വീടുകള്‍ക്ക് മനോഹാരിത നല്‍കി അലങ്കാരമത്സ്യങ്ങള്‍

Posted on: 23 Jan 2012


വീടുകളെയും ഓഫീസുകളെയും മനോഹരമാക്കുന്ന അലങ്കാര വസ്തുക്കളില്‍ അക്വേറിയങ്ങള്‍ക്ക് ഇന്ന് മുന്തിയ സ്ഥാനമാണുള്ളത്. അലങ്കാരമത്‌സ്യ കൃഷിക്കായി മല്‍സ്യങ്ങളെ തിരഞ്ഞെടുക്കുന്നതും ഭക്ഷണം നല്‍കുന്നതുമുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

രോഗബാധയില്ലാത്ത മത്സ്യക്കുഞ്ഞുങ്ങളെ നോക്കി വേണം കൃഷിക്ക് തിരഞ്ഞെടുക്കാന്‍. രോഗബാധയുള്ള മത്സ്യക്കുഞ്ഞുങ്ങള്‍ തികച്ചും അലസരായിരിക്കും. അവ ഭക്ഷണം കഴിക്കുന്നതില്‍ താത്പര്യം കാണിക്കാറില്ല. ഇത്തരം മത്സ്യങ്ങള്‍ അക്വേറിയത്തില്‍ ഉണ്ടെങ്കില്‍ മാറ്റി പാര്‍പ്പിക്കേണ്ടതാണ്. അലങ്കാരമത്സ്യങ്ങളെ നിക്ഷേപിക്കുന്ന അക്വേറിയത്തില്‍ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. ക്ലോറിന്‍ വെള്ളമാണ് ഉപയോഗിക്കുന്നതെങ്കില്‍ വെള്ളം തുറന്നുവച്ച് ക്ലോറിന്റെ അംശം പൂര്‍ണമായും നീക്കംചെയ്യണം.

അക്വേറിയത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുമ്പോള്‍ പരസ്പരം ആക്രമിക്കുന്ന സ്വഭാവമുള്ളവയെ ഒരുമിച്ചിടരുത്. കൂടാതെ, അധികം മത്സ്യങ്ങളെ അക്വേറിയത്തില്‍ വളര്‍ത്തരുത്. ഇത് സമ്മര്‍ദരോഗം പിടിപെടുന്നതിന് വഴിയൊരുക്കും.

മത്സ്യങ്ങള്‍ക്ക് കൃത്രിമ ഭക്ഷണം നല്‍കാം. എന്നാല്‍, അമിതമായി ഭക്ഷണം നല്‍കാതെ ശ്രദ്ധിക്കണം. എല്ലാ ദിവസവും രാവിലെയും വൈകീട്ടും ഭക്ഷണം നല്‍കുന്നതാണ് നല്ലത്. ടാങ്കില്‍ മലിനവസ്തുക്കള്‍ ഉണ്ടായാല്‍ അവ യഥാസമയം നീക്കം ചെയ്ത് ടാങ്ക് വൃത്തിയായി സൂക്ഷിക്കണം. ജലസസ്യങ്ങള്‍ വളര്‍ത്തി ടാങ്കില്‍ സ്വാഭാവിക അന്തരീക്ഷം ഉണ്ടാക്കിയെടുക്കാവുന്നതാണ്. എന്നാല്‍, കൂര്‍ത്ത മുനകളും വശങ്ങളുമുള്ള കല്ലുകളോ മരക്കഷ്ണങ്ങളോ ടാങ്കില്‍ വയ്ക്കാന്‍ പാടില്ല. അക്വേറിയത്തിനുള്ളിലെ വെള്ളം ഇടയ്ക്ക് ഇളക്കിക്കൊടുക്കുന്നത് നല്ലതാണ്. ഈ പ്രക്രിയമൂലം ഓക്‌സിജന്റെ അളവ് കൂടുന്നതിനും വിസര്‍ജ്യവസ്തുക്കളുടെയും ആഹാരാവശിഷ്ടങ്ങളുടെയും വിഘടനം മൂലമുണ്ടാകുന്ന അമോണിയയുടെ ഓക്‌സീകരണത്തിന് സഹായകമാവുകയും ചെയ്യും.


Stories in this Section