നാളികേരത്തിന്റെ വിലയിടിവും ചില സന്ദര്‍ഭങ്ങളിലുള്ള വില അസ്ഥിരതയും കേരകര്‍ഷകരെ തെല്ലൊന്നുമല്ല വലയ്ക്കാറുള്ളത്. ഇപ്പോള്‍ താരതമ്യേന നല്ല വില ലഭിക്കുന്നുവെങ്കിലും ചില സമയങ്ങളില്‍ ഇത് വളരെക്കുറഞ്ഞുപോവും പച്ചത്തേങ്ങ കിലോയ്ക്ക് 10 രൂപ വരെയെത്തിയ സന്ദര്‍ഭങ്ങളുണ്ടായിരുന്നു കഴിഞ്ഞവര്‍ഷങ്ങളില്‍. അതില്‍ മനംമടുത്ത കര്‍ഷകര്‍ കേരകൃഷിയെ വേണ്ടത്ര  ശ്രദ്ധിച്ചില്ല. എന്നാല്‍ തേങ്ങയുടെ വില വര്‍ധിച്ചുവന്നപ്പോള്‍ വേണ്ടത്ര വിളവില്ലാതെ സങ്കടപ്പെടുകയും ചെയ്തു. 

നീരയുടെ വരവ് നാം ഏറെ പ്രതീക്ഷിച്ചതാണ്. നാട്ടില്‍ ഒട്ടേറെ നാളികേര ഉത്പാദകസംഘങ്ങളും നീരക്കൂട്ടായ്മകളും പിറവിയെടുത്തു. കല്പവൃക്ഷത്തിന്റെ സുവര്‍ണകാലമാണ് വരാന്‍ പോകുന്നതെന്ന് പലരും വിലയിരുത്തി. എന്നാല്‍ നടത്തിപ്പിലെ പ്രശ്‌നങ്ങളും കടലാസിലുള്ളത് പ്രായോഗികമാക്കുമ്പോള്‍ വരുന്ന വെല്ലുവിളികളും നീരയുടെ  ഉത്പാദനത്തിലും സംസ്‌കരണത്തിലും മാര്‍ക്കറ്റിങ്ങിലും നേരിട്ട പരാജയവും കര്‍ഷകരുടെ ആ പ്രതീക്ഷയും കെടുത്തിക്കളഞ്ഞു. വിലസ്ഥിരതയും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച മാര്‍ക്കറ്റും എല്ലായ്‌പ്പോഴും കേര കര്‍ഷകരുടെ സ്വപ്‌നമായിരുന്നു. എന്നാല്‍, നാളികേര വികസന ബോര്‍ഡിന്റെയും മറ്റ് ഏജന്‍സികളുടെയും ശ്രമഫലമായി നാളികേരത്തെ മൂല്യവര്‍ധിത ഉത്പന്നങ്ങളായി വിപണിയിലെത്തിച്ച് ലാഭം കൊയ്യാന്‍ കര്‍ഷകര്‍ പ്രാപ്തരായിക്കൊണ്ടിരിക്കുകയാണ്. ചില ലാഭകരമായ നാളികേര മൂല്യ വര്‍ധിത ഉത്പന്നങ്ങളെയും അവയുടെ സംസ്‌കരണരീതിയും നമുക്ക് നോക്കാം.

തേങ്ങ  ചിപ്‌സ്

coconut chips

കായ, കപ്പ, ചേന, ബ്രഡ്ഫ്രൂട്ട് എന്നിങ്ങനെ മറ്റെല്ലാ വറുത്തെടുത്ത ഉത്പന്നങ്ങളെയും പോലെത്തന്നെ നാളികേരവും ചിപ്‌സാക്കിയെടുത്ത് നേരിട്ട് ഉപയോഗിക്കാം. നാളികേരത്തിന്റെ അകക്കാമ്പ് നേരിയതായി ചെത്തിയെടുത്ത് പഞ്ചസാര സിറപ്പില്‍ മുക്കിയെടുത്ത് ഡ്രൈ ചെയ്താണ് ചിപ്‌സ് തയ്യാറാക്കുന്നത്. പുറംതൊണ്ട് നീക്കിയെടുത്ത നാളികേരം ചിരട്ടപോക്കി കറുത്തതൊലി ചെത്തിയെടുത്ത് അത് ബ്ലാഞ്ചിങ്് എന്ന പ്രക്രിയയ്ക്ക് അതായത് 0.05 ശതമാനം വീര്യമുള്ള പൊട്ടാസ്യം മെറ്റാബൈ സള്‍ഫേറ്റ് ചേര്‍ത്ത തിളച്ചവെള്ളത്തില്‍ 15 മിനിറ്റ് മുക്കിവെക്കുന്നതാണിത്. അതിനുശേഷം വൈബ്രേറ്ററി സ്‌ക്രീനര്‍ എന്ന യന്ത്രത്തിന്റെ സഹായത്തോടെ ഡ്രെയിനിങ് ചെയ്യുന്നു. തേങ്ങയിലുള്ള ജലാംശം നീക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. പിന്നീട് പീലര്‍ എന്ന യന്ത്രത്തിന്റെ സഹായത്താല്‍ ഇത് അരിഞ്ഞ് ചെറുതാക്കുന്നു. 

