
ഒക്ടോബറിലെ വെരാവല്‍ എക്‌സ്പ്രസ് അക്ഷരാര്‍ഥത്തില്‍ 'തീ'വണ്ടിയായിരുന്നു. സ്ലീപ്പര്‍ ക്ലാസ്സിലെ മുകളിലെ ബര്‍ത്തില്‍ ആവിയില്‍ പുഴുങ്ങിയെടുത്ത പരുവത്തിലായി. കാറ്റുകൊള്ളാന്‍ ഇടയ്ക്കിടെ വാതിലിനടുത്തേക്ക് പോകും. അതിനും ക്യൂ നില്‍ക്കണം! ചിലര്‍ തോര്‍ത്ത് നനച്ച് ദേഹത്തിട്ട് ഉറങ്ങുന്നു.
തീവണ്ടി, ഇരുളന്‍ നാവുകള്‍ നീട്ടി വിഴുങ്ങുന്ന കൊങ്കണ്‍ പാതയിലേക്ക് കയറി. കണ്ണടയ്ക്കാതെ തന്നെ 'കണ്ണടച്ച് ഇരുട്ടാക്കുന്ന' തുരങ്കങ്ങള്‍. കൊങ്കണ്‍ പാതയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ രത്‌നഗിരി വലിയ ബഹളങ്ങളില്ലാതെ കടന്നുപോയി. ഇതിനിടയിലെപ്പോഴോ തീവണ്ടിയുടെ ഭാഷ ഗുജറാത്തിയായി. ഗുജറാത്തി ഭക്ഷണമായ 'വടാ പാവി'ന്റെ വലിപ്പത്തിനൊപ്പം വാ പൊളിക്കുന്നവരും ചൂണ്ടുവിരലിന്റെ വലിപ്പംപോലുമില്ലാത്ത ഗ്ലാസില്‍ മസാല ചായ കുടിക്കാന്‍ ചുണ്ടു കൂര്‍പ്പിക്കുന്നവരും മറ്റുള്ളവരെ ശ്രദ്ധിക്കുന്നതേയില്ല.
ശബ്ദകോലാഹലങ്ങളുടെ ഉത്സവം പോലെ അഹമ്മദാബാദ്് സ്‌റ്റേഷന്‍. കമ്പാര്‍ട്ട്‌മെന്റ് പകുതിയും കാലിയായി. ഇരുപത് മിനിറ്റിന്റെ വിശ്രമത്തിന് ശേഷം വണ്ടി അനങ്ങിത്തുടങ്ങി. വരണ്ട ഭൂമിയിലൂടെയാണ് യാത്ര. ഇടയ്ക്കിടെ പരുത്തിപ്പാടങ്ങളുടെ പച്ചപ്പ് വന്ന്, പിന്നിലേക്കോടി മറയും. വെരാവലില്‍ യാത്രയവസാനിക്കുമ്പോള്‍ രണ്ടുപേര്‍ മാത്രമായിരുന്നു ആ കമ്പാര്‍ട്ട്‌മെന്റില്‍.
കേന്ദ്രഭരണ പ്രദേശമായ ഡ്യൂവിലെ നഗോയ ബീച്ചാണ് ലക്ഷ്യം. ഇനിയും 90 കിലോമീറ്ററുണ്ട്. പഴയൊരു അംബാസിഡര്‍ കാര്‍ മാത്രമാണ് സ്‌റ്റേഷനിലുണ്ടായിരുന്ന ഏക ടാക്‌സി. ആ വണ്ടി ഒരിക്കല്‍പ്പോലും നാല്‍പ്പത് കിലോമീറ്ററിന് അപ്പുറമുള്ള സ്പീഡ് കണ്ടിട്ടുണ്ടാവില്ല!
നഗോയ ബീച്ച്, ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരവും സ്വച്ഛവുമായ തീരങ്ങളിലൊന്നാണ്. ബുച്ചര്‍വാഡാ ഗ്രാമത്തിലാണ് നഗോയ. തിരക്കുകളില്‍ നിന്ന് ഓടിയൊളിക്കണമെന്ന് തോന്നുമ്പോള്‍ ഗുജറാത്തുകാര്‍ ഇങ്ങോട്ടാണ് എത്തുക. ശാന്തമായ കടലും തീരവും. കുതിരയുടെ കാലടി പോലെയാണ് ബീച്ചിന്റെ കിടപ്പ്. ഏതാണ്ടൊരു അര്‍ധവൃത്താകൃതി. സായാഹ്നത്തിലെ പ്രകാശം പൊടിയുപ്പിന്റെ നിറത്തിലുള്ള തീരത്തെ മണല്‍ത്തരികളില്‍ സ്വര്‍ണവര്‍ണം ചാര്‍ത്തി. തീരത്തിന്റെ ഒരു ഭാഗത്ത് സീഗള്‍ പക്ഷികളുടെ വലിയ കൂട്ടവും മറുഭാഗത്ത് വിനോദസഞ്ചാരികളും കടലിനെ ആസ്വദിക്കുന്നു. കൊച്ചു ദേശമായ ഡ്യൂവിന്റെ 17 കിലോമീറ്റര്‍ മാത്രം നീളമുള്ള തീരപ്രദേശം മുഴുവന്‍ സുന്ദരമായ ഒരു നെടുനീളന്‍ ബീച്ചാണെന്ന് വേണമെങ്കില്‍ പറയാം. ഗോഖ്‌ല, ചക്രതീര്‍ഥ്, ഗോമതിമാത, ജാലന്ധര്‍ എന്നിവയാണ് നഗോയയെ കൂടാെതയുള്ള പ്രധാന ബീച്ചുകള്‍.
