
'കണ്ണും മൂക്കും ചെവിയുമൊന്നുമില്ലാത്ത, വായ മാത്രമുള്ളൊരു വികലാംഗന്. പച്ചവെള്ളം മാത്രം കുടിച്ച് ജീവിക്കുന്ന സാത്വികന്'. തോടുള്ള, ഭക്ഷ്യയോഗ്യമായ ജലജീവികളില്പ്പെട്ട 'മുരു'വിനെപ്പറ്റി നാട്ടിന്‍പുറത്തുകാരുടെ വിശേഷണം ഇങ്ങനെയാണ്. പതിറ്റാണ്ടുകളായി തങ്ങളുടെ ജീവിതത്തിന്റെതന്നെ ഭാഗമായ മുരുവിന്റെ ശാസ്ത്രീയതകളെക്കുറിച്ചൊന്നും ഇവര്‍ക്കറിയില്ല. പക്ഷേ ഒന്നറിയാം, കാലാകാലങ്ങളായി ഇവരെ പോറ്റിയത് ഈ ചെറു ജലജീവിയാണ്. തലശ്ശേരി ധര്‍മ്മടം ഗ്രാമപ്പഞ്ചായത്തില്‍പ്പെട്ട കിഴക്കെ പാലയാട് ഒഴയില്‍ ഭാഗം മേഖലയിലെ നിരവധി സാധാരണക്കാര്‍ ജീവിതം കരുപ്പിടിപ്പിച്ചത് മുരുവിന്റെ ഇറച്ചി ശേഖരിച്ച് വിറ്റാണ്. ഇറച്ചിശേഖരണം തൊഴിലാക്കിയവരുടെ എണ്ണം കുറഞ്ഞുവെങ്കിലും സ്വന്തം ആവശ്യത്തിനായി ഇപ്പോഴും പുഴയിലിറങ്ങുന്നവര്‍ നിരവധി. ജില്ലയില്‍ത്തന്നെ മുരു സുലഭമായി ലഭിക്കുന്ന സ്ഥലങ്ങളാണ് കിഴക്കെ പാലയാട്, ഒഴയില്‍ ഭാഗം പ്രദേശങ്ങള്‍. രുചികരമായ മുരു ഇറച്ചി ഇവിടത്തെ മാത്രം പ്രത്യേകതയാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. അഴിമുഖത്തോട് ചേര്‍ന്ന് അഞ്ചരക്കണ്ടിപ്പുഴയിലാണ് ഈ 'രുചിസമ്രാട്ടി'ന്റെ താവളം.
നാട്ടിന്‍പുറങ്ങളില്‍നിന്ന് വന്‍കിട ഹോട്ടലുകളിലെ തീന്മേശവരെയെത്തിക്കഴിഞ്ഞു മുരു ഇറച്ചി. മെനുവിലെ 'ഓയിസ്റ്റര്‍' വിഭവങ്ങളില്‍ വി.ഐ.പി. ഓയിസ്റ്റേഴ്സ് പ്രധാനമായും രണ്ടുതരത്തിലാണ്. ട്രൂ ഓയിസ്റ്റേഴ്സും പേള്‍ ഓയിസ്റ്റേഴ്സും. ഇതില്‍ ട്രൂ ഓയിസ്റ്റേഴ്സ് വിഭാഗത്തില്‍പ്പെട്ട എഡിബിള്‍ ഓയിസ്റ്ററാണ് 'മുരു' എന്ന പേരില്‍ അറിയപ്പെടുന്നത്. (ചില സ്ഥലങ്ങളില്‍ 'മുരിങ്ങ' എന്നും പേരുണ്ട്).എക്കണ്ടി ഉസ്മാന്, ജബ്ബാര്‍, പ്രസാദന്‍, പ്രേമന്, മൂസ, കുട്ടന് എന്ന പ്രജീഷ്... കിഴക്കെ പാലയാട്-ഒഴയില്‍ ഭാഗം മേഖലയില്‍ മുരു ഇറച്ചി ശേഖരണം നിത്യവൃത്തിയാക്കിയവരുടെ നിര നീളുന്നു. ചിറമ്മല്‍ പാത്തൂട്ടി എന്ന തൊണ്ണൂറുകാരിയാണ് ഇവരിലെ 'സീനിയര്‍'. വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ പുഴയില്‍ മുങ്ങി മുരുവും ഇളമ്പക്കയും ശേഖരിച്ചിരുന്നു ഇവര്‍. ഇപ്പോള്‍ വയ്യാതായി.

