അക്വേറിയത്തിലെ വിശറിച്ചെടി -കബൊംബ-2

Posted on: 16 Feb 2012

ജതീഷ്.പികബൊംബ അക്വാട്ടിക്ക
ഇളം പച്ചനിറത്തിലുളള ഇലനാരുകള്‍ ചലിപ്പിച്ച്, അക്വേറിയത്തിന് ഹരിതഭംഗി പകരുന്ന കബൊംബ അക്വാട്ടിക്കയുടെ സ്വദേശം, തെക്കേ അമേരിക്കയിലെ ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളാണ്. എന്നാല്‍, കാലക്രമേണ അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും ഇവ വ്യാപിച്ചു. വളര്‍ച്ചാസാഹചര്യങ്ങളില്‍ കരൊലിനിയാനയെ അപേക്ഷിച്ച് അല്പം നിഷ്‌കര്‍ഷത പുലര്‍ത്തുന്ന കൂട്ടത്തിലാണ്, അക്വാട്ടിക്ക. അനുകൂല സാഹചര്യങ്ങളിലെ വളര്‍ച്ചാനിരക്ക് കരൊലിനിയാനയ്‌ക്കൊപ്പം വരുമെങ്കിലും, അക്വാട്ടിക്കയ്ക്ക് വ്യത്യസ്ത ആവാസവ്യവസ്ഥകളുമായി ഇണങ്ങി വളരാനുള്ള കഴിവ്, അല്പം കുറവാണ്. താരതമ്യേന ഉയര്‍ന്ന ഊഷ്മാവ്, ജലത്തിന്റെ അമ്ലഗുണം തുടങ്ങിയ ഘടകങ്ങള്‍ അനിവാര്യമായതിനാല്‍, ഈ ചെടി മിതോഷ്ണമേഖലകളില്‍ നിയന്ത്രണാധീതമായി പെരുകാറില്ല. അതിനാല്‍ തന്നെയാകണം, അക്വേറിയം ആവശ്യങ്ങള്‍ക്കായി കബൊംബ കരൊലിനിയാനയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള പല രാജ്യങ്ങളും, കബൊംബ അക്വാട്ടിക്കയെ അനുവദിച്ചിട്ടുള്ളത്. പക്ഷെ ധാരാളം മഴ ലഭിക്കുന്ന ഉഷ്ണമേഖലാപ്രദേശമായ കേരളത്തില്‍, അക്വാട്ടിക്ക ഒരു കളയായി തീരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ, ഈ ചെടിയെ നമ്മുടെ ആവാസവ്യസ്ഥയിലേക്ക് ചേക്കേറാന്‍ അനുവദിക്കരുത്.


മഞ്ഞ കബൊംബ (Yellow cabomba) എന്നറിയപ്പെടുന്ന അക്വാട്ടിക്ക, സാധാരണഗതിയില്‍ അരമീറ്ററോളം മാത്രമേ നീളം വെയ്ക്കുകയുള്ളൂ. അരുവികളെയും നദികളുടെയും അധികം ഒഴുക്കില്ലാത്ത, ആഴം കുറഞ്ഞ പ്രദേശങ്ങളില്‍ വളരുന്ന ഇവയുടെ വിശറിയിലകള്‍, മഞ്ഞ കലര്‍ന്ന ഇളം പച്ചനിറത്തിലുള്ളവയാണ്. കബൊംബ അക്വാട്ടിക്കയുടെ ഒരിനമായ 'ഷ്വാര്‍ട്‌സി'(schwartzi)ക്കു, ചെമപ്പു രാശി കലര്‍ന്ന വിശറിയിലകളാണുള്ളത്. അക്വാട്ടിക്കയുടെ വിശറിയിലകള്‍ക്ക് കരൊലിനിയാനയെ അപേക്ഷിച്ച് ശാഖോപശാഖകള്‍ കൂടുതലാണ്. എന്നാല്‍ പൊങ്ങിക്കിടക്കുന്ന ഇലകള്‍ക്കാകട്ടെ, താരതമ്യേന വൃത്താകൃതിയോ ദീര്‍ഘവൃത്താകൃതിയോ (1-2 ഇഞ്ചുവരെ) ആണുള്ളത്. മഞ്ഞനിറത്തിലുള്ള പൂക്കള്‍, അക്വാട്ടിക്കയെ കരൊലിനിയാനയില്‍ നിന്നും വ്യത്യസ്തമാക്കുന്നു. മേല്‍പ്പറഞ്ഞ രണ്ടു സ്വഭാവങ്ങളുടെ അടിസ്ഥാനത്തില്‍ മത്രമേ, അക്വട്ടിക്കയേയും കരൊലിനിയാനയേയും വേര്‍തിരിക്കാനാകൂ. അക്വേറിയത്തില്‍, അക്വാട്ടിക്കയുടെ വിശറിയിലകള്‍ക്ക് ശാഖോപശാഖകള്‍ കൂടുതലാണെങ്കിലും, പ്രാകൃതികസാഹചര്യങ്ങളില്‍ ഈ വ്യത്യാസം അത്ര കണ്ട് പ്രകടമായിക്കൊള്ളണമെന്നില്ല.

