സംസ്‌കരണത്തെക്കുറിച്ച് അറിയാത്തതിനാല്‍ വീട്ടുമുറ്റങ്ങളില്‍ അത്തിക്കായ്കള്‍ പാഴാവുന്നു. മഴക്കാലത്ത് പാകമാകുന്ന അപൂര്‍വ പഴങ്ങളില്‍ ഒന്നാണ് അത്തി. നാടനത്തിയിലും വലിയ അത്തിയിലും പഴങ്ങള്‍ ഉണ്ടാവുന്ന സമയമാണിത്. നാടനത്തി ഔഷധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് വരുന്നുണ്ടെങ്കിലും ഭക്ഷണമാക്കാറില്ല. കേരളത്തിലെ  ഒട്ടു മിക്ക  വീടുകളിലും നട്ടു  വളര്‍ത്തുന്ന വലിയ അത്തി മഴക്കാലത്ത് പാകമാകുന്നതിനാല്‍ വിളവെടുക്കാതെ നശിച്ചു പോവുകയാണ്. വടക്കേ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പഴമായും ഉണക്കിയെടുത്തും അത്തിപ്പഴങ്ങള്‍ ഉപയോഗിച്ച് വരുന്നുണ്ട്. 

ആളുകള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ പഴങ്ങള്‍ക്ക്  ആയിരം രൂപയില്‍ കൂടുതല്‍ വിലയുണ്ട്. അത്തിപ്പഴത്തില്‍ 27.09 ശതമാനം അന്നജം, 5.32 ശതമാനം മാംസ്യം, 16.96 ശതമാനം നാരുകള്‍ എന്നിവയും ഫോസ്ഫറസ്, മഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും അടങ്ങിയിട്ടുണ്ട്.  10 മീറ്ററോളം ഉയരം വയ്ക്കുന്ന ആല്‍ വംശത്തില്‍പ്പെട്ട  മരമാണ് വലിയ അത്തി (ശാസ്ത്രീയനാമം: Ficus auriculata).15 ഇഞ്ചോളം വ്യാസം വരുന്ന വലിയ ഇലകളാണ് ഇവയുടേത്. ഇലയുടെ രൂപം കാരണം ആന ചെവിയന്‍ അത്തി (elephant ear fig) എന്നും പറയാറുണ്ട്. നിറമുള്ള തളിരിലകള്‍ മൂക്കുമ്പോള്‍ പച്ചനിറമാവുന്നു.ഏഷ്യയിലെല്ലായിടത്തും കണ്ടുവരുന്നു.നേപ്പാളില്‍  ഇത് കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. നാടനത്തിയുടെ  തൊലി, കായ്,വേര്  എന്നിവ ഔഷധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു.

അത്തിപ്പഴം സംസ്‌കരിക്കാം 

നന്നായി പഴുത്ത് പാകമായ അത്തിപ്പഴങ്ങള്‍ പറിച്ചെടുത്ത് ഞെട്ടുമുറിച്ച് കഴുകി വൃത്തിയാക്കിയതിനുശേഷം കഷണങ്ങളാക്കി മുറിച്ചിടുക. 100 ഗ്രാം ചുണ്ണാമ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അതില്‍ ഒരു കി.ഗ്രാം അത്തിപ്പഴ കഷണങ്ങള്‍ നാലഞ്ച് മണിക്കൂര്‍ ഇട്ടുവയ്ക്കുക. അതിനുശേഷം ലായനിയില്‍നിന്ന് നീക്കംചെയ്ത് ശുദ്ധവെള്ളത്തില്‍ കഴുകി ചുണ്ണാമ്പിന്റെ അംശങ്ങള്‍ നീക്കംചെയ്യുക. 

ഈ കഷണങ്ങള്‍ തിളയ്ക്കുന്ന വെള്ളത്തിലിടുക. സ്വാഭാവികമായും തിള നില്‍ക്കും.വീണ്ടും തിളപ്പിക്കുക.മൂന്ന്  മിനിറ്റ് കഴിഞ്ഞശേഷം അടുപ്പില്‍നിന്നു മാറ്റി വെള്ളം ഊറ്റി തണുത്ത വെള്ളത്തിലിടുക.1.200 കി.ഗ്രാം പഞ്ചസാര 800 മി.ലി.വെള്ളത്തില്‍ ചൂടാക്കി ലയിപ്പിക്കുക. അതിനുശേഷം മൂന്ന് ഗ്രാം സിട്രിക് ആസിഡ് ചേര്‍ത്ത് ലായനി അടുപ്പില്‍നിന്നു മാറ്റുക. ലായനി തണുത്ത് 40 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാകുമ്പോള്‍ ഒരു ഗ്രാം മൈറ്റാ ബൈസള്‍ഫേറ്റ്, ഒരു ഗ്രാം സോഡിയം മെറ്റാ ബൈസള്‍ഫേറ്റ് എന്നിവകൂടി ചേര്‍ത്ത് ലായനി തണുക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് വെള്ളം ഊറ്റി പഴങ്ങള്‍ ശുദ്ധജലത്തില്‍ കഴുകി 24 മണിക്കൂര്‍ വയ്ക്കുക. പഴത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പഞ്ചസാരയുടെ അംശങ്ങള്‍ നീക്കം ചെയ്യണം. ഇങ്ങനെ സംസ്‌കരിച്ച പഴങ്ങള്‍ വെയിലത്തോ, ഡ്രയറുകളിലോ, ഉണക്കി പാത്രത്തില്‍ അടച്ചുവയ്ക്കുക. 30 ദിവസത്തിനുശേഷം സ്വാദിഷ്ഠമായ ഈ പഴം കഴിക്കാം