നമ്മുടെ പ്രധാനഭക്ഷണം അരിയാണ് എന്നാല്‍ മൂന്നുനേരവും അരിയാഹാരം കഴിക്കുന്നതുകൊണ്ടുതന്നെ മലയാളികള്‍ക്കിടയില്‍ പഞ്ചസാരയുടെ അസുഖവും വളരെക്കൂടുതലാണ്. അതിനാല്‍ത്തന്നെ പലരും പ്രമേഹത്തെ ഭയന്ന് ഒരു നേരം മാത്രം അരിയാഹാരത്തിലേക്ക് മാറിയിരിക്കുന്നു. എന്നാല്‍, പൂര്‍ണമായും കൊഴുപ്പെന്ന വില്ലനെ അകറ്റാവുന്ന ഒരു ധാന്യത്തെ നമ്മള്‍ തേടിക്കൊണ്ടിരിക്കുകയാണ്.

നൂറ് ഗ്രാം ധാന്യത്തില്‍ 65 ഗ്രാമോളം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഒരു അദ്ഭുത ധാന്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ.? ഐക്യരാഷ്ട്രസഭ 2013-ല്‍ പ്രത്യേക വര്‍ഷാചരണം നടത്തി ലോകത്തെ പരിചയപ്പെടുത്തിയ ഒരു തെക്കേ അമേരിക്കന്‍ ധാന്യമാണത്. ക്വിനോവ എന്നാണ് പേര്. ഇന്ത്യയില്‍ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് ഇത് പ്രചരിപ്പിച്ചുവരുന്നത്. ലാറ്റിനമേരിക്കയിലെ ആന്‍ഡിയന്‍ പ്രദേശത്ത് പരമ്പരാഗതമായി കൃഷിചെയ്തുവരുന്നതാണ് ക്വിനോവ. എന്നാലിത് പുല്ലുവര്‍ഗചെടിയല്ലയെന്നൊരു കാരണത്താല്‍ ധാന്യത്തിന്റെ കൂട്ടത്തില്‍ കൂട്ടുന്നില്ല.

കുട്ടികളിലെ പോഷകനിലവാരം ഉയര്‍ത്താനും അവര്‍ക്ക് മാംസ്യവും കാര്‍ബോഹൈഡ്രേറ്റും വേണ്ടരീതിയില്‍ എത്തിക്കാനും ശരീരത്തിലെ അമിനോ അമ്ളത്തിന്റെ സന്തുലനത്തിനും ക്വിനോവയെന്ന അദ്ഭുതവിളയ്ക്ക് കഴിയും.

കുറഞ്ഞവെള്ളം മതി

Quinoa

നെല്ലിനെപ്പോലെയോ മറ്റ് ധാന്യങ്ങളെപ്പോലെയോ സമൃദ്ധമായ വെള്ളം ആവശ്യമില്ലാത്ത വിളയാണ് ക്വിനോവ. നെല്ലിന്റെയും ഗോതമ്പിന്റെയും ആവശ്യകതയെ അപേക്ഷിച്ച് അഞ്ചിലൊന്ന് വെള്ളം മതി ക്വിനോവയുടെ ചെടി നന്നായി വളരാന്‍. അതിനാല്‍ത്തന്നെ വലിയ വരള്‍ച്ചയെയും പ്രതികൂല കാലാവസ്ഥയെയും പ്രതിരോധിക്കാന്‍ ഈ ധാന്യത്തിന് കഴിയുന്നു.

കൃഷിചെയ്യാം

മഴക്കാലത്തും വേനലിലും ഒരു പോലെ കൃഷിചെയ്യാവുന്നതാണിത്. നല്ലജൈവപുഷ്ടിയും ഇളക്കവുമുള്ള മണ്ണാണ് ക്വിനോവ കൃഷിക്ക്  ഉത്തമം. കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് 1500 മീറ്റര്‍വരെ ഇത് കൃഷിചെയ്യാം എന്നാല്‍, 400-1000 മീറ്ററിലാണ് വിളവ് കൂടുതല്‍ കിട്ടുന്നതായിക്കണ്ടുവരുന്നത്. നടുന്ന മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതും നല്ലവായു സഞ്ചാരമുള്ളതുമായിരിക്കണം.

മാത്രമല്ല മണ്ണിന്റെ അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാല്‍  ഗുണം കൂടും. അമ്ലഗുണം കൂടിയമണ്ണില്‍ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി  ഉഴുത് മറിക്കണം അതിനുശേഷം അതില്‍ സെന്റൊന്നിന് 30-40 കിലോ തോതില്‍ കാലിവളമോ കമ്പോസ്‌റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം. അങ്ങനെ വളംചേര്‍ത്ത് നിരപ്പാക്കിയ നിലത്താണ് വിത്തുവിതയ്‌ക്കേണ്ടത്. വിത്തുകള്‍ കാലിഞ്ചിലധികം മണ്ണില്‍ താഴ്ന്നു പോകരുത്. മണ്ണില്‍ മതിയായ നനവ് നിലനില്‍ക്കുന്നയിടങ്ങളില്‍ 24 മണിക്കൂറിനകം വിത്തുകള്‍ മുളച്ചുപൊന്തും. 7-10 ദിവസത്തിനുള്ളില്‍ വിത്തുകളെല്ലാം മുളച്ച് തൈകളായിട്ടുണ്ടാവും. ഇടതൂര്‍ന്ന് വളരുന്ന തൈകള്‍ വേണമെങ്കില്‍ പറിച്ചുമാറ്റി മറ്റ് ചെടികള്‍ക്ക് മികച്ച വളര്‍ച്ച ഉറപ്പാക്കാവുന്നതാണ്.  ഒരേക്കറിന് 500-700 ഗ്രാം വിത്ത് മതിയാവും. ചെടി പൊന്തിവന്ന് 30-60 ദിവസം പ്രായങ്ങളില്‍ വീണ്ടും മേല്‍വളം നല്‍കാവുന്നതാണ്. 

ക്വിനോവയെന്ന അദ്ഭുതധാന്യത്തിന് കാര്യമായ കീടശല്യം ഉണ്ടാകാറില്ല. അഥവാ കണ്ടാല്‍ത്തന്നെ വേപ്പെണ്ണ-സോപ്പ് ലായനി കലക്കിത്തളിച്ചാല്‍ മതി. നേരിയ മഞ്ഞ കലര്‍ന്ന ചുവപ്പുനിറത്തോടെ ചെടി ഉണങ്ങാന്‍ തുടങ്ങിയാല്‍ ചെടികള്‍ പറിച്ചെടുത്ത് മെതിച്ച് ഈര്‍പ്പം തട്ടാതെ സൂക്ഷിക്കാം. ഈര്‍പ്പം തട്ടിയാല്‍ വിത്തുകള്‍ മുളയ്ക്കാന്‍ തുടങ്ങും.

മറ്റു ധാന്യങ്ങളിലുള്ളതിനെക്കാള്‍ മാംസ്യവും ഭക്ഷ്യനാരുകളും മാംഗനീസും റാബോഫ്ളാവിനും കാര്‍ബോഹൈഡ്രേറ്റും സോഡിയവും ഊര്‍ജവും ക്വിനോവയിലുണ്ട്. മാത്രമല്ല മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് ഗ്ളൂട്ടനിന്റെ രാഹിത്യവും ക്വിനോവയെ മികച്ചതാക്കുന്നു. കൊഴുപ്പിന്റെ കുറവ് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും അങ്ങനെ നമ്മുടെ ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.