മിസ് കേരളയുടെ രണ്ടാം തലമുറയ്ക്ക് പരീക്ഷണ വിജയം

Posted on: 23 Dec 2011


കൊച്ചി: ആഗോള അലങ്കാര മത്സ്യ വിപണിയുടെ പ്രിയതാരം 'മിസ് കേരള' യുടെ ഗ്ലാസ് ടാങ്കിലെ രണ്ടാം തലമുറയ്ക്ക് പനങ്ങാട് ഫിഷറീസ് സര്‍വ്വകലാശാലയില്‍ ജനനം. ലോക വിപണിയില്‍ മൂല്യമേറിയ ഇനങ്ങളില്‍ ഒന്നായ 'പുന്‍ടിയസ് ഡെനിസോണി' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന 'മിസ് കേരള'യെ പനങ്ങാട് ഫിഷറീസ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്മാര്‍ ബന്ധിത പ്രജനനം നടത്തിയത് 2009 ല്‍ വാര്‍ത്തയായിരുന്നു.

വംശനാശം നേരിടുന്ന ഈ ഇനത്തെ സംരക്ഷിക്കുവാനും കയറ്റുമതിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുവാനുമായി മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്പ്‌മെന്‍റ് അതോറിറ്റി (എംപിഇഡിഎ) യുടെ ധനസഹായത്തോടെ നടത്തിയ പഠനങ്ങളുടെ ഫലമായിട്ടാണ് ഡോ. അന്ന മേഴ്‌സിയുടെ നേതൃത്വത്തില്‍ 2009 ല്‍ 'മിസ് കേരള'യെ ആദ്യമായി പ്രജനനം നടത്തിയത്. അന്ന് ജനിച്ച 'മിസ് കേരള' യുടെ അടുത്ത തലമുറയാണ് ഇപ്പോള്‍ പ്രജനനം നടത്തിയിരിക്കുന്നത്. ഇതോടെ 'മിസ് കേരള'യുടെ ബന്ധിത പ്രജനന പ്രക്രിയ കൂടുതല്‍ സ്വീകാര്യത നേടിയിരിക്കുകയാണ്. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ ഫിഷറീസ് സര്‍വ്വകലാശാലയില്‍ വികസിപ്പിച്ച സാങ്കേതിക വിദ്യ വഴി പ്രജനനം നടത്തുന്നുണ്ട്.
Stories in this Section