എത്രതരം ചക്കകള്‍ കേരളത്തിലുണ്ട്? ജാക്ക് അനിലിനെ സമീപിച്ചാല്‍ ചക്ക മാഹാത്മ്യം ശരിക്കും മനസ്സിലാക്കാം. ചുവന്ന തേന്‍ വരിക്കയും പാത്താമുട്ടം വരിക്കയും കുള്ളന്‍ പ്ലാവുകളുമായി പയ്യന്നൂരില്‍ നടക്കുന്ന മാതൃഭൂമിയുടെ കാര്‍ഷിക മേളയില്‍ ജാക്ക് അനില്‍ ഒരുക്കിയിരിക്കുന്നത് വൈവിധ്യമാര്‍ന്ന പ്ലാവിന്റെ തൈകളുടെ ശേഖരമാണ്. പ്ലാവുകളുടെ വ്യത്യസ്ത ഇനങ്ങള്‍ കണ്ടെത്തി ബഡ്ഡിങ്ങിലൂടെ സംരക്ഷിക്കുകയാണ് അനില്‍. കൊല്ലം പാരിപ്പള്ളി സ്വദേശിയാണ് ജാക്ക് അനില്‍. കേന്ദ്ര സര്‍ക്കാര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുന്ന പ്ലാവ് സംരക്ഷണ പദ്ധതിയുടെ ശക്തമായ പ്രചാരകനാണ് അനില്‍.

'ഇടുങ്ങിയ സ്ഥലത്ത് കൃഷി ചെയ്യാന്‍ കഴിയുന്ന കുള്ളന്‍ പ്ലാവുകള്‍ ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. നേരത്തെ തന്നെ ചക്കയുണ്ടാകുന്നതും ഉയരത്തില്‍ വളരുന്നതുമായ ഓഫ് സീസണ്‍ പ്ലാവുകള്‍ ചക്കയില്ലാത്ത കാലത്തും കായ്ക്കും. ചക്ക കൂടുതല്‍ ഉണ്ടാകുമെന്നതാണ് കുമ്പാടിയുടെ പ്രത്യേകത. ചക്കകള്‍ കൊണ്ടുള്ള വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതാണ് കുമ്പാടി. മുട്ടം വരിക്കയും സദാനന്ദ വരിക്കയും പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. ' പ്രദര്‍ശനം കാണാനെത്തുന്നവരോട് പ്ലാവിന്റെ പ്രത്യേകതകള്‍ പറഞ്ഞു മനസ്സിലാക്കാന്‍ പാടുപെടുകയാണ് അനില്‍. 

jackanil

കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു വേണ്ടി, കൃഷി മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അമ്പലവയലിലെ റീജിയണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്റെ മേധാവിയായ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഒരു ലക്ഷം പ്ലാവിന്‍ തൈകള്‍ ബഡ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അനില്‍ ഇപ്പോള്‍. 

അപൂര്‍വവും വ്യത്യസ്തതവുമായ ഇനം പ്ലാവുകളെ കണ്ടെത്തി അവയുടെ തൈകളില്‍ നിന്ന് ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ് എന്നീ രീതികള്‍ ഉപയോഗപ്പെടുത്തി പുതിയ തലമുറയിലെ പ്ലാവിന്‍ തൈകള്‍ ഉത്പാദിപ്പിച്ചാണ് കാര്‍ഷികമേളയില്‍ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. കൂടകളില്‍ വളര്‍ത്തുന്ന പ്ലാവിന്‍ തൈകളെ ഒട്ടിച്ചെടുക്കാവുന്നതാണ്. 

jack

വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കായ്ക്കുന്ന ഇനങ്ങളാണ് ലാല്‍ബാഗ് മധുര, ബൈര ചന്ദ്ര എന്നിവ. ചെമ്പരത്തി വരിക്ക എന്ന ഒരിനം ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പതിമൂന്നോളം ഇനങ്ങള്‍ അനിലിന്റെ കൈയിലുണ്ട്.
നന്നായി മഴ കിട്ടുന്ന പ്രദേശങ്ങളില്‍ വളരുന്ന ചെമ്പരത്തി വരിക്കയായ മംഗള റെഡ്(ഡാര്‍ക്ക്‌റെഡ്), രാമചന്ദ്ര, ഹേമചന്ദ്ര, പ്രകാശചന്ദ്ര, ജി.കെ.വി.കെ, ബാംഗ്ലൂരിന്റെ KT13 (അശോക റെഡ്) എന്നിവ ചെമ്പത്തി വരിക്കയിനത്തിലെ പ്രധാന താരങ്ങളാണ്.

ബഡ് ചെയ്യുന്ന തൈകള്‍ ഒരു വര്‍ഷം സംരക്ഷിച്ച് വളര്‍ത്തിയ ശേഷമാണ് കൃഷിക്കാര്‍ക്ക് നല്‍കുന്നത്. നാല്-അഞ്ച് വര്‍ഷത്തിനുള്ളില്‍ ബഡ്ഡ്പ്ലാവുകള്‍ ഫലം തന്നു തുടങ്ങും. മാതൃവൃക്ഷത്തിന്റെ ഗുണങ്ങള്‍ തൈകള്‍ക്കും ഉണ്ടാകും. 

ഫോണ്‍: 09448778497.