കൊച്ചി തുറമുഖത്തിന് എതിര്‍പ്പ്;ഓഷ്യനേറിയം അവതാളത്തില്‍

Posted on: 17 Nov 2011

വി.പി. ശ്രീലന്‍
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട പുതുവൈപ്പിനിലെ 'ഓഷ്യനേറിയം' പദ്ധതി അവതാളത്തില്‍. പുതുവൈപ്പിന്‍ പോലെ തന്ത്രപ്രധാനമായ സ്ഥലത്ത് ഓഷ്യനേറിയം സ്ഥാപിക്കുന്നതിനെതിരെ കൊച്ചി തുറമുഖ ട്രസ്റ്റ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിക്കഴിഞ്ഞു. പുതുവൈപ്പിനില്‍ 50 ഏക്കര്‍ ഭൂമി ഓഷ്യനേറിയം സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിട്ടുകൊടുത്തിരുന്നു. ഈ ഭൂമി ഒരുകാരണവശാലും ഓഷ്യനേറിയത്തിനായി ഉപയോഗിക്കരുതെന്നാണ് തുറമുഖ ട്രസ്റ്റിന്റെ നിലപാട്.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇന്ധന സംഭരണ കേന്ദ്രമാണ് പുതുവൈപ്പിനില്‍ നിര്‍മിക്കുന്നതെന്ന് തുറമുഖ ട്രസ്റ്റ് ചൂണ്ടിക്കാട്ടുന്നു. ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ക്ക് അനുബന്ധമായുള്ള പൈപ്പ്‌ലൈനുകള്‍ കടന്നുപോകുന്ന മേഖലയാണിത്. അപകടസാധ്യതയുള്ള ഈഭാഗത്ത് ഓഷ്യനേറിയം സ്ഥാപിക്കുന്നതും ടൂറിസം മേഖലയായി വളര്‍ത്തിയെടുക്കുന്നതും അപകടമാണെന്ന് പോര്‍ട്ട് ട്രസ്റ്റ് ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ കാരണങ്ങളാല്‍ പുതുവൈപ്പിനില്‍ ഈ പദ്ധതി നടപ്പാക്കരുതെന്നാണ് തുറമുഖ ട്രസ്റ്റിന്റെ നിര്‍ദേശം. ഇതോടെ, ഓഷ്യനേറിയം പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയാത്ത സ്ഥിതിയാണുണ്ടായിട്ടുള്ളത്.

സമുദ്ര ഗവേഷണത്തോടൊപ്പം ടൂറിസവും കൂടി ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയതാണ് ഓഷ്യനേറിയം പദ്ധതി. എസ്. ശര്‍മ ഫിഷറീസ് മന്ത്രിയായിരുന്ന കാലത്ത് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്.സമുദ്രത്തിന്റെ അടിത്തട്ടിലെ ജീവിതത്തെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാക്കാനും ജൈവ വൈവിധ്യം കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്താനും ലക്ഷ്യമിട്ടാണ് കൊച്ചിയില്‍ ഓഷ്യനേറിയം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അറബിക്കടലിലെ ജീവജാലങ്ങളും അവയുടെ ജീവിതവും അതേപടി കാണുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുവാനായിരുന്നു പദ്ധതി. കടലിന്റെ അടിത്തട്ടിലൂടെ കടന്നുപോകുന്ന അനുഭവം കാഴ്ചക്കാരന് ലഭിക്കും. ഏഷ്യയില്‍, മലേഷ്യയില്‍ മാത്രമാണിപ്പോള്‍ ഓഷ്യനേറിയമുള്ളത്. ഇന്ത്യയിലെ ആദ്യത്തെ ഓഷ്യനേറിയം എന്ന നിലയില്‍ പുതുവൈപ്പിനിലേതിന് വലിയ പ്രാധാന്യം ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു.

സമുദ്രശാസ്ത്ര ഗവേഷണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം, ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു. 480 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം എന്ന നിലയിലാണ് സര്‍ക്കാര്‍ ഭൂമി നല്‍കിയത്. ഓഷ്യനേറിയം സ്ഥാപിക്കുന്നതിന് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി എന്ന പേരില്‍ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. കെ.എസ്.ഐ.ഡി.സി.യും പദ്ധതിയുമായി സഹകരിച്ചിരുന്നു.

തുറമുഖ ട്രസ്റ്റിന്റെ എതിര്‍പ്പ് ശക്തമായതോടെ, സൊസൈറ്റി യോഗം ചേര്‍ന്ന് പുതിയ വഴികള്‍ ആലോചിക്കുന്നുണ്ട്. ഭൗമ മന്ത്രാലയത്തിന്റെ ഓഫീസ് പുതുവൈപ്പിനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ, സമുദ്രശാസ്ത്രത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള ഫിഷറീസ് സര്‍വകലാശാലയുടെ രണ്ട് സ്‌കൂളുകളും ഇവിടെ തുടങ്ങുന്നുണ്ട്. സമുദ്രഗവേഷണ കേന്ദ്രം എന്ന നിലയില്‍ ഓഷ്യനേറിയം സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിതെന്ന നിലപാടാണ് സൊസൈറ്റിക്ക്.

വിദഗ്ധ സമിതിയെ നിയോഗിക്കും

തുറമുഖ ട്രസ്റ്റ് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനും പ്രത്യാഘാതങ്ങള്‍ പഠിക്കുന്നതിനും വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി തീരുമാനിച്ചിട്ടുണ്ട്. വിദഗ്ധ സമിതിയെ കണ്ടെത്തുന്നതിന് ഫിഷറീസ് സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫിഷറീസ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് പറഞ്ഞു.


ഇന്ധന ടാങ്കുകള്‍ സ്ഥാപിച്ചിട്ടുള്ളത് കടലിനോട് ചേര്‍ന്നാണ്. ഓഷ്യനേറിയം സ്ഥാപിക്കുന്നത് റോഡിന്റെ കിഴക്കുവശത്തുള്ള സര്‍ക്കാര്‍ ഭൂമിയിലാണ്. സമുദ്ര ഗവേഷണ കേന്ദ്രം എന്ന നിലയില്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഓഷ്യനേറിയത്തിനായി കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യങ്ങള്‍ വിദഗ്ധ സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. അതിന്റെ അടിസ്ഥാനത്തില്‍ ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Stories in this Section