'ഭര്‍ത്താവ് മരിച്ചതിനുശേഷം തൊടങ്ങിയ പണിയാ ഇത്. ഓര്മ ശരിയാണെങ്കില്‍ 46-ാം വയസ്സില്‍ പുഴയിലിറങ്ങി. ഒരാണും നാല് പെണ്ണുമാ എനിക്ക്. എല്ലാരെയും പഠിപ്പിച്ച് ഒരു നെലേലാക്കിയത് പൊഴേടെ കാരുണ്യംകൊണ്ടാ; മുരൂന്റേം' -പാത്തൂട്ടി ഉമ്മ പറയുന്നു. നീന്തല്‍ നല്ല വശമുള്ള പാത്തൂട്ടി ഉമ്മ പുഴയില്‍ വഞ്ചിയിറക്കിവരെ മുരു ശേഖരിച്ചിട്ടുണ്ട്.എണ്‍പതുകാരനായ പാലേരി ഹൗസില്‍ എം.കെ.വാസുദേവനാണ് മുരുവിന്റെ 'മെരുക്കം' കണ്ടറിഞ്ഞ തലമുതിര്‍ന്ന മറ്റൊരാള്‍.
'പണ്ടുകാലത്ത് കുടുംബം കഴിഞ്ഞുകൂടിയതുതന്നെ ഇതുകൊണ്ടാ. ചെറുപ്പത്തില്‍ത്തന്നെ പുഴയിലിറങ്ങി. കാരണവന്മാരും ഈ രംഗത്തുണ്ടായിരുന്നു. ആദ്യമൊക്കെ മക്കളും കൂടെ കൂടിയെങ്കിലും പിന്നീട് മറ്റു തൊഴിലുകള്‍ കിട്ടിയതോടെ അതിന് പോയിത്തുടങ്ങി' -വാസുദേവന്‍ പറയുന്നു. മുരു ഇറച്ചി അന്വേഷിച്ച് ഇങ്ങോട്ടേക്ക് ആള് വരാറാണ് അന്ന് പതിവ്. അച്ചാറിടാനും മറ്റുമായി പണ്ട് മൈസൂരിലേക്കുവരെ മുരു ഇറച്ചി കയറ്റിയയച്ചിരുന്നതായി വാസുദേവന്‍ ഓര്‍ക്കുന്നു. മുരുവിന്റെ തോട് പാലക്കാട്ടേക്കും മറ്റും വന്‍ തോതില്‍ കൊണ്ടുപോയിരുന്നു. 'കക്കയെക്കാളും നല്ല കുമ്മായം ലഭിക്കും മുരുവിന്റെ തോടില്‍നിന്ന്' -വാസുദേവന്‍ ഉറപ്പ്.
100 എണ്ണത്തിന് 150 രൂപ. ഇതാണിപ്പോഴത്തെ വില. പുഴയുടെ ആഴക്കൂടുതലുള്ള ഭാഗങ്ങളില്‍നിന്ന് ശേഖരിക്കുന്നവരില്നിന്ന് മുരു 60 രൂപയ്ക്ക് വാങ്ങി, അതിന്റെ ഇറച്ചിയെടുത്ത് 150 രൂപയ്ക്ക് വില്‍ക്കുന്നവരുമുണ്ട്. ചിറമ്മല്‍ പാത്തൂട്ടിയുടെ പിന്‍ഗാമിയായി മറ്റൊരു സ്ത്രീയുണ്ട് സക്രിയമായി ഇപ്പോള്‍ രംഗത്ത്- മൊയ്തുപ്പാലം പരിസരത്തെ ശാന്ത. വേലിയിറക്കസമയത്ത് മുരു ഇറച്ചി ശേഖരിക്കുന്ന ശാന്ത ഒഴയില്‍ ഭാഗത്തെ പതിവുകാഴ്ചയാണ്.

ചിപ്പിയുടെ ഉള്ളില്‍നിന്ന് മുത്ത് ലഭിക്കുന്നതുപോലെ മുരുവിന്റെ ഉള്ളില്‍നിന്നും മുത്ത് കിട്ടും; വളരെ വിരളമായി. ആയിരക്കണക്കിന് മുരുക്കളില് ഒന്നില്‍നിന്നാണ് മുത്ത് കിട്ടുന്നത്. ഇത്തരം മുത്ത് പൊന്നില്‍ കെട്ടി മനോഹരമായൊരു മൂക്കുത്തിയുണ്ടാക്കിയിട്ടുണ്ട് മുരുവിറച്ചി ശേഖരിക്കുന്ന ശാന്ത.
എക്കണ്ടി ഉസ്മാന് തനിക്ക് ലഭിച്ച കൊച്ചു മുത്തുകള്‍ ഒരു കുപ്പിയില്‍ ഭദ്രമായി ശേഖരിച്ചുവെച്ചിട്ടുണ്ട്. ഇറച്ചിയില്‍ പൂഴിത്തരി പെടുമ്പോള്‍ ജീവി സ്വയമുണ്ടാക്കുന്നൊരു സുരക്ഷാ വലയമാണ് മുത്തായി രൂപാന്തരപ്പെടുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഇറച്ചിയില്‍ പൂഴി തട്ടി വേദനിക്കാതിരിക്കാന്‍ സ്വയയെമാരുക്കുന്നൊരു 'മാജിക്'.