കൊമ്പനോട് കൊമ്പുകോര്‍ക്കാം

Posted on: 28 Apr 2012

വീണാറാണി ആര്‍, കൃഷി ഓഫീസര്‍, കിനാനൂര്‍, കരിന്തളംനിങ്ങളുടെ തോട്ടത്തിലെ തെങ്ങോലകള്‍ 'ഢ' ആകൃതിയില്‍ മുറിച്ചെടുത്ത രീതിയിലുള്ളതാണോ? എങ്കില്‍ കരുതിയിരിക്കുക. ഒറ്റക്കൊമ്പുള്ള കൊമ്പന്‍ചെല്ലിയുടെ ആക്രമണം തെങ്ങിന്‍തോട്ടത്തില്‍ തുടങ്ങിക്കഴിഞ്ഞു. തുടക്കത്തില്‍ പ്രശ്‌നമൊന്നും പുറമേക്ക് തോന്നിക്കില്ലെങ്കിലും നന്നായി പരിപാലിച്ചില്ലെങ്കില്‍ ഭാവിയില്‍ തെങ്ങിന്റെ ചരമക്കുറിപ്പെഴുതേണ്ട ഗതികേട് വരാം.

തെങ്ങിന്റെ നാമ്പോലകളില്‍ തുളച്ചുകയറി മൃദുലകോശങ്ങളില്‍നിന്നും നീരൂറ്റിക്കുടിക്കുന്നതാണ് പൂര്‍ണ വളര്‍ച്ചയെത്തിയ ചെല്ലിയുടെ പ്രധാന വിനോദം. ആക്രമണവിധേയമായ നാമ്പോല വിരിയുമ്പോഴാണ് ഓലക്കാലുകള്‍ മുറിഞ്ഞുകിടക്കുന്നത് കാണുക. കൂമ്പിന് അടിവശത്ത് ചകിരിനാരുപോലെ സസ്യാവശിഷ്ടങ്ങള്‍ കട്ടിയായി ദ്വാരത്തിന് പുറത്തു കാണുന്നതും ആക്രമണലക്ഷണംതന്നെ. പൂങ്കുല തുരന്ന് നശിപ്പിക്കാനും കൊമ്പന്‍ചെല്ലിക്ക് മടിയില്ല. തെങ്ങിന്റെ വില്ലനായ ചെല്ലിയെ സമയത്ത് നിയന്ത്രിച്ചില്ലെങ്കില്‍ കൂമ്പുചീയല്‍ രോഗത്തിനുള്ള സാധ്യതയും കൂടും.

തോട്ടം വൃത്തിയായി സൂക്ഷിക്കുന്നതാണ് വണ്ടിന്റെ വംശവര്‍ധന തടയുന്നതിനുള്ള പ്രധാന മാര്‍ഗം. കൊമ്പന്‍ചെല്ലി മുട്ടയിട്ട് പെരുകുന്ന വളക്കുഴികളില്‍ കുമ്മായപ്പൊടി വിതറുകയും വളക്കുഴിയുടെ ചുവരുകളില്‍ ചാണകം മെഴുകുകയും വേണം. പെരുവലത്തിന്റെ പൂവും ഇലയും അടക്കം വെട്ടി ചാണകക്കുഴിയില്‍ നിക്ഷേപിക്കുന്നതും ചെല്ലിയുടെ വളര്‍ച്ചനിരക്ക് കുറയ്ക്കും. പെരുവലച്ചെടിയും ചാണകവും 1:10 എന്ന അനുപാതത്തില്‍ കലര്‍ത്തി തെങ്ങിന്‍തൈ തടത്തില്‍ ചേര്‍ത്തുകൊടുക്കുന്നത് കൊമ്പന്‍ചെല്ലിയെ പ്രതിരോധിക്കും.

ആവണക്കിന്‍ പിണ്ണാക്കും കടലപ്പിണ്ണാക്കും വെള്ളം ചേര്‍ത്തു തിളപ്പിച്ചാല്‍ കൊമ്പന്‍ചെല്ലിക്കുള്ള ആകര്‍ഷണമിശ്രിതമായി. ഈ മിശ്രിതം മണ്‍കുടത്തിലാക്കി വെളിച്ചമുള്ള സ്ഥലത്ത് വെച്ച് വണ്ടുകളെ ആകര്‍ഷിക്കാം. മിശ്രിതത്തില്‍ വീഴുന്ന വണ്ടുകളെ ശേഖരിച്ച് നശിപ്പിക്കുന്നതും ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. കാല്‍കിലോഗ്രാം വേപ്പിന്‍പിണ്ണാക്കും മണലും ചേര്‍ത്ത മിശ്രിതം വര്‍ഷത്തില്‍ രണ്ടു തവണ ഓലക്കവിളില്‍ നിറയ്ക്കാം.

ബാക്കുലോ വൈറസ് ഒറിക്ടസ് ബാധിച്ച ചെല്ലികളെ ഒരു ഹെക്ടര്‍ തെങ്ങിന്‍തോട്ടത്തിലേക്ക് 15 എണ്ണം വിട്ട് കീടാക്രമണം നിയന്ത്രിക്കാം. രോഗബാധയുള്ള ചെല്ലിയുടെ വിസര്‍ജ്യത്തില്‍ കൂടി വൈറസ് ചുറ്റുപാടും പരക്കുന്നു. ഇത് മറ്റു ചെല്ലികളിലും പുഴുക്കളിലും രോഗസംക്രമണത്തിന് ഇടയാക്കുകയും ചെല്ലിയുടെ വംശവര്‍ധന തടയുകയും ചെയ്യും. കൊമ്പന്‍ചെല്ലികളിലെ പ്രത്യുത്പാദനശേഷി 90 ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവെന്നതാണ് ബാക്കുലോ വൈറസിനെ ജൈവകീടനിയന്ത്രണത്തിലെ താരമാക്കുന്നത്.

വൈറസ് മാത്രമല്ല കുമിളുകളും കൊമ്പന്‍ചെല്ലിയുടെ നിയന്ത്രണത്തിനായി പ്രയോഗിക്കാം. ഉണക്കിയ കപ്പ കഷണങ്ങളും തവിടും കലര്‍ത്തിയ മിശ്രിതത്തിലോ തേങ്ങാവെള്ളത്തിലോ വന്‍തോതില്‍ വളര്‍ത്തിയെടുക്കാവുന്ന മെറ്റാറൈസിയം കുമിളാണ് ഇതിനായി ഉപയോഗിക്കുന്നത്. 250 മില്ലി മെറ്റാറൈസിയം കുമിള്‍കള്‍ച്ചര്‍ 750 മില്ലി വെള്ളവുമായി കലര്‍ത്തി ചെല്ലി വളരുന്ന സ്ഥലങ്ങളില്‍ തളിക്കണം. കുമിള്‍ബാധയേറ്റ പുഴുക്കള്‍ ചലനശേഷി കുറഞ്ഞ് രണ്ടാഴ്ചയ്ക്കകം ചത്തുപോകും. ഒരിക്കല്‍ തളിച്ചാല്‍ ഏകദേശം രണ്ടുവര്‍ഷത്തോളം ഈ കുമിള്‍ വിത്തുകള്‍ ജീവനോടെ കഴിയും.Stories in this Section