കൊച്ചി സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് ദേശീയ പുരസ്‌കാരം

Posted on: 12 Jan 2012കക്കാവര്‍ഗ ജീവികളെ കൃഷിയിലൂടെ ഉല്പാദിപ്പിക്കുന്ന ഏഷ്യയിലെ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഏഴാം സ്ഥാനത്തെത്തിച്ച കൊച്ചി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം, മൊളസ്‌കന്‍ വിഭാഗത്തിന് ദേശീയ പുരസ്‌കാരം. ലോകപ്രശസ്ത അക്വാ കള്‍ച്ചര്‍ ശാസ്ത്രജ്ഞനായ ഡോ. ടി.വി.ആര്‍. പിള്ളയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പിള്ള അക്വാ കള്‍ച്ചര്‍ അവാര്‍ഡാണ് സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിന് കിട്ടിയത്.

കല്ലുമ്മക്കായ്, കായല്‍ മുരിങ്ങ എന്നിവ ശാസ്ത്രീയാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതില്‍ ഏഷ്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം ചൈനയാണ്. ജപ്പാന്‍, കൊറിയ, ഫിലിപ്പിന്‍സ്, തായ്‌ലന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഇന്ത്യക്കാണ്. ഈ നേട്ടത്തിന് പിന്നില്‍ സി.എം.എഫ്.ആര്‍.ഐ. മൊളസ്‌കന്‍ വിഭാഗം ശാസ്ത്രജ്ഞരുടെ സമര്‍പ്പണവും അദ്ധ്വാനവും ഏറെയാണ്.
മൊളസ്‌കന്‍ വിഭാഗം തലവന്‍ ഡോ. സുനില്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ടീമാണ് വര്‍ഷങ്ങളായി കക്കാവര്‍ഗ ജീവികളുടെ ശാസ്ത്രീയ കൃഷി വികസിപ്പിച്ചത്. തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളെയും സ്ത്രീ സ്വയംസഹായ സംഘങ്ങളെയും ഉള്‍പ്പെടുത്തിയാണ് കൃഷി വിജയകരമാക്കിയത്.

എറണാകുളം ജില്ലയില്‍ മൂത്തകുന്നം, കൊട്ടുവള്ളിക്കാട്, കോട്ടപ്പുറം കായലുകളിലാണ് കല്ലുമ്മക്കായ്, കായല്‍ മുരിങ്ങ കൃഷി നടത്തിയത്. കാസര്‍കോട് ജില്ലയിലെ പടന്ന, കൊല്ലം ജില്ലയിലെ ദളവാപുരം, തങ്കശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലും ഈ കൃഷി വ്യാപിപ്പിച്ചു. സ്ത്രീ തൊഴിലാളികളുടെ സ്വയംസഹായ സംഘങ്ങള്‍ രൂപവത്കരിച്ച് കൃഷിയിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ പ്രാപ്തരാക്കി.

കല്ലുമ്മക്കായ്, മുരിങ്ങ ഇറച്ചി വിപണനത്തില്‍ നടപ്പാക്കയ നൂതനരീതികള്‍ വഴി ഇത് ജനപ്രിയമാക്കാനുള്ള ശ്രമങ്ങളും അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയുടെ പ്രശംസയ്ക്കിടയാക്കി.

1995 ല്‍ രണ്ട് ടണ്‍ കല്ലുമ്മക്കായ് മാത്രമാണ് ഇവിടെ ഉല്പാദിപ്പിച്ചിരുന്നത്. കായല്‍ മുരിങ്ങ ഒന്‍പത് ടണ്ണും. 2009 ആയപ്പോഴേക്കും ഇതിന്റെ രണ്ടിന്റെയും ഉല്പാദനം ഏതാണ്ട് ഇരുപതിനായിരം ടണ്ണാക്കി ഉയര്‍ത്താന്‍ സി.എം.എഫ്.ആര്‍.ഐ.ക്ക് കഴിഞ്ഞു. കക്കാവര്‍ഗ ജീവികളുടെ കൃഷി നടത്തുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയെ ആദ്യത്തെ 10 രാജ്യങ്ങളുടെ പട്ടികയിലെത്തിയ്ക്കാന്‍ ഈ ടീംവര്‍ക്കിന് കഴിഞ്ഞതും അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ചൂണ്ടിക്കാട്ടി.

കക്കാവര്‍ഗ ജീവികളുടെ അതിനൂതന ശുദ്ധീകരണ സംവിധാനവും ഉല്പന്നങ്ങളുടെ വൈവിധ്യവത്കരണവും നടപ്പാക്കിയതും ഏറെ ശ്രദ്ധേയമാണ്. കല്ലുമ്മക്കായും കായല്‍ മുരിങ്ങയും ഇന്ന് കേരളത്തിലെ വന്‍കിട ഹോട്ടലുകളില്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഇഷ്ടവിഭവമാണ്.

ചെന്നൈയില്‍ നടന്ന ഒന്‍പതാമത് ഇന്ത്യന്‍ ഫിഷറീസ് ഫോറം സിമ്പോസിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര കാര്‍ഷിക ഗവേഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മീനാ കുമാരിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഡോ. സുനില്‍ മുഹമ്മദ്, ഡോ. ടി.എസ്. വേലായുധന്‍, ഡോ. വി. കൃപ, ഡോ. അശോകന്‍, ഡോ. ലക്ഷ്മിലത, മാത്യു ജോസഫ്, സുരേന്ദ്രന്‍, ശിവദാസന്‍, ബി. ജെന്നി, പി.എസ്. അലോഷ്യസ് എന്നിവരുള്‍പ്പെട്ട ടീമിനാണ് ബഹുമതി ലഭിച്ചത്.


Stories in this Section