പ്രസവിക്കാതെ പാല്‍ ചുരത്തുന്ന 'ചെമ്പക'വുമായി മന്ത്രി ജോസഫ്‌

Posted on: 04 Jan 2012


തൊടുപുഴ: ആറര വയസ്സുകാരി 'ചെമ്പകം' ഇതേവരെ പ്രസവിച്ചിട്ടില്ല. എന്നാല്‍, നാലുവര്‍ഷമായി ചെമ്പകം പ്രതിദിനം ചുരത്തുന്നത് പതിനൊന്ന്‌ലിറ്റര്‍ പാല്‍. മന്ത്രി പി.ജെ.ജോസഫിന്റെ പശുക്കൂട്ടത്തിലെ സുന്ദരിയാണ് 'ചെമ്പകം'.

ഹോര്‍മോണിന്റെ വ്യതിയാനമാണ് ചെമ്പകത്തെ മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തയാക്കിയത്. രാവിലെ ഏഴ് ലിറ്ററും വൈകീട്ട് നാല് ലിറ്ററും പാല്‍ ലഭിക്കുന്നുണ്ട്. കറവ കഴിഞ്ഞാലും വീട്ടില്‍ അടിയന്തര ആവശ്യത്തിന് പാല്‍ വേണ്ടിവന്നാല്‍ ആദ്യം ചെല്ലുന്നത് ചെമ്പകത്തിനടുത്തേക്കാണ്. ഒരുഗ്ലാസ് പാലെങ്കിലും ലഭിക്കാതിരിക്കില്ലെന്ന് ഫാമിന് നേതൃത്വം നല്‍കുന്ന ഷാലി പറയുന്നു.

നാലുവര്‍ഷം മുമ്പ് ഇണചേരാനുള്ള പ്രവണത കാണിച്ചു. അടുത്തദിവസം അകിടില്‍നിന്ന് പാല്‍ തനിയെ ഒഴുകാന്‍ തുടങ്ങി. പാല്‍ തിളപ്പിച്ചുനോക്കി. വ്യത്യാസമൊന്നും കാണാത്തതുകൊണ്ട് കറവയും തുടങ്ങി.

കാലിത്തീറ്റയും, ഗോതമ്പും പച്ചരിയും ചോളവും ഒന്നിച്ച് വാറ്റിയ ബിയര്‍വേസ്റ്റുമാണ് ആഹാരം. ചെമ്പകം ഉള്‍പ്പെടെ 75 പശുക്കള്‍ മന്ത്രിയുടെ ഫാമിലുണ്ട്. തൊടുപുഴയില്‍ നടക്കുന്ന കാര്‍ഷികമേളയിലെ കാലിപ്രദര്‍ശനത്തിന് ചെമ്പകത്തെയും മന്ത്രി കൊണ്ടുവന്നിരുന്നു.


Stories in this Section