'ഇതൊരു മെക്‌സിക്കന്‍ സസ്യമാണ്, പേര് ചായമന്‍സ. നല്ല സ്വാദുള്ള ഇലക്കറി, മികച്ച പോഷകഗുണവുമുണ്ട്. നമ്മുടെ നാട്ടിലും ഇത് നന്നായി വളരും' ഒരുവര്‍ഷം മുമ്പ് തിരുവനന്തപുരത്തുവെച്ച് ആ ചെടിയുടെ കമ്പ് കടലാസില്‍ പൊതിഞ്ഞ് ഏല്‍പ്പിക്കുമ്പോള്‍ അഡ്വ. ആര്‍. സജു എന്നോട് പറഞ്ഞു. 'അധികം വെള്ളക്കെട്ടില്ലാത്ത, വെയില്‍കിട്ടുന്ന എവിടെ നട്ടാലും മതി. പ്രത്യേകപരിചരണം ആവശ്യമില്ല. കീടങ്ങള്‍ ആക്രമിക്കില്ല; അതുകൊണ്ട് കീടനാശിനിയുടെ ആവശ്യവുമില്ല'. 

പരിസ്ഥിതിപ്രവര്‍ത്തകനായ അഡ്വ. സജുവിന് ഒരു സുഹൃത്തുണ്ട്, ആയുര്‍വേദചികിത്സകനായ ഡോ. എം.ആര്‍. വിജയന്‍. 'ബോഡിട്രീ ഫൗണ്ടേഷന്റെ' സ്ഥാപകന്‍. വംശീയവൈദ്യത്തില്‍ തത്പരനായ അദ്ദേഹത്തിന് ഒരു സുഹൃത്ത് മുഖേനയാണ് ഈ മെക്‌സിക്കന്‍ സസ്യത്തിന്റെ തണ്ട് കിട്ടിയത്. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ ഈ ഇലക്കറി തികച്ചും സൗജന്യമായി കേരളമെങ്ങും പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് അഡ്വ. സജുവും തിരുവനന്തപുരത്ത 'ശാന്തിഗ്രാം' പോലുള്ള സന്നദ്ധസംഘടനകളും. 

കുറ്റിച്ചെടിപോലെ വളരുന്ന സസ്യമാണ് ചായമന്‍സ. 'മരച്ചീര'യെന്നും പേരുണ്ട്. ചോളം ഉള്‍പ്പെടെ ഒട്ടേറെ കാര്‍ഷികസസ്യങ്ങള്‍ പ്രാചീനമനുഷ്യന്‍ മെരുക്കിയെടുത്ത മെക്‌സിക്കോയില്‍നിന്നാണ് ചായമന്‍സയുടെയും വരവ്. നൂറ്റാണ്ടുകളായി മധ്യഅമേരിക്കയിലെ മായന്‍വര്‍ഗക്കാര്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന പോഷകസമൃദ്ധമായ സസ്യമാണിത്. ജൈവവേലിയുണ്ടാക്കാനും അലങ്കാരസസ്യവുമൊക്കെയായി മെക്‌സിക്കോയില്‍ ഈ ചെടി ഉപയോഗിക്കുന്നു. 

ചായമന്‍സയുടെ ഇലകളാണ് കറിവെക്കുക. സാധാരണ ചീരപോലെ തോരന്‍വെക്കാം; ഉപ്പേരി, കട്‌ലറ്റ് അങ്ങനെ അനേകം വിഭവങ്ങളുമുണ്ടാക്കാം. ഒറ്റ കുഴപ്പമേയുള്ളൂ: വേവിക്കാതെ കഴിക്കരുത്. കപ്പയിലേതുപോലെ അല്‍പ്പം കട്ട് ചായമന്‍സയിലുണ്ട്‌. ഹൈഡ്രോസൈനിക് ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് അര്‍ഥം, അതുകൊണ്ടാകാം കീടങ്ങള്‍ ആക്രമിക്കാത്തത്. ചൂടാക്കുമ്പോള്‍ കട്ട് പോകും. അതിനാല്‍ പത്തുപതിനഞ്ചുമിനിറ്റുനേരം വേവിച്ചുമാത്രമേ ചായമന്‍സ ഉപയോഗിക്കാവൂ. ഇതേ കാരണത്താല്‍ പാചകത്തിന് അലുമിനിയം പാത്രവും വേണ്ട. 