ഇങ്ങനെ ചെറുതാക്കിയ നാളികേരം 50 ബ്രിക്‌സ് ഗാഢതയുള്ളെ പഞ്ചസാരലായനിയില്‍ ഒരു മണിക്കൂര്‍നേരം മുക്കിവെക്കുന്നു. ലായനിയില്‍ അല്പം ഉപ്പും ചേര്‍ക്കണം. ലായനി നന്നായി ഇളക്കിക്കൊടുക്കണം. പിന്നീട് ജലാംശം വലിച്ചെടുക്കുന്ന പേപ്പറില്‍ നിരത്തി ജലാംശം മാറ്റി വലിയ പാനില്‍ നിരത്തി ഡ്രയറില്‍ 70-80 ഡിഗ്രി ചൂടില്‍ നാലുമണിക്കൂര്‍ ഉണക്കിയെടുക്കണം തട്ടില്‍ പറ്റാതിരിക്കാന്‍ അരമണിക്കൂര്‍ ഇടവിട്ട് ഇളക്കിക്കൊടുക്കണം. ചിപ്‌സിന് നല്ല സ്വര്‍ണനിറമായിമാറാന്‍ ചൂട് 90 ഡിഗ്രിയായി വര്‍ധിപ്പിച്ച് വാങ്ങാം. മൊരിഞ്ഞുകിട്ടിയ ചിപ്‌സ് ചുടാറിയശേഷം കാറ്റുകടക്കാത്തരിതിയില്‍ നെറ്റലൈസ്ഡ് പോളി ഫിലിം, എല്‍.ഡി.പി.ഇ. ഫിലിം എന്നിങ്ങനെ ലാമിനേറ്റ് ചെയ്ത പാക്കറ്റുകളിലാക്കിവിതരണം ചെയ്യാം.

കോക്കനട്ട് ചങ്ക്‌സ്

coconut chunks

നാളികേരം ചകിരികളഞ്ഞ് ചിരട്ടയില്‍ നിന്ന് വേര്‍പെടുത്തിയശേഷം അതിന്റെ ചുവന്ന തോല് മാറ്റി കഴുകിയെടുത്ത അകക്കാമ്പ് ഏകദേശം ഒരിഞ്ച് വലിപ്പത്തില്‍ മുറിച്ചെടുത്ത് തിളച്ചവെള്ളത്തില്‍ പൊട്ടാസ്യം മെറ്റാബൈസള്‍ഫേറ്റ് ചേര്‍ത്ത് മുക്കിവെച്ചതിനുശേഷം അതിനെ പഞ്ചസാരലായനിയില്‍ മുക്കി ഉറപ്പു കൂട്ടുന്നു. അതിനുശേഷം ആലം ലായനിയിലും 15 മിനിറ്റ് മുക്കിവെച്ചതിന് ശേഷം നന്നായി വൃത്തിയാക്കി കഴുകിയെടുത്ത് 50 ബ്രിക്‌സ് ഗാഢതയുള്ള പഞ്ചസാരലായനിയില്‍ ഒരു മണിക്കൂര്‍നേരം മുക്കിവെക്കുന്നു. അടുത്ത ദിവസം  സിട്രിക് ആസിഡ് ചേര്‍ത്ത് 10 മിനിറ്റ് ചൂടാക്കുന്ന ഈ മിശ്രിതത്തില്‍ പഞ്ചസാര ചേര്‍ത്ത് ലായനിയുടെ വീര്യം 80 ബ്രിക്‌സില്‍ എത്തിക്കുന്നു ഇപ്രകാരം അഞ്ചുദിവസം ചെയ്തതിന് ശേഷം കഷ്ണങ്ങള്‍ നിര്‍ജലീകരണം നടത്തി ഡ്രയറില്‍ ഉണക്കിയെടുക്കുക. കാമ്പിന്റെ പുറത്തുള്ള ഒട്ടല്‍ ഒഴിവാക്കാനായി പഞ്ചസാരപ്പൊടി കൊണ്ട് പൊതിയാം. ഇത് പല കളറുകളിലും ഫ്‌ളേവറുകളിലും നിര്‍മിക്കാം. വെള്ളം വലിഞ്ഞ ശേഷം കാറ്റുകടക്കാത്ത രീതിയില്‍ മെറ്റലൈസ്ഡ് പോളി ഫിലിം, എല്‍.ഡി.പി.ഇ. ഫിലിം എന്നിങ്ങനെ ലാമിനേറ്റ് ചെയ്ത പാക്കറ്റുകളിലാക്കിവിതരണം ചെയ്യാം.

