കീടങ്ങളെ തുരത്താന്‍ കഷായങ്ങള്‍

Posted on: 07 Apr 2012

ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍



കൃഷിപാഠം


പച്ചക്കറികളെയും പയര്‍വര്‍ഗങ്ങളെയും ബാധിക്കുന്ന കീടങ്ങളെ തുരത്താന്‍ കഷായപ്രയോഗം നടത്താം. മൂന്നു കിലോ വേപ്പില, പത്ത് ലിറ്റര്‍ ഗോമൂത്രത്തില്‍ ചതച്ചു ചേര്‍ത്തത്, രണ്ട് കിലോഗ്രാം വീതം ആത്തയില, മാതളനാരങ്ങയില, പേരയില എന്നിവ വെള്ളത്തില്‍ അരച്ചതുമായി കലര്‍ത്തി തിളപ്പിച്ച് പകുതിയായി വറ്റിക്കുക. തണുത്തശേഷം മിശ്രിതം അരിച്ച് കുപ്പികളില്‍ നിറച്ച് സൂക്ഷിക്കാം. ആറുമാസം വരെ ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് രണ്ടര ലിറ്റര്‍, നൂറ് ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് വിളകളില്‍ തളിച്ചാല്‍ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളും കായ്തുരപ്പന്‍ പുഴുക്കളുമൊക്കെ അകലും.

ഒരു ചെമ്പുകലത്തില്‍ മൂന്നു കിലോഗ്രാം വേപ്പില ചതച്ചത്, ഒരു കിലോഗ്രാം വേപ്പിന്‍കുരു പൊടി എന്നിവ പത്ത് ലിറ്റര്‍ ഗോമൂത്രം കലര്‍ത്തി, വാവട്ടം മൂടിക്കെട്ടി പത്ത് ദിവസം വെക്കുക. തുടര്‍ന്ന് പുളിച്ച മിശ്രിതത്തെ അരിച്ച് പകുതിയായി വറ്റിക്കണം. ഒരു പാത്രത്തില്‍ അര കിലോഗ്രാം പച്ചമുളക് ഒരു ലിറ്റര്‍ വെള്ളത്തില്‍ അരച്ചുചേര്‍ത്ത് ഒരു രാത്രി വെക്കുക. മറ്റൊരു പാത്രത്തില്‍ കാല്‍ കിലോഗ്രാം വെളുത്തുള്ളി, അര ലിറ്റര്‍ വെള്ളത്തില്‍ അരച്ചു ചേര്‍ത്ത് ഒരു രാത്രിവെക്കണം. അടുത്ത ദിവസം മൂന്നു മിശ്രിതങ്ങളും നന്നായി കലക്കി ചേര്‍ത്ത് അരിച്ചെടുക്കാം. 250 മില്ലി ലിറ്റര്‍ മിശ്രിതം പത്ത് ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു തളിച്ചു മിക്ക കീടങ്ങളെയും തുരത്താനാവും.


Stories in this Section