നിറയെ പോഷകമൂലകങ്ങളുള്ള ഭക്ഷ്യയോഗ്യമായ ഔഷധകിഴങ്ങാണ് വെള്ളകൂവ്വ. വെളുപ്പുനിറമുള്ള  ദഹനത്തെ സഹായിക്കുന്ന കൂവ ഉദരരോഗങ്ങള്‍ ശമിപ്പിക്കും. പ്രമേഹ രോഗികള്‍ക്കും ഹൃദ്രോഗികള്‍ക്കും കൂവ നൂറ് നല്ലതാണ്. നല്ല ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയിലാണ് കൂവ നന്നായി വളരുന്നത്. അന്തരീക്ഷ ഊഷ്മാവ് 25-30 ഡിഗ്രി സെല്‍ഷ്യസും വാര്‍ഷിക വര്‍ഷപാതം 1500-2000 മില്ലി മീറ്ററുമാണ്. 

വളക്കൂറും ജലനിര്‍ഗമന ശേഷിയുമുള്ള മണല്‍കലര്‍ന്ന പശിമരാശി മണ്ണില്‍ കൂവ നന്നായി വളരും.

ഏപ്രില്‍ അവസാന വാരത്തിലോ മെയ് മാസത്തിലോ ആണ് കൂവ കൃഷി ചെയ്യാന്‍ നല്ലത്. കൂവ കിഴങ്ങ് കഷണങ്ങളാക്കി നടാന്‍ ഉപയോഗിക്കാം. ഒരു വിത്ത് കഷണത്തിന് 20-25 ഗ്രാം തൂക്കവും 5-7 സെ.മീറ്റര്‍ നീളവും വേണം.

കൂവ കൃഷി ചെയ്യുന്ന വിധം

കിളച്ചോ ഉഴുതോ ഒരുക്കിയ സ്ഥലത്ത് ഏക്കറിന് 4 ടണ്‍ ഉണങ്ങി പൊടിഞ്ഞ ചാണകമോ കമ്പോസ്‌റ്റോ അടിവളമായി നല്‍കി കൂവ നടാം. നടാനായി ഒരു മീറ്റര്‍ വീതിയില്‍ 15-20 സെന്റീമീറ്റര്‍ ഉയരത്തില്‍ വാരങ്ങളെടുത്ത് അതില്‍ 30x30 സെന്റീമീറ്റര്‍ അകലത്തില്‍ നടുന്നത് നല്ലതാണ്. കൂനകള്‍ കൂട്ടിയും നടാവുന്നതാണ്. 

നട്ട ഉടനെതന്നെ പുതയിട്ട് കൊടുക്കണം. കരിയിലയോ പച്ചിലയോ തെങ്ങോലയോ അനുയോജ്യമായ മറ്റ് ജൈവ വസ്തുക്കളോ ഉപയോഗിച്ച് പുതയിടാം. ഇത് കളകള്‍ മുളയ്ക്കുന്നത് തടയുകയും മണ്ണിലെ ഈര്‍പ്പം നിലനിറുത്തുകയും അതിമഴയില്‍ മണ്ണ് തറഞ്ഞുപോകാതെ സംരക്ഷിക്കുകയും അതുവഴി ഉത്പാദന വര്‍ദ്ധനവ് നല്‍കുകയും ചെയ്യും. 
കളകള്‍ നീക്കി മണ്ണിളക്കി മേല്‍വളം നല്‍കുന്നതാണ് കാര്യമായ കൃഷിപ്പണികള്‍. ഇടയിളക്കി മണ്ണ് കൂട്ടുന്നത് വിള വര്‍ദ്ധന നല്‍കും.

കൂവയില്‍ ഇതുവരെ കാര്യമായ രോഗബാധ കണ്ടിട്ടില്ല. കീടങ്ങളില്‍ എലിയാണ് കൂവയുടെ ശത്രു. 
ഏകദേശം 10-11 മാസം മൂപ്പുണ്ട് കൂവയ്ക്ക്. തണ്ട് ഉണങ്ങി തുടങ്ങുമ്പോള്‍ വിളവെടുക്കാം. ഏക്കറിന് 8-10 ടണ്‍ വിളവ് ലഭിക്കും.

arrowroot

കൂവ സംസ്‌കരണം

പുതുതലമുറയ്ക്ക് അത്ര പരിചയമില്ലാത്ത ഒന്നാണ് കൂവ സംസ്‌കരണം.

