അധിക ആദായത്തിന് അസംവാളകൃഷി

Posted on: 29 Jan 2012

പി. സഹദേവന്‍ (ജോയന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, അഡാക്, തിരുവനന്തപുരം)കാര്‍പ്പ് മത്സ്യങ്ങളിലധിഷ്ഠിതമായ ശുദ്ധജലമത്സ്യകൃഷിയില്‍ താത്പര്യമില്ലാത്ത കര്‍ഷകര്‍ക്കിതാ മറ്റൊരു മത്സ്യം -'പന്‍ഗേഷ്യസ്' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന അസംവാള. നാലടിയോളം നീളവും 44 കി.ഗ്രാമിന് മുകളില്‍ വളര്‍ച്ചയുമെത്തുന്ന ഈ മത്സ്യം ജലകൃഷിമേഖലയ്ക്ക് പുതുജീവന്‍ നല്‍കുമെന്നതില്‍ സംശയമില്ല.

കാര്‍പ്പു മത്സ്യങ്ങളെ അപേക്ഷിച്ച് അതിവേഗം വളരുവാനുള്ള കഴിവ്, കമ്പോളത്തിലുള്ള പ്രിയം, കയറ്റുമതിക്കുള്ള ഉയര്‍ന്ന സാധ്യത, ലളിതമായ മാര്‍ഗങ്ങളിലൂടെ വിത്തുത്പാദനത്തിനുള്ള സാധ്യത എന്നിവയെല്ലാം തന്നെ അസംവാളയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. പ്രാണവായുവിന്റെ അളവ് നന്നേ കുറഞ്ഞ ജലത്തിലും ഈ മത്സ്യത്തെ വളര്‍ത്താന്‍ സാധിക്കും എന്നത് മറ്റൊരു പ്രത്യേകതയാണ്. അന്തരീക്ഷവായു നേരിട്ട് ശ്വസിക്കുന്നതിന് സഹായിക്കുന്ന ഉപശ്വസനാവയവം അസംവാളയ്ക്കുണ്ട്.

കൃഷിക്ക് മുന്നോടിയായി കുളങ്ങള്‍ വറ്റിച്ച് ഉണക്കിയെടുക്കുന്നത് അഭികാമ്യമാണ്. മണ്ണിന്റെ പോഷകമൂല്യം വര്‍ധിപ്പിക്കുന്നതിനും അടിത്തട്ടിലെ വിഷവാതകങ്ങളെ ഇല്ലാതാക്കുന്നതിനും കുളമത്സ്യനിര്‍മാര്‍ജനത്തിനും കുളങ്ങള്‍ വറ്റിച്ചു ഉണക്കിയെടുക്കുന്നതുമൂലം സാധിക്കുന്നു. അതിനുശേഷം മണ്ണിന്റെ അമ്ലാംശം പരിശോധിച്ച് ആവശ്യമായ അളവില്‍ കുമ്മായപ്രയോഗം നടത്തണം. വളപ്രയോഗം കാര്‍പ്പു മത്സ്യകൃഷിയിലേതുപോലെത്തന്നെ മതിയാവും.

ആവശ്യമായ അളവില്‍ (ഒന്നു മതുല്‍ രണ്ടു മീറ്റര്‍ വരെ ആഴത്തില്‍) കുളത്തില്‍വെള്ളം നിറച്ചശേഷം മത്സ്യവിത്ത് നിക്ഷേപിക്കാം. വിത്ത് നിക്ഷേപസമയത്ത് 'പൊരുത്തപ്പെടുത്താന്‍' അതീവ ശ്രദ്ധയോടെ വേണം നിര്‍വഹിക്കാന്‍. അതിരാവിലെയോ വൈകുന്നേരമോ മാത്രമേ വിത്തു നിക്ഷേപിക്കാവൂ. വിത്തു നിക്ഷേപത്തോത് ചതുരശ്രമീറ്ററിന് മൂന്നു മുതല്‍ 15 വരെ എന്ന നിരക്കിലാവാം. മത്സ്യക്കൂടുകളില്‍ ഇത് 60 - 80 വരെയാവാം. അര്‍ധ-ഊര്‍ജിത കൃഷിരീതികള്‍ അവലംബിക്കുകയാണെങ്കില്‍ കുളങ്ങളില്‍ ചതുരശ്രമീറ്ററിന് 60 മുതല്‍ 80 വരെയും കൂടുകളില്‍ 100 - 150 വരെയും വിത്തു സംഭരിക്കാം.

അസംവാള സര്‍വഹാരിയാണ്. സസ്യജന്യപദാര്‍ഥങ്ങളും ജന്തുജന്യപദാര്‍ഥങ്ങളും ഇവ ആഹരിക്കുന്നു. അടുക്കളയില്‍ നിന്നുള്ള അവശിഷ്ടങ്ങളും തവിട്, കപ്പലണ്ടിപ്പിണ്ണാക്ക് എന്നിവയും തീറ്റയായി നല്‍കാം. എന്നാല്‍ ഉയര്‍ന്ന ഉത്പാദനത്തിന് 28 മുതല്‍ 32 ശതമാനം വരെ മാംസ്യം അടങ്ങിയ തീറ്റ നല്‍കേണ്ടതാണ്. മത്സ്യത്തിന്റെ ശരാശരി തൂക്കത്തിന്റെ 2.5 ശതമാനം നിരക്കിലാണ് തീറ്റ നല്‍കേണ്ടത്. ഗുണനിലവാരമുള്ള തീറ്റ നല്‍കുകയാണെങ്കില്‍ 1.50 കി.ഗ്രാം തീറ്റകൊണ്ട് ഒരു കിലോഗ്രാം മത്സ്യം ഉത്പാദിപ്പിക്കാന്‍ കഴിയും.
മത്സ്യവളര്‍ച്ച, അതിജീവന നിരക്ക്, നല്‍കേണ്ട തീറ്റയുടെ അളവ് എന്നിവ തിട്ടപ്പെടുത്തുന്നതിന് രണ്ടാഴ്ചയില്‍ ഒരു തവണ സാംപ്ലിങ് നടത്തേണ്ടതാണ്.ഉദ്ദേശം 5-6 മാസത്തിനകം വിളവെടുക്കാം. ഈ കാലയളവില്‍ അസംവാള ഒന്നു മുതല്‍ 1.5 കി.ഗ്രാം വരെ വളര്‍ച്ച പ്രാപിക്കും. 80 മുതല്‍ 90 ശതമാനം വരെ അതിജീവനനിരക്ക് പ്രതീക്ഷിക്കാം. അങ്ങനെയായാല്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍പ്പോലും 5 - 6 മാസത്തിനകം 40 ടണ്ണില്‍ കൂടുതല്‍ മത്സ്യം ഒരു ഹെക്ടറില്‍നിന്ന് ഉത്പാദിപ്പിക്കാം.

അസംവാളകൃഷിക്ക് അക്വാകള്‍ച്ചര്‍ അതോറിറ്റിയില്‍ നിന്നുള്ള അനുമതിയാവശ്യമാണ് എന്നുകൂടി അറിയുക.Stories in this Section