അക്വേറിയത്തിലെ അനുകൂല സാഹചര്യങ്ങളില്‍, അക്വാട്ടിക്കയുടെ ഇളം വിശറിയിലകള്‍ക്ക് മഞ്ഞകലര്‍ന്ന പച്ചനിറം കൈവരുന്നു. വെളിച്ചത്തിന്റെ ഗുണമേന്മയിലും സ്വഭാവത്തിലും വരുന്ന മാറ്റങ്ങള്‍, അക്വാട്ടിക്കയുടെ വളര്‍ന്നുവരുന്ന ഇലകളില്‍ നിറവ്യത്യാസമുണ്ടാക്കും. ചില പ്രത്യേക വെളിച്ചത്തില്‍ വളര്‍ത്തുമ്പോള്‍, പുതുതായി ഉണ്ടാകുന്ന ഇലകള്‍ക്ക് നേരിയ ചെമപ്പ് നിറം കാണാറുണ്ട്. പക്ഷെ ഇതു സ്ഥിരമായി നിലനില്‍ക്കണമെന്നില്ല. അതുകൊണ്ട് പലപ്പോഴും അക്വേറിയം കടകളില്‍ നിന്നു വാങ്ങുന്ന ചുവന്ന ഇലകളുള്ള അക്വാട്ടിക്ക, വീട്ടിലെ അക്വേറിയത്തില്‍ പച്ചയിലകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങിയാല്‍ അതിശയിക്കേണ്ടതില്ല.

അക്വേറിയത്തിലെ അടിത്തട്ടിന് വളക്കൂറുണ്ടെങ്കില്‍ മത്രമെ കബൊംബ അക്വാട്ടിക്ക നന്നായി വളരുകയുള്ളൂ. കരൊലിനിയാനയെ അപേക്ഷിച്ച്, കൂടുതല്‍ വെളിച്ചവും അക്വാട്ടിക്കയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഒരു ഗാലന്‍ വെള്ളത്തിന് 3-3.5 വാട്ട് എന്ന തോതില്‍ വെളിച്ചം നല്‍കുന്നത്, ഈ ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. വെളിച്ചത്തിന്റെ അപര്യാപ്തത, മെലിഞ്ഞു നീണ്ട തണ്ടുകള്‍ക്കും വിളര്‍ത്ത നിറത്തിലുളള്ള ഇലകള്‍ക്കും കാരണമായേക്കാം.

അമ്ലഗുണമുള്ള (pH 6.5 þ 7.0) ജലമാണ് അഭിലഷണീയമെങ്കിലും, ക്ഷാരഗുണമുള്ള കഠിനജലത്തിലും (pH 8.0) അക്വാട്ടിക്കയെ വളര്‍ത്താം. വളര്‍ച്ചാനിരക്ക് അല്പം കുറവായിരിക്കുമെന്ന് മാത്രം. ക്ഷാരഗുണത്തെക്കാള്‍, പെട്ടെന്നുള്ള pH വ്യതിയാനങ്ങളാണ്, ഈ ചെടിയെ കൂടുതല്‍ ബാധിക്കുക. സ്ഥിരമായി ഒരേ pH നിലനിര്‍ത്താന്‍ സാധിക്കുകയാണെങ്കില്‍, അക്വാട്ടിക്കയെ പ്രശ്‌നങ്ങളില്ലാതെ വളര്‍ത്താം. ശുദ്ധജലം ഇഷ്ടപ്പെടുന്ന ഈ ചെടിക്ക്, ഉപ്പുരസം അല്പം പോലും താങ്ങാനുള്ള കഴിവില്ല. മത്സ്യരോഗങ്ങള്‍ക്ക് പ്രതിവിധിയായി അക്വേറിയങ്ങളില്‍ ഉപ്പ് ചേര്‍ക്കുന്നത്. അക്വാട്ടിക്കയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍, മത്സ്യങ്ങളെ മറ്റൊരു ചികിത്സാടാങ്കിലെ ഉപ്പുവെള്ളത്തിലേക്ക് മാറ്റുന്നതാണ് ഉത്തമം. 23-27 ഡിഗ്രി സെല്‍ഷ്യസ് ജലതാപനിലയാണ് കബൊംബ അക്വാട്ടിക്കയ്ക്ക് അനുയോജ്യം. കരൊലിനിയാനയെ പോലെ ശൈത്യകാലത്തെ അതിജീവിക്കാനുളള കഴിവില്ലാത്തതിനാല്‍, താരതമ്യേന തണുപ്പു കൂടുതലുള്ള നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍, അക്വാട്ടിക്ക വളരുന്ന അക്വേറിയങ്ങളില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച്, ഉയര്‍ന്ന ഊഷ്മാവ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.

