'തെങ്ങുവെക്കുന്ന മാനുഷരെല്ലാം 
പൊങ്ങിടാതെയിരിക്കുന്നു സ്വര്‍ഗത്തില്‍'  17ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഒരു മലയാള കൃഷിവിജ്ഞാനീയകൃതിയാണ് കൃഷിഗീത. അതില്‍ വിവിധ തെങ്ങിനങ്ങളെക്കുറിച്ചും നടീല്‍കാലത്തെക്കുറിച്ചും വിത്തുതേങ്ങ തയ്യാറാക്കുന്നതിനെക്കുറിച്ചും വിശദമായി വിവരിക്കുന്നുണ്ട്. 

13-ാം നൂറ്റാണ്ടില്‍ മാര്‍ക്കോപോളോ നമ്മുടെ കേരളത്തിലെ ഒരു വൃക്ഷത്തെക്കുറിച്ച് വിവരിച്ചു. : 'ഇവിടെ പനയോട് സാമ്യമുള്ള ഒരു വൃക്ഷമുണ്ട്. അതില്‍നിന്ന് മധുരവും ലഹരിയുമുള്ള ഒരു പാനീയമെടുക്കുന്നു. ഈ വൃക്ഷത്തിന്റെ ഫലങ്ങള്‍ക്ക് ഇന്ത്യന്‍ കായ എന്നാണ് വിളിപ്പേര്‌. ഏകദേശം മനുഷ്യന്റെ തലയോളം വലിപ്പമുണ്ടതിന്. പാലിനെക്കാള്‍ വെളുത്തതും ഹൃദ്യവും മധുരവുമുള്ള ഒരു സാധനമുണ്ട് അതിനുള്ളില്‍....'' എന്നിങ്ങനെ പോകുന്നു ആ വിവരണം. എന്തായാലും നമ്മുടെ പ്രിയ വൃക്ഷമായ തെങ്ങിനെക്കുറിച്ചാണിതില്‍ പരാമര്‍ശിച്ചിരിക്കുന്നത്. 

നല്ല ഉയരത്തില്‍പ്പോയി നിരവധിവര്‍ഷങ്ങളോളം മിതമായ തോതില്‍ വിളവുനല്‍കുന്ന തെങ്ങിന്റെ കാലം കഴിഞ്ഞു. ഇനി കുള്ളന്‍ തെങ്ങിന്റെ കാലമാണ് എന്നാണ് വെപ്പ്. എന്നാല്‍ കുള്ളന്‍തെങ്ങിന്റെ ചിട്ടയായപരിപാലനവും കുറഞ്ഞ ആയുസ്സും വിളവിന്റെ കൂടുതലുണ്ടെങ്കിലും ഗുണം കുറവും വീണ്ടും കര്‍ഷകരെ നാടന്‍തെങ്ങിന്റെ ആരാധകരാക്കിയിട്ടുണ്ട്. വിളവിന്റെ അളവ് കുറഞ്ഞാലും ദീരഘകാലത്തേക്ക് വിളവുനല്‍കുമെന്നതും അത്രയ്ക്ക് പരിചരണം ആവശ്യമില്ലയെന്നതും നാടന്‍ ഇനങ്ങളുടെ മേന്മയാണ്.  

വിത്തുതേങ്ങകള്‍ ശേഖരിക്കാം

നാടന്‍, കുറ്റ്യാടി ഇനങ്ങളാണ് സാധാരണയായി വിത്തുതേങ്ങയായി തിരഞ്ഞെടുക്കാറ്. നല്ല തൈകള്‍ ഉത്പാദിപ്പിക്കാന്‍ നല്ല മാതൃവര്‍ഷത്തില്‍ നിന്ന് തേങ്ങ ശേഖരിക്കണം. തെങ്ങിന്റെ മുകളില്‍ നിന്ന് തേങ്ങ കരുതലോടെ കയര്‍കെട്ടി താഴെയിറക്കണം. നന്നായി മൂത്തതേങ്ങകളായിരിക്കണം വിത്തുതേങ്ങയായി ഉപയോഗിക്കേണ്ടത്. എക്കാല്‍ അത് വെള്ളംവറ്റോ, തീരെ വെള്ളം കുറവുള്ളതോ ആയിരിക്കരുത്. കേടുള്ളതും വിളവുകുറവുളളതും മാറ്റണം. വിത്തുതേങ്ങശേഖരിക്കുന്ന തെങ്ങുകള്‍ക്ക് 20 വര്‍ഷത്തിലധികം പ്രായം വേണം.

