കണ്ണൂര്‍: വയസ്സ് തൊണ്ണൂറു കഴിഞ്ഞെങ്കിലും കാര്‍ഷികവൃത്തിയില്‍നിന്ന് പിന്തിരിയുന്നതിനെക്കുറിച്ചാലോചിക്കാനേ പാഞ്ചാലിയമ്മയ്ക്ക് മനസ്സുവരുന്നില്ല.

ഈസ്റ്റ് വള്ള്യായിയിലെ വാച്ചാലി പാഞ്ചാലിയാണ് പ്രായം തടസ്സമാക്കാതെ കൃഷിയില്‍ മുഴുകിക്കഴിയുന്നത്. ഈസ്റ്റ് വള്ള്യായി കൂടത്താന്‍ വയലില്‍ ഒരേക്കര്‍ സ്ഥലത്താണ് നാട്ടുകാര്‍ പാഞ്ചു ഏടത്തി എന്നുവിളിക്കുന്ന പാഞ്ചാലിയുടെ കൃഷിയിടം. 

മുന്നൂറോളം നേന്ത്രവാഴകളുണ്ട്. മോട്ടോര്‍ ഉപയോഗിച്ചും അല്ലാതെയും വെള്ളം നനയ്ക്കുന്നത് പാഞ്ചാലിതന്നെ. ചിലപ്പോള്‍ പേരക്കുട്ടികളും സഹായത്തിനുണ്ടാകും. ഒന്നാംവിളയായി നാലുകണ്ടത്തില്‍ നെല്‍ക്കൃഷിയുണ്ട്. വിത്തുവിതയ്ക്കാനും ഞാറു പറിച്ചുനടാനും കൊയ്യാനും പാഞ്ചാലിയും കൂടെക്കൂടും. നാലുകണ്ടത്തില്‍ കപ്പ കൃഷിയും ചെയ്യുന്നു. ചീര, പടവലം, കയ്പക്ക, മുളക്, വെള്ളരി എന്നിവയും കൃഷിയിടത്തിലുണ്ട്. 12 വര്‍ഷം മുമ്പ് മരിച്ച വാച്ചാലി കുണ്ടന്റെ ജീവിതപങ്കാളിയായി എത്തിയതു മുതല്‍ പാടത്തിറങ്ങിയതാണ്. 

എട്ടുമണിയോടെ വീട്ടിനുമുന്നിലുള്ള കൃഷിയിടത്തിലേക്കിറങ്ങും. നനച്ചും പരിചരിച്ചും ഒരുമണിവരെ വയലില്‍ ചെലവഴിക്കും. എട്ടു മക്കളുണ്ട്. വയലിനോടു തൊട്ടുചേര്‍ന്നുള്ള വീട്ടില്‍ മകനോടൊത്താണ് താമസം. മക്കളും പേരമക്കളും പ്രായം കണക്കിലെടുത്തെങ്കിലും കൃഷിപ്പണിയില്‍നിന്ന് പിന്തിരിയണമെന്ന് നിര്‍ബന്ധിക്കും.'പറ്റുമെങ്കില്‍ സ്വന്തം കാര്യത്തിന് ആരെയും ആശ്രയിക്കരുത്. ആരോഗ്യം ഉള്ള കാലത്തോളം കൃഷിയില്‍ തന്നെ തുടരണമെന്നാണാഗ്രഹം' പാഞ്ചാലിയമ്മയുടെ ജീവിത കാഴ്ചപ്പാടതാണ്.