അക്വേറിയത്തില്‍, തണ്ടുകള്‍ മുറിച്ചുനട്ടുള്ള കായികപ്രജനനമാണ് അഭികാമ്യം. 4-5 തണ്ടുകള്‍ ഒരുമിച്ച് ചേര്‍ത്ത് കെട്ടിയശേഷം, ചുവടുഭാഗത്ത് പ്രകാശം കിട്ടാനായി, 5-6 രാ അകലം പാലിച്ചു വേണം ചെടികള്‍ നടാന്‍. ഇടയ്ക്കിടെ മാറ്റി നടുന്നത് ഇഷ്ടമല്ലാത്തതിനാല്‍, വേരുപിടിച്ച് വളര്‍ന്നുകൊണ്ടിരിക്കുന്ന അക്വാട്ടിക്കകളെ ഇളക്കിമാറ്റാതിരിക്കുകയാണ് നല്ലത്. ഇത്രയും കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുകയാണെങ്കില്‍ത്തന്നെ, അക്വാട്ടിക്ക ആഴ്ചയില്‍ 3 ഇഞ്ചു വരെ വളര്‍ന്നുകൊള്ളും. ചെടികള്‍ വെട്ടിയൊതുക്കുമ്പോള്‍, കരൊലിനിയാനയിലേതുപോലെ ജലനിരപ്പിനു തൊട്ടുതാഴെ വെച്ച് മുറിച്ച് മുകളറ്റം മാത്രം പുതുതായി നട്ടാല്‍, വെളിച്ചത്തിന്റെ അഭാവവും മറ്റും മൂലം വേരുപിടിക്കാന്‍ കാലതാമസമെടുക്കും. മുകളറ്റം നടാതെ ചെടിയുടെ ചുവടുഭാഗം മാത്രം നിലനിര്‍ത്തിയാല്‍, പുതുതായി ഉണ്ടാകുന്ന ചെറിയ ശാഖകള്‍ ഇടതിങ്ങി വളരില്ല. ഇത് കബൊംബ അക്വാട്ടിക്കയുടെ ഭംഗി കുറയ്ക്കും. അതുകൊണ്ട്, ചെടികളെ പാതിയോളം നീളത്തില്‍ മുറിച്ച്, ചുവടുഭാഗം മാത്രം അക്വേറിയത്തില്‍ നിലനിര്‍ത്തുകയാണ് അനുയോജ്യം. ഇങ്ങനെ ചെയ്യുമ്പോള്‍ മധ്യഭാഗത്തു നിന്നുണ്ടാകുന്ന നീളമുള്ള ശാഖകള്‍, ചെടികള്‍ തിങ്ങിവളരുന്ന പ്രതീതി സൃഷ്ടിക്കാം.

കബൊംബ അക്വാട്ടിക്ക വളരുന്ന അക്വേറിയത്തില്‍ അമോണിയ, നൈട്രേറ്റ്, നൈട്രൈറ്റ് എന്നിവയുടെ അളവ്, അനുവദനീയമായ തോതില്‍ നിന്ന് ഉയരാതെ ശ്രദ്ധിക്കണം. അക്വേറിയം ജലത്തിലേക്ക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (CO2) നല്‍കുന്നത്, അക്വാട്ടിക്കയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ജലത്തിലെ ഇരുമ്പിന്റെ അംശവും ഈ ചെടികളുടെ വളര്‍ച്ചയെ സഹായിക്കും. ചെറിയ ടാങ്കിലെ സാഹചര്യങ്ങളില്‍ പെട്ടെന്നു വ്യതിയാനം വരാമെന്നതിനാല്‍, 70-100 ലിറ്റര്‍ എങ്കിലും വ്യാപ്തമുള്ള അക്വേറിയങ്ങളില്‍ അക്വാട്ടിക്കയെ വളര്‍ത്തുന്നതാണ് അഭികാമ്യം. ഫില്‍റ്റെറോ എയെറേറ്റെറോ ഉപയോഗിച്ച് അക്വേറിയത്തില്‍ ചെറിയൊരു ഒഴുക്ക് സൃഷ്ടിക്കുന്നതും നല്ലതാണ്. ശ്രദ്ധയോടെ പരിചരിക്കുകയാണെങ്കില്‍, കബൊംബ അക്വാട്ടിക്കയെ തുടക്കക്കാര്‍ക്കും വളര്‍ത്താവുന്നതുമാണ്.

