ആവശ്യമുള്ള സാധനങ്ങള്‍

1. കൊള്ളി (മരച്ചീനി-അര കിലോ)
2. തേങ്ങ- അര മുറി
3. തുവരപ്പരിപ്പ് -200 ഗ്രാം
4. മഞ്ഞള്‍പൊടി-ചെറിയ സ്പൂണ്‍
5. ചുവന്ന ഉള്ളി-100 ഗ്രാം
6. പുളി-ഒരു വലിയ ഉരുള
7. വറ്റല്‍മുളക്-എട്ടെണ്ണം
8. മല്ലി-രണ്ട് സ്പൂണ്‍
9. തക്കാളി-ഒന്ന് വലുത്
10. കായം-ചെറിയ കഷണം
11. ഉലുവ-അര സ്പൂണ്‍
12. വെളിച്ചെണ്ണ-രണ്ട് സ്പൂണ്‍
13. സാമ്പാര്‍ പൊടി-അര സ്പൂണ്‍
14. കടുക്-രണ്ട് സ്പൂണ്‍
15. കറിവേപ്പില -ആവശ്യത്തിന്
16. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

കൊള്ളി (മരച്ചീനി) തൊലികളഞ്ഞ് കഷണങ്ങളാക്കി കഴുകി വേവിച്ചെടുക്കുക. വെന്തശേഷം വെള്ളം ഊറ്റിക്കളയുക. തുവരപ്പരിപ്പ് കഴുകി വേവിക്കുക. അല്‍പം മഞ്ഞള്‍പൊടിയും ചേര്‍ത്തിരിക്കണം. പരിപ്പ് വെന്തശേഷം അതിലേക്ക് പച്ചമുളക് അരിഞ്ഞതും തക്കാളി അരിഞ്ഞതും ഉള്ളി കഷണങ്ങളാക്കിയതും ചേര്‍ത്ത് പുളി പിഴിഞ്ഞ് ഒഴിച്ച് പാകത്തിനുള്ള ഉപ്പും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടി അടുപ്പത്തു വെച്ച് അതില്‍ മുളകും മല്ലിയും കായവും അല്‍പം എണ്ണമയം പുരട്ടി വറുത്ത് മൂപ്പിച്ച് കോരുക. അതിനുശേഷം ഉലുവ മൂപ്പിക്കുക. അതിനുശേഷം അര മുറി തേങ്ങ ചിരവി ചുവക്കെ വറുത്തെടുക്കണം. വറുത്ത്‌വെച്ചിരിക്കുന്ന മുളക്, മല്ലി, കായം, ഉലുവ, തേങ്ങ എന്നിവ സാമ്പാര്‍പൊടിയും ചേര്‍ത്ത് അരച്ചെടുക്കുക. അരച്ചെടുത്ത കൂട്ട് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കലക്കി വെക്കണം. ഉള്ളി വെന്തശേഷം വേവിച്ച മരച്ചീനിയും അരച്ച് കലക്കിയ കൂട്ട് ഇട്ട് ഇളക്കി തിളപ്പിക്കുക. അതിനു ശേഷം ഒരു ചീനച്ചട്ടി അടുപ്പത്തു വെച്ച് വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ മുളക് മുറിച്ചത് ഇട്ട് കടുകും കറിവേപ്പിലയും സാമ്പാര്‍പൊടിയും ഇട്ട് മൂപ്പിച്ച് തിളപ്പിച്ച സാമ്പാറില്‍ ഒഴിക്കുക.