നഗോയയുടെ തീരം മുഴുവന്‍ ഡ്യൂവിന് മാത്രം സ്വന്തമായുള്ള ഹോക്ക മരങ്ങളാണ്. ഇന്ത്യയില്‍ മറ്റൊരിടത്തും ഹോക്കാ മരങ്ങള്‍ കാണാനാവില്ല. ഒറ്റത്തടിയില്‍ നിന്ന് രണ്ട് ശാഖകളും അതില്‍ നിന്നും നാല് ശിഖരങ്ങളുമായാണ് ഹോക്കാ മരങ്ങളുടെ വളര്‍ച്ച. തലഭാഗത്തിന് ഈന്തപ്പനയോടാണ് സാമ്യം. ഏറെക്കാലം ഡ്യൂവിന്റെ ഭരണം കൈയാളിയിരുന്ന പോര്‍ച്ചുഗീസുകാരാണ് ഈ ആഫ്രിക്കന്‍ വംശജനായ മരത്തെ ഡ്യൂവിലെത്തിച്ചത്. ചുവന്നുതുടുത്ത സീതപ്പഴം പോലെയാണ് ഹോക്ക പഴങ്ങള്‍. ഔഷധഗുണമുണ്ടെന്ന് വിശ്വസിക്കുന്ന ഈ പഴങ്ങള്‍ പറിച്ചു വില്‍ക്കുന്നതും ഡ്യൂവിലെ തൊഴിലുകളിലൊന്നാണ്.
ഡിസംബറായാല്‍ നഗോയാ തീരം ടൂറിസ്റ്റുകളെക്കൊണ്ടു നിറയും. കടല്‍ എപ്പോഴും ശാന്തമായതിനാല്‍ നീന്തലും കടല്‍ക്കുളിയും വാട്ടര്‍സ്‌കൂട്ടര്‍ സഫാരിയും ഇവിടെ സജീവമാകും. രാത്രി വന്ന് നഗോയയെ തൊട്ടിട്ടും സഞ്ചാരികള്‍ ഒഴിയുന്നില്ല. ഹോക്കാ മരങ്ങളുടെ തണലില്‍ പ്രണയ സല്ലാപത്തിലേര്‍പ്പെടുന്ന വിദേശികളും സ്വദേശികളും. സ്ത്രീകള്‍ ഒറ്റയ്ക്കായാല്‍ പോലും ഇവിടം സുരക്ഷിതമാണ്. നഗോയയുടെ അര്‍ധവൃത്താകൃതിയുടെ വലത്തെ അറ്റത്തുള്ള വലിയ പാറയില്‍ നീലവെളിച്ചത്തില്‍ ഡ്യൂ എന്ന് ഇംഗ്ലീഷില്‍ തെളിഞ്ഞു- കടല്‍യാത്രികര്‍ക്കു വേണ്ടി.
യാത്രാ സൂചിക: കേന്ദ്രഭരണ പ്രദേശമായ ഡ്യൂവിലാണ് നഗോയ ബീച്ച്. ഗുജറാത്തിലെ വെരാവലില്‍ നിന്ന് 90 കി.മീ. തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന വെരാവല്‍ എക്‌സ്പ്രസ്സാണ് കേരളത്തില്‍ നിന്നും ഡ്യൂവില്‍ എത്താനുള്ള എളുപ്പ മാര്‍ഗം. വെരാവല്‍ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ കോഡിനാര്‍ വഴി ദേശീയപാത 8ഇ-യിലൂടെ ഡ്യൂ ദ്വീപിലെത്താം. വിമാനമാര്‍ഗമാണെങ്കില്‍ മുംബൈയില്‍ എത്തണം. അവിടെ നിന്നു മാത്രമേ ഇങ്ങോട്ട് സര്‍വീസുള്ളൂ.
ഫോണ്‍ നമ്പര്‍(കോഡ്: 02875): ഡ്യൂ ടൂറിസം ഇന്‍ഫൊര്‍മേഷന്‍ സെന്റര്‍: 252653. വെബ് സൈറ്റ്: http://diutourism.co.in
താമസം: രാധിക ബീച്ച് റിസോര്‍ട്ട്, ഫോണ്‍: 252555. ഹോട്ടല്‍ കോഹിനൂര്‍, ഫോണ്‍: 252209. സുസ്ലോണ്‍ ബീച്ച് ഹോട്ടല്‍, ഫോണ്‍: 252212. റസല്‍ ബീച്ച് റിസോര്‍ട്ട്, ഫോണ്‍: 255402.