കബൊംബ ഫര്‍കേറ്റ

അക്വേറിയത്തിന്, മനോഹരമായ ചെമപ്പ് രാശി പ്രധാനം ചെയ്യാന്‍ യോജിച്ച ചെടികളില്‍, ഒന്നാം സ്ഥാനം കബൊംബ ഫര്‍ക്കേറ്റയ്ക്കാണ്. പ്യൂര്‍ട്രോറിക്കൊ, ക്യൂബ പോലെയുള്ള രാജ്യങ്ങളിലെ നൈസര്‍ഗ്ഗിക ആവാസവ്യവസ്ഥകളില്‍, ഈ ചെടി സുലഭമാണ്. കബൊംബയുടെ മറ്റ് സ്പീഷീസുകളെ അപേക്ഷിച്ച്, വെളിച്ചത്തിലും വെള്ളത്തിന്റെ അമ്ലഗുണത്തിലും കൃത്യത പുലര്‍ത്തുന്നതിനാല്‍, അക്വേറിയത്തില്‍ ഫര്‍ക്കേറ്റയെ പരിപാലിക്കുന്നത് ശ്രമകരമാണ്. അതുകൊണ്ടുതന്നെ, അനുഭവസമ്പന്നരായ ഹോബിയിസ്റ്റുകള്‍ക്കാണ്, ഈ ചെടി കൂടുതല്‍ യോജിക്കുക. മിതോഷ്ണമേഖലകളില്‍ ഒരു കളയല്ലെങ്കിലും, ഫര്‍ക്കേറ്റ നമ്മുടെ ആവാസവ്യവസ്ഥയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കബൊംബ പിയാവുഹൈയെന്‍സിസ് (Cabomba piauhyensis), കബൊംബ വാമിങ്കി (Cabomba warminkii) , കബൊംബ പ്യൂബെസ്സെന്‍സ് (Cabomba pubescens) എന്നിവ കബൊംബ ഫര്‍കേറ്റയുടെ വകഭേദങ്ങളാണ്. ഫര്‍കേറ്റയുടെ വിശറിയിലകള്‍ക്ക് മഞ്ഞ കലര്‍ന്ന ചെമപ്പ് നിറമാണെങ്കിലും, അവയ്ക്ക് കബൊംബ അക്വാട്ടിക്കയിലേതുപോലെ നിരവധി ശാഖോപശാഖകളുണ്ട്. പക്ഷെ പൊങ്ങിക്കിടക്കുന്ന ഇലകളാകട്ടെ കബൊംബ കരൊലിനിയാനയുടേതു പോലെ ത്രികോണാകൃതിയില്‍ ഉള്ളവയാണ്. കബൊംബച്ചെടികളില്‍ വെച്ച് ഏറ്റവും മൃദുലമായ തണ്ടുകളുള്ള ഫര്‍കേറ്റയ്ക്ക് താരതമ്യേന, ശാഖകള്‍ കുറവാണ്. ചെമപ്പു മുതല്‍ പര്‍പ്പിള്‍ വരെ നിറങ്ങളിലുള്ള പൂക്കളാണ് കബൊംബ ഫര്‍കേറ്റയില്‍ കാണപ്പെടുന്നത്.