കോക്കനട്ട് കുക്കീസ്

coconut

ലോകത്താകമാനം വലിയതോതില്‍ ഉപയോഗിക്കപ്പെടുന്ന സ്‌നാക്‌സ് വിഭവത്തില്‍ പ്രധാനമാണ് കുക്കീസുകള്‍.

നമ്മുടെ നാളികേരമെന്ന വിഭവത്താല്‍ സ്വാദേറിയ കുക്കീസുകള്‍ നിര്‍മിക്കാം. 
മൈദ(ഗോതമ്പ്)പൊടി -അഞ്ചുകിലോ
 വെണ്ണ -മൂന്നുകിലോ
 പഞ്ചസാര അല്ലെങ്കില്‍ ശര്‍ക്കര പൊടിച്ചത് -4 കിലോ
 തേങ്ങാപ്പൊടി- 2കിലോ
വാനില എസന്‍സ്-100 മില്ലി 
 ബേക്കിങ് പൗഡര്‍- 150ഗ്രാം
എന്നിങ്ങനെയാണ് ചേരുവകള്‍ 

അരിപ്പയില്‍ തരിച്ചെടുത്ത (ഗോതമ്പ്)മൈദപ്പൊടിയില്‍ കുറച്ച് ഉപ്പ് ചേര്‍ത്ത് ഇളക്കിയതിന് ശേഷം മയപ്പെടുത്തിയ വെള്ള ചേര്‍ത്ത് നന്നായി മിക്‌സറിന്റെ സഹായത്തോടെ മിക്‌സ് ചെയ്ത ശേഷം അതിനോടൊപ്പം നാളികേരപ്പൊടിയും പഞ്ചസാരപ്പൊടിയും ചേര്‍ത്ത് മാവ് രൂപത്തില്‍ കുഴച്ചെടുത്തതിന് ശേഷം മാവ് ഒരു സെന്റിമീറ്റര്‍ കട്ടിയില്‍ പരത്തിയെടുത്ത് വട്ടത്തിലോ ചതുരത്തിലോ കോണാകൃതിയിലോ മുറിച്ചെടുത്ത് ഓവനില്‍ 180 ഡിഗ്രി ചൂടില്‍ 15 മിനിറ്റ്് വേവിച്ചെടുക്കുന്നു. തണുപ്പിച്ച് വായുകടക്കാത്ത പാക്കറ്റില്‍ നിറച്ച് വിപണനം ചെയ്യാം. വ്യാപകമായ തോതില്‍ നിര്‍മിക്കുമ്പോള്‍ എല്ലാ പ്രക്രിയകള്‍ക്കും യന്ത്രങ്ങള്‍ ഉപയോഗിക്കാം.

ഇവയെക്കൂടാതെ തേങ്ങാപ്പാല്‍  സംസ്‌കരണം, തേങ്ങവെന്ത വെളിച്ചെണ്ണ വിപണനം, നാളികേര ജ്യൂസ് സംസ്‌കരണം, തേങ്ങാപ്പൊടി, കോക്കനട്ട്മില്‍ക്ക് ഐസ്‌ക്രീം, കോക്കനട്ട് തേന്‍,  എന്നിങ്ങനെ നാളികേര ഉത്പന്നങ്ങള്‍ നിര്‍മിച്ച് നമ്മുടെ നാളികേര കര്‍ഷകരെ വില അസ്ഥിരതയില്‍ നിന്ന് രക്ഷിക്കാം.

pramodpurath@gmail.com