വൃത്തിയാക്കിയ കൂവക്കിഴങ്ങ് ഒരു ദിവസം വെള്ളത്തിലിട്ട് വീണ്ടും കഴുകി വൃത്തിയാക്കിയ ശേഷം ഉരപ്പരയ്ക്കുന്നു. പണ്ടുകാലത്ത് ദ്വാരങ്ങളിട്ട ലോഹഷീറ്റുകളില്‍ ഉരച്ച് അരച്ചിരുന്നതിനു പകരം ഗ്രയിന്റര്‍ ഉപയോഗിച്ച് അരയ്ക്കാം. അരച്ചെടുത്ത കൂവ ശുദ്ധജലത്തില്‍ കലക്കി ഒരു തുണി ഉപയോഗിച്ച് അരിച്ച് നാരും മറ്റ് അവശിഷ്ടങ്ങളും മാറ്റണം. ശേഷിക്കുന്ന ലായനി ഊറാന്‍ വെക്കണം. എട്ട് മണിക്കൂറിനുശേഷം തെളി ഊറ്റി കിട്ടുന്ന നൂറ് പരന്ന പാത്രങ്ങളില്‍ ഒഴിച്ച് സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കുന്നതാണ് കൂവ നൂറ് അഥവാ കൂവപ്പൊടി. 

കൂവപ്പൊടി ഉത്തമ ഭക്ഷ്യ പദാര്‍ഥമാണ്. കൂടാതെ വിവിധ ബേക്കറി ഉല്‍പ്പന്നങ്ങളിലെയും ഐസ്‌ക്രീം, കേക്ക്, ബിസ്‌ക്കറ്റ് മൂതലായ ഭക്ഷണപദാര്‍ത്ഥങ്ങളിലും ഉപയോഗിക്കുന്നു. അലോപ്പതി ഗുളികകളിലെ ഫില്ലറായും കമ്പ്യൂട്ടര്‍ പേപ്പര്‍ നിര്‍മാണത്തിലും ഇത് ഉപയോഗിക്കുന്നുണ്ട്. 

നീലകൂവ

വന്യമായും കൃഷി ചെയ്തും ഔഷധാവശ്യത്തിന് ഉപയോഗിച്ചുവരുന്ന ഒരു കിഴങ്ങുവിളയാണ് നീലകൂവ. പണ്ടുകാലത്ത് വന്യമായി വളര്‍ന്നിരുന്ന ഈ വിള ഇന്ന് നട്ടുപരിപാലിച്ചു വരുന്നുണ്ട്. ഇതിന്റെ കൃഷി രീതിയും സംസ്‌കരണരീതിയും വെള്ള കൂവയുടേതുപോലെത്തന്നെയാണ്. 

നൂറ് തെളിച്ചെടുക്കുമ്പോള്‍ മൂന്ന് പ്രാവശ്യം തെളിയൂറ്റി ശുദ്ധജലം ചേര്‍ത്ത് ആവര്‍ത്തിക്കുന്നത് മാത്രമാണ് വ്യത്യാസമായുള്ളത്. വെസ്റ്റ് ഇന്ത്യന്‍ ആരോറൂട്ടിന്റെ പൊടിയേക്കാള്‍ പതിന്മടങ്ങ് ഔഷധഗുണമുള്ളതാണ് നീലകൂവനൂറിന്. മൂത്രാശയസംബന്ധമായ രോഗങ്ങള്‍ക്ക് ഇത് ദിവ്യ ഔഷധമാണ്. 

കൂവയിലെ നാട്ടറിവുകള്‍ 

കുഞ്ഞുങ്ങള്‍ക്കും രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കേണ്ടവര്‍ക്കും വെള്ളക്കൂവ ഭക്ഷിക്കുന്നത് നല്ലതാണ്. ഉദരരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ വെള്ളക്കൂവയ്ക്കും നീലക്കൂവയ്ക്കും കഴിവുണ്ട്. നീലക്കൂവയുടെ നൂറ് ചൂടുവെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മാറും. നീലക്കൂവ നൂറ് പ്രകൃതിദത്ത ആന്റി ബയോട്ടിക് ആണ്.

(കടപ്പാട്: നല്ല ഭൂമി)