
നമുക്ക് സുപരിചിതമായ ചാമ്പയുടെ ബന്ധുവാണ് സൂരിനാംചെറി. ഇതിന് 'ദക്ഷിണേന്ത്യന്‍ ചെറി' എന്നുമുണ്ട് പേര്. ബ്രസീലിയന്‍ ചെറി എന്നും വിളിക്കും. മറുനാടന്‍ വിപണിയില്‍ ഇതിന് 'പിറ്റങ്ക' എന്നാണ് പേര്. 'ചുവപ്പ്' എന്നര്‍ഥം വരുന്ന 'പിരങ്ക' എന്ന വാക്കില്‍നിന്നാണ് ഈ വാക്കുണ്ടായത്.
സൂരിനാം, ഗയാന തുടങ്ങിയ ഉഷ്ണമേഖലാനാടുകളില്‍ പിറവിയെടുത്ത സൂരിനാം ചെറിയുടെ വിത്തുകള്‍ ഇന്ത്യന്‍ മണ്ണിലെത്തിച്ചത് പോര്‍ച്ചുഗീസുകാരാണ്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ നന്നായി വളരും. നല്ല വെയിലും ഇടത്തരം മഴയും കൃഷിക്ക് മെച്ചമാണ്. ആഴത്തില്‍ വേരോടുന്നതായതിനാല്‍ ദീര്‍ഘമായ ഉണക്കുകാലം അതിജീവിക്കും. ഏതുതരം മണ്ണിലും വളരും. മണല്‍ മണ്ണും മണല്‍ കലര്‍ന്ന ഏക്കല്‍മണ്ണും വെള്ളക്കെട്ടുള്ള മണ്ണും ഒക്കെ നന്ന്. ഉപ്പുരസമുള്ള പ്രദേശത്തോട് താത്പര്യമില്ല.
സൂരിനാംചെറി പരമാവധി എട്ട് മീറ്റര്‍ ഉയരത്തില്‍ വളരും. കനംകുറഞ്ഞ് പടര്‍ന്നുവളരുന്ന ചില്ലകളിലെ ഇലകള്‍ക്ക് നേരിയ ഗന്ധമുണ്ട്. കിളുന്നിലകള്‍ക്ക് ചെമ്പുനിറവും വളരുമ്പോള്‍ കടുത്ത പച്ചനിറവും തിളക്കവുമുണ്ടാകും. നീണ്ട തണ്ടിലുണ്ടാകുന്ന വെള്ളപ്പൂക്കള്‍ക്ക് സുഗന്ധമുണ്ട്. ചെറിയുടെ കായ്കള്‍ക്ക് ഏഴെട്ട് വരിപ്പുണ്ട്. പച്ച കായ്കള്‍ വിളഞ്ഞു പഴുക്കുമ്പോള്‍ നല്ല കടും ചുവപ്പുനിറമായി മാറും. പഴത്തൊലിക്ക് തീരെ കനം കുറവ്. പഴക്കാമ്പിന് ചുവപ്പുനിറവും നേരിയ പുളിയും മധുരവും കലര്‍ന്ന സ്വാദാണ്. വിത്തു പാകിയാണ് സൂരിനാംചെറി വളര്‍ത്തുക. മൂന്നു നാല് ആഴ്ച മതി വിത്തുമുളയ്ക്കാന്‍. ഇന്ത്യന്‍ കാലാവസ്ഥയില്‍ പതിവെച്ചും തൈകള്‍ വിജയകരമായി ഉത്പാദിപ്പിക്കാം. തൈകളെ വശം ചേര്‍ത്തൊട്ടിക്കലോ ആപ്പൊട്ടിക്കലോ നടത്തി കൂടുതല്‍ മികവുറ്റതാക്കാം. സാവധാനമാണ് വളര്‍ച്ച. ചില ചെടികള്‍ രണ്ടു വയസ്സാകുമ്പോള്‍ തന്നെ കായ്ക്കാന്‍ തുടങ്ങും. ചിലതിന് അഞ്ച് ആറ് വര്‍ഷം വരെ വേണ്ടിവരും. നനയോട് ഇത്രവേഗം പ്രതികരിക്കുന്ന മറ്റൊരു വിള ഇല്ല എന്നുതന്നെ പറയാം. നന്നായി നനച്ചുവളര്‍ത്തുന്ന ചെടികളിലെ കായ്കള്‍ താരതമ്യേന വലുതും ഹൃദ്യസുഗന്ധമുള്ളതുമായിരിക്കും. പൂ വിരിഞ്ഞ് മൂന്നു ആഴ്ച മതി കായ് വളര്‍ന്നുവിളയാന്‍. വിളഞ്ഞുപാകമായ കായകള്‍ തൊട്ടാല്‍ കൈയിലേക്ക് ഇറുന്നുവീഴുന്ന പരുവമാണ് വിളവെടുപ്പിന് നല്ലത്. ശരിക്കുവിളയാത്ത കായ്കളില്‍ കറയൂറും. അത്യാവശ്യം കൊച്ചു കൊമ്പു കോതി വളര്‍ത്തുന്ന ചെടികളില്‍ നിന്ന് ശരാശരി മൂന്നര കിലോ വരെ കായ്കള്‍ കിട്ടും.സൂരിനാംചെറി രണ്ടുതരമുണ്ട്. ഒന്ന് സാധാരണ കാണുന്ന തിളങ്ങുന്ന ചുവപ്പുനിറമുള്ളതും മറ്റൊന്ന് കരിംചുവപ്പു നിറവും കൂടുതല്‍ മധുരമുള്ളതും. 100 ഗ്രാം പഴത്തില്‍ മാംസ്യം, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, നാര്, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിന്‍, തയാമിന്‍, റിബോഫ്ലേവിന്‍, നിയാസിന്‍, അസ്‌കോര്‍ബിക് ആസിഡ് എന്നിവയുണ്ട്. പഴത്തില്‍നിന്ന് ജാം, ജെല്ലി, അച്ചാര്‍, ഐസ്‌ക്രീം, വിനാഗിരി, വീഞ്ഞ് തുടങ്ങി ചാരായം വരെ നിര്‍മിക്കുന്നു.