി അര സെ.മീറ്റര്‍ ആഴത്തില്‍ മൂന്നുസ്ഥലത്തുനിന്ന് മണ്ണ് സാമ്പിള്‍ എടുക്കണം. ഇതിന് മണ്ണ് സാമ്പിളിങ് ട്യൂബ് അഥവാ 'സോയില്‍ ഓഗര്‍' എന്ന ഉപകരണമാണ് ഉപയോഗിക്കുന്നത്. ഈ സാമ്പിളുകള്‍ കൂട്ടിക്കലര്‍ത്തി തൂക്കം നാലിലൊന്നാക്കി ഏകദേശം 200 ഗ്രാം ആക്കുക. സാമ്പിളുകള്‍ തണലില്‍ ഉണക്കുക. മണ്ണിലുള്ള കല്ല് 2 എം.എം. മെഷ് വലിപ്പമുള്ള അരിപ്പയില്‍ അരിച്ചുനീക്കുക. കൃത്യമായി ലേബല്‍ ചെയ്തു കര്‍ഷകന്റെ പേര്, മേല്‍വിലാസം, പ്ലോട്ട് നമ്പര്‍, മരത്തിന്റെ നമ്പര്‍ എന്നിവയുള്‍പ്പെടുത്തി സാമ്പിള്‍ തൊട്ടടുത്ത മണ്ണുപരിശോധനാ ലാബില്‍ എത്തിക്കുക. ഒരു ഹെക്ടര്‍ സ്ഥലത്തുനിന്ന് ഇത്തരത്തിലുള്ള വൈവിധ്യമുള്ള അഞ്ച് സാമ്പിളുകള്‍ വരെ എടുത്തു പരിശോധനയ്ക്ക് നല്‍കാം.

കറിവേപ്പില്‍ പ്രാണി നിയന്ത്രണം എങ്ങനെ?

പ്രേമ ഉഷ, ഏറ്റുമാനൂര്‍

?പുരയിടത്തില്‍ മൂന്നു കറിവേപ്പു മരങ്ങളുണ്ട്. ഇവയില്‍ ഈയടുത്തിടെ ഒരു തരം ചാട്ടക്കാരന്‍ പ്രാണിയെ കാണുന്നു. ഇലകള്‍ ചുരുളുന്നു, പൊഴിയുന്നു, കൊമ്പുകളും ഉണങ്ങുന്നു. എങ്ങനെ നിയന്ത്രിക്കാം.

=കറിവേപ്പിന് ഏറ്റവുമധികം ഉപദ്രവം ചെയ്യുന്ന 'ജമ്പിങ് പ്ലാന്റ് ലൈസ്' ആണ് ഈ പ്രാണി. പ്രാണി കുത്തിയ ഇലകളും ശിഖരങ്ങളും നശിപ്പിക്കുക, വിളക്കുകെണി, മഞ്ഞക്കെണി എന്നിവ നാട്ടി പ്രാണികളെ നശിപ്പിക്കുക, ചാണകം കരിച്ചത് ചെടിയില്‍ വിതറുക, വേപ്പിന്‍കുരു മിശ്രിതം തളിക്കുക, മീനെണ്ണ-സോപ്പ് മിശ്രിതം വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കുക എന്നീ സൗഹൃദകീടനിയന്ത്രണ വിധികള്‍ സ്വീകരിക്കുകവഴി ചാട്ടക്കാരന്‍ പ്രാണിയെ നിയന്ത്രിക്കാം. അകറ്റാം; നശിപ്പിക്കുകയും ചെയ്യാം.



Stories in this Section