ചേളന്നൂര്‍: പാവയ്ക്കാകൃഷിയില്‍ മികച്ച വിളവുമായി യുവകര്‍ഷകന്‍. മുതുവാട്ടുതാഴത്തിനു സമീപം രാരംവീട്ടില്‍ മീത്തല്‍ പറമ്പില്‍ കിഴക്കേക്കര സദാനന്ദന്റെ ജൈവ പാവയ്ക്കാ കൃഷിയിലാണ് നല്ല വിളവ് ലഭിച്ചത്. 

പൂര്‍ണമായും ജൈവമാതൃകയിലായിരുന്നു കൃഷി. നാടന്‍വിത്തുകളും കൃഷിഭവനില്‍നിന്ന് ലഭിച്ച അത്യുത്പാദനശേഷിയുള്ള വിത്തുകളും ഉപയോഗിച്ചായിരുന്നു കൃഷി. തടമൊരുക്കി വിത്തുപാകി. ജൈവകീടനാശിനികള്‍ മാത്രമാണ് ഉപയോഗിച്ചത്. കായ്കളില്‍ ഈച്ച കുത്താതിരിക്കാന്‍ മുന്‍കരുതലും എടുത്തിരുന്നു. പാവയ്ക്കക്കൊപ്പം എളവനും കൃഷിചെയ്തിട്ടുണ്ട്. മറ്റ് പലഭാഗങ്ങളിലെ വയലുകളിലായി വാഴ, കപ്പ, ചേന, ചേമ്പ് തുടങ്ങിയ കൃഷികളുമുണ്ട്. 

സദാനന്ദനെ നേരത്തെ പഞ്ചായത്തിലെ മികച്ച കര്‍ഷകനായി തിരഞ്ഞെടുത്തിരുന്നു. കൃഷി ഓഫീസര്‍ രജനി മുരളീധരന്‍ വിളവെടുപ്പ് ഉദ്ഘാടനംചെയ്തു. കൃഷി അസിസ്റ്റന്റ് രാജേഷ്, സജിത്ത് വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു. വിളവെടുക്കുന്ന പാവയ്ക്ക വേങ്ങേരി കാര്‍ഷിക മൊത്തവിപണനകേന്ദ്രത്തിലേക്കാണ് എത്തിക്കുന്നത്.