ചാലക്കുടി: പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പൈനാപ്പിള്‍കൃഷി കേമമായതോടെ വീണ്ടും കൃഷി നടത്താനും വ്യാപകമാക്കാനും കര്‍ഷകര്‍ രംഗത്ത്. പൈനാപ്പിളിന്റെ കേരളത്തിലെ തറവാടായ വാഴക്കുളത്ത് കൃഷിയിറക്കി വിജയം കൊയ്തവരാണ് ചാലക്കുടിപ്പുഴയ്ക്കടുത്ത് ഭൂമി പാട്ടത്തിനെടുത്തത്. കഴിഞ്ഞ രണ്ടു സീസണിലും നല്ല വിളവാണ് ലഭിച്ചത്. 

ഇത്തവണ നിലവിലുള്ള പൈനാപ്പിള്‍ ചെടികള്‍ പൂര്‍ണമായും കളഞ്ഞ് പുതിയ തൈകളാണ് നടുന്നത്. ചാലക്കുടിപ്പുഴയോരത്ത് കൂടുതല്‍ സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുവാന്‍ പദ്ധതിയുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. മേല്‍നോട്ടത്തിനായി പാലക്കാട്ടുനിന്ന് വിദഗ്ദ്ധനായ കര്‍ഷകനെ എത്തിച്ചിട്ടുണ്ട്.

pineapple
പൈനാപ്പിള്‍ കൃഷിക്കായി നിലം ഒരുക്കുന്നു

ഫലം കൊയ്ത ചെടികള്‍ തീയിട്ട് നശിപ്പിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഹിറ്റാച്ചി കൊണ്ടുവന്ന് നിലം നിരപ്പാക്കും. ജലസേചനത്തിന്  സ്പ്രിംഗ്ളര്‍  ലൈന്‍  ഇടും. നെല്‍കൃഷിയുടെ കരുതല്‍ നല്‍കിയാല്‍ നല്ല വിളവു കിട്ടുംകര്‍ഷകര്‍ പറയുന്നു. 

കളപറിക്കലും നനയ്ക്കലും കരുതലോടെ നടത്തണം. ഒരുദിവസം മാറിനിന്നാല്‍ തൈകള്‍ക്ക് വാട്ടംതട്ടും; കള വളര്‍ന്നു കയറും. സതേണ്‍ കോളേജിനടുത്ത് ഏഴ് ഏക്കറാണ് കൃഷിക്കായി ഒരുക്കുന്നത്. തുമ്പൂര്‍മുഴി, ചായ്പന്‍കുഴി, രണ്ടുകൈ, വീരഞ്ചിറ, മേച്ചിറ ഭാഗങ്ങളില്‍ തദ്ദേശവാസികള്‍ റബ്ബറിനു പകരമായി പൈനാപ്പിള്‍കൃഷിയിലേക്ക് ഇറങ്ങിയിരിക്കുകയാണ്.