 സാധാരണയായി ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് കേരളത്തില്‍ വിത്തുതേങ്ങ ശേഖരിക്കാറ് കാലാവസ്ഥാവ്യതിയാനമനുസരിച്ച് ഇതില്‍  പ്രാദേശികമായി മാറ്റം കാണാം.
 
തൈ മുളപ്പിക്കാം

ശേഖരിച്ച വിത്തുതേങ്ങ തണലത്താണ് സൂക്ഷിക്കേണ്ടത്. കുറഞ്ഞത് മൂന്നുമാസമെങ്കിലും സൂക്ഷിച്ചതേങ്ങ വേനല്‍ മഴപെയ്ത് മണ്ണ് നനഞ്ഞതിനുശേഷം പാകാം. ഇത്പാകുന്നതിന് മുമ്പ് മണ്ണ് നന്നായി ഇളക്കിയിടണം.  

മൂന്നു ചട്ടി മണ്ണില്‍ ഒരു ചട്ടി മണലും ഒരു ചട്ടി ചാണകപ്പൊടിയും ചേര്‍ത്ത് ബെഡ്ഡ് തയ്യാറാക്കി അതില്‍ വിത്ത്‌നടാം. ഓരോന്നും തമ്മില്‍ പാകുമ്പോള്‍ കുറഞ്ഞത് പത്ത്‌സെമീയെങ്കിലും ഇടയകലം ആവശ്യമാണ്. ഇങ്ങനെ പാകിയ വിത്തുതേങ്ങകള്‍ക്ക് ചാറല്‍മഴ ഇടയ്ക്കിടെ കിട്ടിയാല്‍ നന്ന്. അല്ലെങ്കില്‍ ആഴ്ചയില്‍ രണ്ടുതവണയെങ്കിലും നനച്ചുകൊടുക്കണം. മുളച്ചുവരാന്‍  ഏറ്റവും താമസമുള്ള വിത്താണ് നാളികേരം നട്ടതിനുശേഷം മൂന്നുമുതല്‍ ആറുമാസം വരെയെടുക്കും തേങ്ങ മുളച്ചുവരാന്‍ ആറുമാസം കഴിഞ്ഞും മുളയ്ക്കാത്ത തേങ്ങകള്‍ മാറ്റണം.

മാത്രമല്ല മുളച്ചുവരുമ്പോള്‍തന്നെ കേടായ തൈകളുംനഴ്‌സറിയില്‍ നിന്ന് ഒഴിവാക്കണം.

coconut

തൈകള്‍ തിരഞ്ഞെടുക്കാം

 തൈകള്‍ നഴ്‌സറിയില്‍ നിന്ന് നടാന്‍ തിരഞ്ഞെടുക്കുമ്പോള്‍ നല്ല കരുത്തുള്ളതും നേരത്തേ മുളച്ചതുമായ തൈകളാണ് തിരഞ്ഞെടുക്കേണ്ടത്. പത്തുമാസം വളര്‍ച്ചയുള്ളതൈകള്‍ക്ക് കുറഞ്ഞത് ആറ് ഓലയും എട്ടുമാസം പ്രായമുള്ളതിന് കുറഞ്ഞത് നാല് ഓലയും ആവശ്യമാണ്. നേരത്തേ വിടര്‍ന്ന ഓലക്കാലുകളായിരിക്കണം. തൈകള്‍ പാകിയ തടത്തില്‍ നിന്ന് ഇളക്കിമാറ്റുമ്പോള്‍ ശ്രദ്ധിക്കണം. തണ്ടിലോ ഇലയിലോ പിടിച്ചുവലിക്കരുത്. കൈക്കോട്ടുപയോഗിച്ച് പതുക്കെ ഇളക്കിയെടുക്കണം. 