Mexico
ചായമന്‍സയുടെ ഉത്ഭവകേന്ദ്രമെന്ന് കരുതുന്ന മെക്‌സിക്കോയിലെ യുകറ്റാന്‍ ഉപദ്വീപ്

 

ഒരിക്കല്‍ ചായമന്‍സയുടെ സ്വാദറിഞ്ഞാല്‍ ആരുമതിനെ ഉപേക്ഷിക്കില്ലെന്ന് മാത്രമല്ല, ആ സസ്യത്തെപ്പറ്റി കൂടുതല്‍ അറിയാനും നട്ടുവളര്‍ത്താനും ശ്രമിക്കും. ഈ ലേഖകന്റെയും അനുഭവം മറിച്ചായിരുന്നില്ല. അങ്ങനെയാണ്, 'മായന്‍മാരുടെ അദ്ഭുതസസ്യ'മെന്നറിയപ്പെടുന്ന അതിന്റെ ശാസ്ത്രീയനാമം Cnidoscolus aconitifolius ആണെന്നും, പോഷകഗുണത്തിന്റെ കാര്യത്തില്‍ നിലവിലുള്ള ഏത് ഇലക്കറിയെയും ചായമന്‍സ കടത്തിവെട്ടുമെന്നും മനസ്സിലായത്. വിറ്റാമിന്‍ സി, ബീറ്റകരോട്ടിന്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, റൈബോഫ്‌ളേവിന്‍ എന്നിങ്ങനെയുള്ള പോഷകഘടകങ്ങള്‍ ചായമന്‍സയില്‍ മികച്ച രീതിയില്‍ അടങ്ങിയിരിക്കുന്നു. തുല്യതൂക്കം ഓറഞ്ചും ചായമന്‍സ ഇലകളുമെടുത്താല്‍, ഓറഞ്ചിലേതിനെക്കാള്‍ പത്തുമടങ്ങ് വിറ്റാമിന്‍ സി ചായമന്‍സയിലുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ചായമന്‍സയുടെ മികച്ച സ്വാദിനുകാരണം അതിലടങ്ങിയ പ്രോട്ടീനാണ്. 100 ഗ്രാം ചായമന്‍സയിലയില്‍നിന്ന് ഒരു മുട്ടയില്‍ അടങ്ങിയ അത്രയും പ്രോട്ടീന്‍ ലഭിക്കും. 

ചായമന്‍സ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് പ്രമേഹവും രക്തസമ്മര്‍ദവും വിളര്‍ച്ചയും മുതല്‍ അസ്ഥിക്ഷയംവരെയുള്ള പ്രശ്‌നങ്ങള്‍ക്ക് ശമനമേകാന്‍ സഹായിക്കും. മാത്രമല്ല, വൃക്കരോഗങ്ങള്‍ പ്രതിരോധിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും ചായമന്‍സ ഭക്ഷിക്കുന്നത് സഹായിക്കുമെന്ന്, 'മെഡിക്കല്‍ പ്ലാന്റ് റിസര്‍ച്ച് ജേര്‍ണല്‍' 2011ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.  ചായമന്‍സയുടെ തണ്ട് (കമ്പ്) മുറിച്ചാണ് നടുക. വരള്‍ച്ചയെ അതിജീവിക്കുന്ന ചെടിയാണിത്. നട്ടാല്‍ ആറുമാസംകൊണ്ട് വിളവെടുത്ത് തുടങ്ങാം. ഏതെങ്കിലും പ്രത്യേക സീസണില്‍ മാത്രമല്ല, വര്‍ഷം മുഴുക്കെ വിളവുകിട്ടും'അഡ്വ. സജു അറിയിക്കുന്നു. നിലവില്‍ ഏതാണ്ട് 30,000 സസ്യയിനങ്ങളെ ഭക്ഷ്യാവശ്യത്തിന് മനുഷ്യന്‍ ആശ്രയിക്കുന്നുവെന്നാണ് കണക്ക്. ചായമന്‍സ അതിലൊന്നാണ്. 

Chayamansa
ചായമന്‍സ

 

സസ്യങ്ങളെമെരുക്കി കൃഷിയാരംഭിച്ചതാണ് ആധുനികമനുഷ്യന്‍ നേടിയ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന്. കഴിഞ്ഞ പതിനായിരം വര്‍ഷത്തിനിടയ്ക്കാണത് സംഭവിച്ചത്. നവശിലായുഗ വിപ്ലവത്തിന്റെ ഭാഗമായി ലോകത്ത് ഏഴിടങ്ങളില്‍ ചൈന, പശ്ചിമേഷ്യ, ന്യൂഗിനി, ആന്‍ഡീസ്, ആമസോണ്‍ തടം, മെക്‌സിക്കോ, പശ്ചിമാഫ്രിക്ക എന്നിവിടങ്ങളില്‍സ്വതന്ത്രമായരീതിയില്‍ കൃഷി തുടങ്ങിയെന്നാണ് നിഗമനം. ശാസ്ത്രം ഇത്ര പുരോഗമിച്ചെങ്കിലും, ഇന്നും മനുഷ്യന്റെ കലോറി ആവശ്യത്തില്‍ 90 ശതമാനവും നിര്‍വഹിക്കുന്നത് 3,500 ബി.സി.9000 ബി.സി.ക്കിടെ മെരുക്കിയെടുത്ത ഒരുപിടി സസ്യങ്ങളില്‍ നിന്നാണ്; ഗോതമ്പ്, നെല്ല്, ചോളം, ഉരുളക്കിഴങ്ങ്, മില്ലറ്റ്, ബാര്‍ലി എന്നിവയില്‍നിന്ന്. ഇക്കാര്യത്തില്‍ നമ്മളിപ്പോഴും ശിലായുഗത്തിലാണ് സാരം!

