എഴുപത്തിയഞ്ച് സെന്റില്‍ വിടര്‍ന്നുനില്‍ക്കുന്ന ആറായിരത്തോളം മനോഹരമായ കാബേജ് മുകുളങ്ങള്‍ ആരെയും വിസ്മയിപ്പിക്കും. രണ്ടുകിലോഗ്രാമോളം ഭാരമുള്ള ഈ കാബേജുകള്‍ക്കു പിന്നിലെ രഹസ്യം ജീവാമൃതമെന്ന പ്രകൃതിയുടെ വളക്കൂട്ടാണ്. വയനാട് മുട്ടില്‍ പഞ്ചായത്തിലെ വാഴവറ്റയിലുള്ള ചിറ്ററയ്ക്കല്‍ ജോസഫ് സീറോ ബജറ്റ് കൃഷിയുടെ പ്രയോക്താവായിട്ട് നാലുവര്‍ഷം പിന്നിടുന്നു. രണ്ടുവര്‍ഷംമുമ്പ് ഐ.ടി. ഉദ്യോഗസ്ഥനായ മകന്‍ ഷൈജുവും ജോലി ഉപേക്ഷിച്ച് പിതാവിന്റെ കൃഷിയില്‍ പങ്കാളിയായി.

cabbageകൃഷിയിടമൊരുക്കാന്‍ മണ്ണില്‍ ഖനജീവാമൃതമാണ് ചേര്‍ത്തത്. ഇതുണ്ടാക്കാന്‍ നാടന്‍ പശുവിന്റെ 10 കിലോ പച്ചച്ചാണകത്തില്‍ കാല്‍ കിലോഗ്രാം പയറുപൊടി കുഴച്ചുചേര്‍ക്കുന്നു. ഇതില്‍ 250 ഗ്രാം കറുത്ത ശര്‍ക്കരപൊടിച്ചതും ചേര്‍ത്ത് ഗോമൂത്രം തളിച്ച് ചപ്പാത്തിപ്പരുവത്തില്‍ ഒരു പിടിമണ്ണും കുഴച്ച് ഉരുളകളാക്കും. ഉരുളകളെ തണലത്തുവെച്ച് ഉണക്കിയശേഷം മണ്ണില്‍ച്ചേര്‍ക്കും.

തൈകള്‍ നട്ടശേഷം രണ്ടാഴ്ച ഇടവിട്ട് ജീവാമൃതപ്രയോഗം നടത്തി. 200 ലിറ്റര്‍ കൊള്ളുന്ന പ്‌ളാസ്റ്റിക് ബാരലില്‍ നാടന്‍ പശുവിന്റെ 10 കിലോഗ്രാം പച്ചച്ചാണകം, 10 ലിറ്റര്‍ ഗോമൂത്രം, രണ്ടുകിലോ കറുത്ത ശര്‍ക്കര, രണ്ടുകിലോ പയറുപൊടി, ഒരു പിടി കാട്ടുമണ്ണ് (തണലത്തു കിടക്കുന്ന മേല്‍മണ്ണ്) എന്നിവയിട്ട് 200 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നന്നായി ഇളക്കുന്നു.

തുടര്‍ന്ന് രണ്ടുദിവസം തണലത്തുവെച്ച് പുളിക്കാന്‍ അനുവദിക്കും. ഇങ്ങനെ ഉണ്ടാക്കിയ ജീവാമൃതം പത്തിരട്ടി നേര്‍പ്പിച്ചശേഷം പമ്പുപയോഗിച്ചാണ് കാബേജുചെടികളുടെ ചുവട്ടിലെത്തിച്ചത്. ഒരുതവണ ഒരു ചെടിയുടെ ചുവട്ടില്‍ 200 മില്ലീലിറ്ററോളം. നട്ട് ഒന്നരമാസത്തോടെ കാബേജു മുകുളങ്ങള്‍ ഉരുളാന്‍ തുടങ്ങി.

ജീവാമൃതത്തിന്റെ രൂക്ഷഗന്ധം കീടങ്ങളെ അകറ്റി. മണ്ണിലെ ജീവാണുക്കള്‍ വര്‍ധിച്ചതിലൂടെയും വളക്കൂറ് പതിന്മടങ്ങായതിലൂടെയും ബമ്പര്‍ വിളവുതന്നെ ലഭിച്ചു.

ആറായിരം ചെടികളില്‍നിന്ന് 10 ടണ്ണിലേറെ. കോഴിക്കോട് എക്കോഷോപ്പുവഴി ജൈവോത്പന്നമെന്ന നിലയിലാണ് കാബേജ് വിറ്റഴിച്ചത്. അതുകൊണ്ട് കിലോഗ്രാമിന് 10 രൂപാ വിലലഭിക്കുന്ന സ്ഥാനത്ത് 30 രൂപ കിട്ടി. ജീവാമൃതത്തിന്റെ കരുത്തില്‍ കാബേജു മാത്രമല്ല കാരറ്റ്, ബീറ്റ്‌റൂട്ട്, വാഴ എന്നിവയും ജോസഫ് കൃഷിചെയ്യുന്നുണ്ട്. ഫോണ്‍: 9947538089.