വളക്കൂറുള്ള അടിത്തട്ടില്‍ ധാരാളം പ്രകാശം നല്‍കുക എന്നതാണ്, കബൊംബ ഫര്‍കേറ്റയെ അക്വേറിയത്തില്‍ നന്നായി വളര്‍ത്തുന്നതിലെ രഹസ്യം. ഇടതിങ്ങി വളരുവാനും ചെമന്ന ഇലകളുടെ ഭംഗി നിലനിര്‍ത്തുവാനും, 3 മുതല്‍ 5 വാട്ട് ഒരു ഗാലന്‍ വെള്ളത്തിന് (5000 - 7000 K complete spectrum) എന്ന തോതില്‍ വെളിച്ചം നല്‍കണം. ഈ ഉയര്‍ന്ന തോതിലുള്ള വെളിച്ചം, ദിവസത്തില്‍ 3-4 മണിക്കൂര്‍ കൊടുത്താല്‍ മതിയാകും. താരതമ്യേന അമ്ലഗുണമുള്ള ജലത്തിലും ഫര്‍കേറ്റയെ വളര്‍ത്താം. 5 മുതല്‍ 7 വരെയാണ് അനുയോജ്യമായ pH. 18 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് 25-26 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തുന്നതാണ് അഭികാമ്യം. തണുപ്പുകാലത്ത് ഹീറ്റര്‍ ഉപയോഗിച്ച് ഊഷ്മാവ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.

ഇടയ്ക്കിടെ അക്വേറിയത്തിലെ വെള്ളം മാറ്റി പുതിയ വെള്ളമൊഴിക്കുന്നത്, ചെടികള്‍ക്കാവശ്യമായ പോഷകാംശങ്ങളുടെ, പ്രത്യേകിച്ച് നൈട്രേറ്റിന്റെ അളവില്‍ മാറ്റം വരുത്തുന്നതിനാല്‍, ഫര്‍കേറ്റയുടെ വളര്‍ച്ചയ്ക്ക് അത്ര നല്ലതല്ല. അക്വേറിയത്തില്‍ ആവശ്യമായ അളവില്‍ നൈട്രേറ്റും ഫോസ്‌ഫേറ്റും ചേര്‍ക്കുന്നത് ചെടികളുടെ വളര്‍ച്ചയെ സഹായിക്കും. പക്ഷെ ഫോസ്‌ഫേറ്റിന്റെ അളവു കൂടിയാല്‍, അക്വേറിയത്തില്‍ ആല്‍ഗകള്‍ വളരാന്‍ സാധ്യതയുണ്ട്. അക്വേറിയത്തിലെ ജലത്തിന് ആവശ്യമായ വളക്കൂറില്ലെങ്കില്‍, ചെടികളുടെ വളര്‍ച്ച മുരടിക്കുകയും മെലിഞ്ഞു നീണ്ട തണ്ടുകളില്‍ നിറം നഷ്ടപ്പെട്ട ഇലകള്‍ ഉണ്ടാകുകയും ചെയ്യും. എന്നാല്‍ നൈട്രേറ്റിന്റെ അളവ് കൂടിയാല്‍, വിശറിയിലകള്‍ക്ക് കൂടുതല്‍ പച്ചനിറം കൈവരുന്നതായി കാണാം. അതിനാല്‍ ഫര്‍കേറ്റയുടെ സ്വര്‍ണ്ണം കലര്‍ന്ന പിങ്ക് നിറം നിലനിര്‍ത്തണമെങ്കില്‍, നൈട്രേറ്റിന്റെ അളവ് 25-30 ുുാ ല്‍ കൂടാതെ ശ്രദ്ധിക്കണം. 10 ppm എന്ന തോതില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (CO2) നല്‍കുന്നത് ഫര്‍കേറ്റയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ചെടികളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ സൂക്ഷ്മമുലകങ്ങള്‍ (micro-nutrients) ചേര്‍ത്തുകൊടുക്കുന്നതും ഇലകളുടെ നിറം വര്‍ദ്ധിപ്പിക്കും. ഫര്‍ക്കേറ്റയിലെ ഇലപൊഴിച്ചിലിനു കാരണം, ജലത്തിലെ വളക്കൂറിന്റെ അഭാവമോ, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ (CO2) കുറവോ ഒക്കെയാകാം.

കബൊംബ പാലിഫൊര്‍ മിസ്


കബൊംബ കരൊലിനിയാന വറൈറ്റി ഫ്ലാവിഡ ആണ്, കബൊംബ പാലിഫൊര്‍മിസ്, ക്ഷാരഗുണമുള്ള വെള്ളത്തില്‍, മറ്റു കബൊംബകളെ അപേക്ഷിച്ച് പാലിഫൊര്‍മിസ് നന്നായി വളരും.നന്ദി : ഷാലിമ .ജി

കൂടുതല്‍ വിവരങ്ങള്‍ക്ക് : varnamalsyangal@gmail.com


Stories in this Section