മനുഷ്യന്‍ കൃഷിയാരംഭിച്ച പ്രാചീനകേന്ദ്രങ്ങളിലൊന്നാണ് മെക്‌സിക്കോ ഉള്‍പ്പെട്ട മധ്യഅമേരിക്ക. അവിടെയാണ് മായന്‍ ജനത പതിനായിരം വര്‍ഷംമുമ്പ് ചോളം മെരുക്കി കൃഷി തുടങ്ങിയത്. ബീന്‍സും തക്കാളിയും ആ മേഖലയിലാണ് ആദ്യം 'കണ്ടെത്തിയത്'. 'മീസോഅമേരിക്ക' (Mesoamerica) എന്നറിയപ്പെടുന്ന ആ പ്രദേശത്തുനിന്നാണ് ചായമന്‍സയുടെയും വരവ്. മെക്‌സിക്കോയിലെ യുകറ്റാന്‍ ഉപദ്വീപിലാണ് ചായമന്‍സയുടെ ഉദ്ഭവം എന്നുകരുതുന്നു. ഗ്വാട്ടിമാല, ഹോണ്ടൂറാസ് തുടങ്ങിയ മറ്റ് മീസോഅമേരിക്കന്‍ മേഖലയിലേക്ക് അത് പിന്നീട് വ്യാപിച്ചു. ഇപ്പോള്‍ ചായമന്‍സ കേരളത്തിലും എത്തിയിരിക്കുന്നു. 

ചായമന്‍സ ഒരു വിദേശസസ്യമല്ലേ എന്ന് ചിലരെങ്കിലും കരുതുന്നുണ്ടാകാം. അവരുടെ അറിവിലേക്കായി പറയട്ടെ: ലോകമെങ്ങും ഇന്ന് 50 കോടി ആളുകളുടെ വിശപ്പടക്കുന്ന കപ്പ അഥവാ മരച്ചീനി ഒരിക്കല്‍ വടക്കന്‍ ബ്രസീലിലെ പ്രാചീനവര്‍ഗക്കാര്‍മാത്രം ഉപയോഗിച്ചിരുന്ന വിളയാണ്. സ്പാനിഷുകാരും പോര്‍ച്ചുഗീസുകാരുമാണ് അത് പുറംലോകത്തെത്തിച്ചത്. നമ്മുടെ നാട്ടിലിന്ന് കപ്പയുടെ സ്ഥാനമെന്തെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. കേരളത്തിലും സുലഭമായ പപ്പായ വന്നത് ചായമന്‍സയുടെ ജന്മദേശമായ മീസോഅമേരിക്കയില്‍നിന്നാണ്. പച്ചമുളകും മെക്‌സിക്കോ സ്വദേശിയാണ്. തെക്കന്‍ പെസഫിക് ദ്വീപുകളില്‍ ആദിമനിവാസികള്‍ കൃഷിചെയ്തിരുന്ന ശീമച്ചക്ക (കടച്ചക്ക) എങ്ങനെ കേരളത്തിലും ഭക്ഷ്യവിഭവമായി എന്നാലോചിച്ച് നോക്കുക. ഇന്‍ഡൊനീഷ്യയിലെ മൊളുക്കാ ദ്വീപില്‍നിന്നുള്ള ഇലുമ്പന്‍ പുളി (പുളിച്ചിക്ക) ഇന്ന് കേരളത്തിലെ തൊടികളിലും നന്നായി വളരുന്നില്ലേ. അത്തരത്തിലൊരു കേരളീയ കൃഷിയിനമാകാന്‍ എല്ലാ യോഗ്യതയുമുള്ള ഒന്നാണ് ചായമന്‍സയും (കടപ്പാട്: അഡ്വ. ആര്‍. സജു, ഐ.ടി.ഇ.സി.)

(ചായമന്‍സ ചിത്രങ്ങള്‍: ലേഖകന്‍)

* നടാനുള്ള ചായമന്‍സ കമ്പ് വേണമെന്നുണ്ടോ, ഈ ലിങ്കില്‍ പോവുക. http://kurinjionline.blogspot.in/2017/04/blog-post.html

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്‌