ജോലിത്തിരക്കിനിടയ്ക്ക് അല്പം ചീര മുളപ്പിച്ചാലോ? പൊട്ടിപ്പോയ പ്ലാസ്റ്റിക് ബക്കറ്റോ, ഡിഷുകളോ ഒക്കെ വെറുതേ സ്ഥലം മിനക്കെടുത്തികളായി കിടക്കുന്നുന്നുണ്ടാവും. അവയെ ഇനി ഉപയോഗമില്ലാത്ത വസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. 

ആദ്യം ഇവയിലൊക്കെ മണ്ണ് നിറയ്ക്കണം. കല്ലും കട്ടയുമൊന്നുമില്ലാത്ത നല്ല മണ്ണ് എടുക്കാം. അതില്‍ ചാണകം ചേര്‍ത്ത് വേണം പാത്രങ്ങളില്‍ മണ്ണ് നിറയ്ക്കാന്‍. പാത്രത്തിലെ ഇളകിക്കിടക്കുന്ന മണ്ണില്‍ ചീര വിത്തിടാം. ചീരവിത്തിടുമ്പോള്‍ വിത്തിന്റെ ഇരട്ടി അളവില്‍ അരിപ്പൊടിയോ റവയോ ചേര്‍ക്കണം. ഉറുമ്പ് വിത്തു കൊണ്ടു പോകുന്നതില്‍ നിന്ന് ഈ അരി, റവപ്പൊടി പ്രയോഗം സഹായിക്കും. 

പാത്രത്തിന്റെ വിസ്താരം അനുസരിച്ചു വേണം വിത്തിടാന്‍. അല്ലെങ്കില്‍ തൈ മുളച്ചു വരുമ്പോള്‍ ഇടുങ്ങിപ്പോകാന്‍ സാദ്ധ്യതയുണ്ട്. രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ തൈകള്‍ വരും. നല്ല വെയിലു കിട്ടുന്ന സ്ഥലത്തു വേണം പാത്രം കൊണ്ടു പോയി വയ്ക്കാന്‍. വീട്ടില്‍ കോഴിയുള്ളവര്‍ പ്രത്യേകം സൂക്ഷിക്കണം. കോഴി കണ്ടു കഴിഞ്ഞാല്‍ ചീര കൃഷി അവിടെ തീരും.

രാവിലെയും വൈകുന്നേരവും അല്പം വെള്ളം നനയ്ക്കാം (അധികം വേണ്ട). പച്ചത്തുള്ളന്‍, ചാഴി തുടങ്ങിയ പ്രാണികള്‍ ഇല തിന്നു തീര്‍ക്കാന്‍ വരും. കീട നശീകരണത്തിന് പച്ചില വളമാണ് നല്ലത്. കമ്മ്യൂണിസ്റ്റ് പച്ചയുടെ തണ്ടും ഇലയും ഇടിച്ച് പിഴിഞ്ഞ് തളിക്കാം.

കീട പ്രതിരോധത്തിന് തൈകള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് പച്ചയുടേയോ ആര്യവേപ്പിന്റെയോ ഒക്കെ ഇലകള്‍ ഇടുന്നത് നല്ലതാണ്. ഇവയുടെ മണമുണ്ടായാല്‍ കീടങ്ങള്‍ വരില്ലെന്നു മാത്രമല്ല, അത് ചീഞ്ഞ് നല്ല വളമായി മണ്ണിലെത്തുകയും ചെയ്യും. 

തണ്ടിനു നീളം വച്ചാല്‍ പാത്രത്തില്‍ നിന്ന് മണ്ണിലേക്കോ മറ്റു പാത്രങ്ങളിലേക്കോ തൈകള്‍ ഇളക്കി നടാവുന്നതാണ്. ഇളക്കിയെടുമ്പോള്‍ വേരുകള്‍ പറിഞ്ഞു പോകാതെ നോക്കണം. രണ്ടു തൈകള്‍ ചേര്‍ത്തു നടുന്നതാണ് നല്ലത്. ആഴ്ചയിലൊരിക്കല്‍ ചാണകം നേര്‍പ്പിച്ച് ആ വെള്ളം തളിച്ച് കൊടുക്കാം. മുട്ടത്തോട് നന്നായി പൊടിച്ച് ആ പൊടി ഇട്ടു കൊടുക്കുന്നതും നല്ല ഗുണം ചെയ്യും