സംന്യാസി ഞണ്ട്; കേരളതീരത്ത് പുതിയ അതിഥികള്‍

Posted on: 18 Apr 2012


കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗം കേരളതീരത്തുനിന്നും സിലിയോ പാഗുരസ് ഗ്രാന്‍ഡിസ് എന്ന ഒരിനം പുതിയ സംന്യാസി ഞണ്ടിനെ കണ്ടെത്തി. ഇതാദ്യമായാണ് ഇന്ത്യയുടെ തീരക്കടലില്‍ നിന്ന് പുതിയ ഇനത്തില്‍പ്പെട്ട സംന്യാസി ഞണ്ടിനെ കണ്ടെത്തുന്നത്. കൊല്ലം ജില്ലയില്‍ ശക്തികുളങ്ങര ഭാഗത്ത് കടലില്‍ 10-15 മീറ്റര്‍ താഴ്ചയില്‍ നിന്നാണ് പുതിയ ഇനത്തെ ശേഖരിച്ചത്. സിലിയോപാഗുരസ് എന്ന ജനുസില്‍പ്പെട്ട 17 സ്പീഷീസുകളാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ളത്. ഇതില്‍ ഏറ്റവും വലിപ്പമുള്ള ഇനമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയ ഞണ്ടിന്റെ പേരിലെ 'ഗ്രാന്‍ഡിസ്' എന്നതിന് ലാറ്റിന്‍ ഭാഷയില്‍ വലുത് എന്ന് അര്‍ഥം.

ഓറഞ്ച് നിറത്തിലുള്ള ശരീരവും കാലുകളില്‍ കുറുകെയുള്ള സവിശേഷമായ ചുവന്ന വരകളുമാണ് കേരള തീരത്തുനിന്നും കണ്ടെത്തിയ ഇനത്തിന്റെ പ്രത്യേകതകള്‍. ഞണ്ടുകളുടെ വര്‍ഗീകരണ ശാസ്ത്രത്തില്‍ അന്താരാഷ്ട്ര പ്രശസ്തനായ ജപ്പാനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ടി. കൊമായിയുമായി ചേര്‍ന്ന് ഈ വിഷയത്തില്‍ തയ്യാറാക്കിയ ഗവേഷണപ്രബന്ധം അന്താരാഷ്ട്ര ഗവേഷക ജേര്‍ണല്‍ ആയ 'സൂടാക്‌സ്'യുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.

കേരളതീരത്തെ സംന്യാസി ഞണ്ടുകളെപ്പറ്റി ഇതുവരെ കാര്യമായ പഠനങ്ങള്‍ ഒന്നും നടന്നിട്ടില്ല. ഇവിടെ നിന്നും ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത് കേവലം 6 സ്പീഷീസുകള്‍ മാത്രമാണ്. കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ഥിനി ആര്‍. രശ്മിയും ഡോ. എ.ബിജുകുമാറും നടത്തിയ പഠനത്തില്‍ കേരളതീരത്തുനിന്നും 40 ഇനത്തില്‍പെട്ട സംന്യാസി ഞണ്ടുകളെയാണ് കണ്ടെത്തിയത്. ഇന്ത്യയില്‍ മൊത്തമായി ഇതുവരെ 30 ഇനത്തില്‍പ്പെട്ട സംന്യാസി ഞണ്ടുകളുടെ സാന്നിധ്യം മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ ഇനം കൂടാതെ കാല്‍സിനസ് മോര്‍ഗനി, ഡയോജിനസ് ക്ലാസ്സി, സീനോബിറ്റ ബ്രേവിമാനസ്, സീനോബിറ്റ റൂഗോസസ് എന്നീ നാലിനങ്ങളുടെ സാന്നിധ്യം ഇന്ത്യയില്‍ ആദ്യമായി ഈ പഠനത്തിലൂടെ വെളിവായിട്ടുണ്ട്.

സാധാരണ ഞണ്ടുകളില്‍ നിന്ന് വ്യത്യസ്തമായി മൃദുവായ തങ്ങളുടെ ശരീരം ശംഖുകള്‍ക്കുള്ളിലാക്കിയാണ് സംന്യാസി ഞണ്ടുകള്‍ സഞ്ചരിക്കുന്നത്. തീരക്കടലിലും ചിലപ്പോള്‍ കരയിലും ജീവിക്കുന്ന സംന്യാസി ഞണ്ടുകള്‍ സ്വഭാവവിശേഷങ്ങളില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. ശരീരം വളരുന്നതോടൊപ്പം അവ വലിയ ശംഖുകള്‍ ശരീരം സംരക്ഷിക്കാനായി തിരഞ്ഞെടുക്കുന്നു. വാണിജ്യപ്രാധാന്യമുള്ള മത്സ്യങ്ങളുടെ ആഹാരം, പരീക്ഷണശാലകളിലെ പരീക്ഷണജീവി, കടലിലെ ശവംതീനികള്‍ എന്നിങ്ങനെയുള്ള രീതികളില്‍ സമുദ്ര ആവാസവ്യവസ്ഥയിലും ഭക്ഷ്യശൃംഖലയിലും സംന്യാസി ഞണ്ടുകള്‍ക്ക് സവിശേഷമായ പ്രസക്തിയുണ്ട്.

ജൈവവൈവിധ്യ കണക്കെടുപ്പിലും സംരക്ഷണത്തിലും ജീവികളുടെ തിരിച്ചറിയല്‍ അനിവാര്യമാണെന്നിരിക്കെ കേരള തീരത്തെ സമുദ്രജീവി വൈവിധ്യത്തെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ പഠനം വ്യക്തമാക്കുന്നതെന്ന് കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എ. ബിജുകുമാര്‍ പറഞ്ഞു. കടല്‍ജീവികളെ കൃത്യമായി തിരിച്ചറിയാന്‍ പ്രാഗല്‍ഭ്യമുള്ള ഗവേഷകരുടെ അഭാവം ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇന്ത്യയിലാദ്യമായി വര്‍ഗീകരണശാസ്ത്രത്തില്‍ ഗവേഷണം നടത്താന്‍ കുട്ടികള്‍ക്ക് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഫെലോഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് കേരളതീരത്തെ സംന്യാസി ഞണ്ടുകളെപ്പറ്റിയുള്ള ഗവേഷണ പഠനം കേരള സര്‍വകലാശാലയില്‍ നടന്നത്.


Stories in this Section