തെങ്ങിന്‍ തൈകള്‍ക്ക് കുഴിയൊരുക്കുന്നതിലും നടലിലും പ്രത്യേക ശ്രദ്ധയാവശ്യമാണ്. കുഴിയുടെ ആഴവും വലിപ്പവും തരവും പ്രദേശങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. വെള്ളംനില്‍ക്കാത്ത തരം മണ്ണില്‍ ഒരു മീറ്റര്‍ നീളത്തിലും ഒരു മീറ്റര്‍ വീതിയിലുമുള്ള കുഴികളെടുക്കാം മണ്ണിനടിയില്‍ ചെങ്കല്‍പ്പാറയാണെങ്കില്‍ മുക്കാല്‍മീറ്റര്‍ വീതം നീളവും വീതിയും മതി. നടുന്നതിന് മൂന്നുമാസമെങ്കിലും മുമ്പ് കുഴിയില്‍ പകുതിവരെയെങ്കിലും മേല്‍മണ്ണ്‌നിറയ്ക്കാം അതില്‍ യഥാക്രമം 2:1 ക്രമത്തില്‍ ഉപ്പും കുമ്മായവും ചേര്‍ത്ത് നനച്ചിടാം. ചാണകപ്പൊടിയും ചേര്‍ക്കാവുന്നതാണ്. 

താഴ്ന്ന സ്ഥലത്താണ്  തൈകള്‍ വെക്കുന്നതെങ്കില്‍ ചെറിയ കുഴിയെടുത്ത്‌ തൈകള്‍ നട്ടതിനുശേഷം മണ്ണും വളവും ചേര്‍ത്ത മണ്ണിനാല്‍ കൂനകൂട്ടിക്കൊടുക്കാം. കുഴികളില്‍ ചകിരിപ്പൊളി മലര്‍ത്തിയടുക്കുന്നത് ഈര്‍പ്പം നിലനില്‍ക്കാനും പെട്ടെന്ന് വേരോട്ടം നടക്കാനും സാധിക്കും. ചിതല്‍ശല്യം ഒഴിവാക്കാന്‍ ഇങ്ങനെ മലര്‍ത്തിയടുക്കുന്ന ചകിരിപ്പൊളിക്കുമേല്‍ ചിതല്‍പ്പൊടിയോ കാര്‍ബറില്‍ പൊടിയോ അല്പം വിതറിയാല്‍ മതി. 

കുഴിയുടെ അകലം കൃത്യമായിരിക്കണം. അതിന്റെ അകലം ക്രമീകരിച്ച്‌ ഒരേക്കറില്‍ 200 മുതല്‍ 240 വരെ തെങ്ങിന്‍ തൈകള്‍ വെക്കാം. വരികള്‍ തമ്മില്‍ 79 മീറ്റര്‍ അകലവും നിരകള്‍തമ്മില്‍ 56 മീറ്റര്‍ അകലവും പാലിക്കാവുതാണ്. എന്തായാലും ഓരോ തൈകള്‍ തമ്മിലും കുറഞ്ഞത് 4 മീറ്റര്‍ അകലമെങ്കിലും വേണം അല്ലെങ്കില്‍ തെങ്ങിന്‍ തലകള്‍ തമ്മില്‍ കോര്‍ത്ത് കായ്ഫലം കുറയും. മഴക്കാലത്ത് വെള്ളം കയറാത്ത രീതിയില്‍ കുഴിക്ക് ചുറ്റും വരമ്പുകള്‍ വെക്കുന്നത് നല്ലതാണ്. 

കുള്ളന്‍ തെങ്ങുകള്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ജൈവവളപ്രയോഗം നടത്തേണ്ടിവരുമ്പോള്‍ നാടന്‍ തെങ്ങിന് നട്ട്‌രണ്ടാം വര്‍ഷം മുതല്‍ കാലവര്‍ഷം തുടങ്ങുമ്പോള്‍ ഓരോതെങ്ങിനും കുറഞ്ഞത് 20 കിലോയെങ്കിലും ജൈവവളം നല്‍കണം. ജൈവവളങ്ങളായി കാലിവളം, കമ്പോസ്റ്റ്, കോഴിവളങ്ങള്‍, ആട്ടിന്‍കാട്ടം, എല്ലുപൊടി, മീന്‍വളം, എന്നിവ ജൈവവളമായി ചേര്‍ത്തുകൊടുക്കാം. മുതിര്‍ന്ന തെങ്ങുകള്‍ക്ക് തോട്ടങ്ങളില്‍ വിതപ്പയര്‍ ഇടവിളയായി വിതച്ച് ജൈവവളമാക്കിമാറ്റാം.