ആണ്ടിലെ രണ്ടിടവേളകളില്‍ മീനും നെല്ലും വിളയുന്ന പാടത്ത് നഷ്ടത്തിന്റെ കണക്ക് മാത്രമായി പങ്കജാക്ഷന്‍ ഇത്തവണയും പൊക്കാളി കൃഷിയെ ലാളിക്കുകയാണ്. ഏക പ്രതീക്ഷ നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള ചെമ്മീന്‍കൃഷിയെയാണ്. agriculture

അതില്‍ കിട്ടുന്ന ലാഭം പൊക്കാളിയില്‍ നഷ്ടപ്പെട്ടാലും കൃഷിയെ സ്‌നേഹിക്കുന്ന ഈ കര്‍ഷകന് എപ്പോഴും പാടത്തിറങ്ങുന്നതു തന്നെയാണ് ഉന്മേഷം. ജൈവസമ്പുഷ്ടമായ പൊക്കാളികൃഷിക്ക് പേരുകേട്ട ഏഴിക്കര പഞ്ചായത്ത് ആയപ്പിള്ളി പെരേകുറ്റ് പി. എസ്. പങ്കജാക്ഷനും ഭാര്യ ജയന്തിയും വിവാഹിതരായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇവര്‍ക്ക് മക്കളില്ല. ഇതിന്റെ ദുഃഖം ഇവര്‍ മണ്ണിനോട് പോരാടിയാണ് മറക്കുന്നത്. രണ്ടേക്കര്‍ പൊക്കാളിപ്പാടം സ്വന്തമായുണ്ട്. കൂടാതെ ഒരേക്കര്‍ പാടം പാട്ടത്തിനെടുത്തും കൃഷി ഇറക്കുന്നു. പാടത്തിനോടു ചേര്‍ന്നുള്ള 30 സെന്റില്‍ വാഴയും പച്ചക്കറികൃഷിയും ഒപ്പം നടത്തുന്നു. തനി നാടന്‍ പൊക്കാളി വിത്താണ് എന്നും വിതയ്ക്കുന്നത്. 

ഓരോ വര്‍ഷത്തേയ്ക്കുള്ള വിത്തുകളും സൂക്ഷിച്ചുവയ്ക്കും. നിലമൊരുക്കല്‍, കൊത്തിവിത, കളപറി, നിരത്ത് എന്നീ ജോലികള്‍ക്ക് പങ്കജാക്ഷനും ജയന്തിയും ഒപ്പമുണ്ടാകും. ചിലപ്പോള്‍ സഹായത്തിന് ഏതാനും തൊഴിലാളികളും. പൊക്കാളികൃഷി എന്നും കനത്ത നഷ്ടത്തിലാണ്. മഴയില്ലായ്മ മൂലം നെല്‍കൃഷിക്ക് മഞ്ഞപ്പ് വീണു. കഴിഞ്ഞ ആണ്ടില്‍ 33,000 രൂപ വായ്പയെടുത്താണ് പൊക്കാളികൃഷി ഇറക്കിയത്. വിളഞ്ഞുകിട്ടിയ നെല്ല് നാലായിരം രൂപയുടേതു മാത്രം. നെല്ലിക്കോഴിയുടെ ശല്യമാണ് കൃഷിയെ പാടെ നശിപ്പിക്കുന്നത്. ഇത്തവണ നെല്ലിക്കോഴിയെ തുരത്താന്‍ കൂട് നെല്‍കൃഷിയാണ് ഇറക്കുന്നത്. പാടത്തിനു മീതെ വലകെട്ടിയിട്ടുണ്ട്. ആറു മാസം ചെമ്മീന്‍കൃഷി നടത്തുമ്പോള്‍ കാരച്ചെമ്മീനും നാരനും ഞണ്ടും ഇടും. കാവലിരുന്ന് വളര്‍ത്തുന്ന ഇവ ലാഭത്തിലായാല്‍ ജീവിതത്തിന് പച്ചപ്പായി. നഷ്ടം വന്നാല്‍ ബാങ്കിലെ വായ്പ അടയ്ക്കാന്‍ ക്ലേശിക്കും. 

പാടത്തിനടുത്തുള്ള പറമ്പില്‍ വാഴയും കപ്പയും ചേമ്പും ചേനയും ഒക്കെയായി പച്ചക്കറി കൃഷിയുണ്ട്. ഉപ്പ് വിളയുന്ന മണ്ണിലാണ് കൃഷിയിറക്കി വിജയം കൊയ്യുന്നത്. പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സമ്മിശ്രകൃഷി ഗ്രൂപ്പില്‍ ഇരുവരും അംഗങ്ങളാണ്.