വിളകള്‍ക്ക് വലിയ ദോഷമുണ്ടാക്കുന്ന സൂക്ഷ്മകീടമാണ് നിമവിരകള്‍. കണ്ണുകൊണ്ടു കാണാന്‍ പറ്റാത്തത്ര സൂക്ഷ്മമാണിത്. പച്ചക്കറിക്കൃഷിയുടെ ഏതാണ്ട് കാല്‍ഭാഗത്തോളം നശിപ്പിക്കുന്നത് നിമവിരകളാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും നിമവിരയുടെ ആക്രമണമാണെന്നു തിരിച്ചറിയാതെ മറ്റു രോഗകീടങ്ങള്‍ക്കുള്ള പ്രതിരോധനടപടി സ്വീകരിക്കുകയും ഫലംകാണാതെവരികയും ചെയ്യുന്നുണ്ട്.

coconut
പ്രതീകാത്മക ചിത്രം

കര്‍ഷകന് നിമവിരകളെക്കുറിച്ച് ധാരണ ഉണ്ടായിരിക്കുന്നത് നല്ലതാണ്. നമ്മുടെ മണ്ണില്‍ ധാരളമായിട്ടുള്ള ഒരു കീടമാണിതെന്ന് മനസ്സിലാക്കണം. ദീര്‍ഘകാലവിളകളായ തെങ്ങും കുരുമുളകും ഹ്രസ്വകാല വിളകളായ പച്ചക്കറികളും സാര്‍വത്രികമായി ഇവയുടെ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. മുമ്പില്ലാത്തവിധം ഇപ്പോള്‍ പച്ചക്കറികളില്‍ ഇവ വ്യാപകമാവുന്നുണ്ട്. എല്ലാ പച്ചക്കറി ഇനങ്ങളെയും ഇതു ബാധിക്കുന്നു.

നിമവിരകളെ അഞ്ചോളം ഇനമായി ഉത്ഭവരീതിയനുസരിച്ച് വേര്‍തിരിച്ചിട്ടുണ്ട്. ഇവ ഓരോന്നിനും അവാന്തരവിഭാഗങ്ങളുണ്ട്. പച്ചക്കറി സസ്യത്തിന്റെ വേരുകളെ ആക്രമിക്കുന്ന വേരുബന്ധ നിമവിരയാണ് കൂടുതല്‍ ഉപദ്രവം ചെയ്യുന്നത്. പച്ചക്കറിയുടെ മൃദുവായ വേര് തുരന്ന് ഇതില്‍ മുട്ടയിടുകയും നീര് ഊറ്റിക്കുടിക്കുകയും ചെയ്യും.

നിമവിരകളെ നിയന്ത്രിക്കാന്‍ ജൈവമാര്‍ഗങ്ങള്‍ അവലംബിക്കാവുന്നതാണ്. കൃഷിയിടത്ത് സൂര്യതാപീകരണമാണ് പ്രധാനമായും വേണ്ടത്. നിലം നന്നായി കിളച്ച് വെയില്‍ കൊള്ളിക്കുക, പോളിത്തീന്‍ ഷീറ്റുകൊണ്ട് മണ്ണിനെ പുതപ്പിക്കുക. ഉള്ളില്‍ വായുകടക്കാതിരിക്കാന്‍ പോളിത്തീന്‍ ഷീറ്റിന്റെ അരികുകളില്‍ മണ്ണിട്ടുമൂടുക. അകത്ത് ചൂട് നിലനിര്‍ത്താന്‍വേണ്ടിയാണിത്. രണ്ടാഴ്ചയോളം ഇങ്ങനെ ചെയ്താല്‍ നിമവിരകള്‍ നിര്‍വീര്യമാകും.

അതോടൊപ്പം പച്ചക്കറിക്കൃഷിക്കായി നിലമൊരുക്കുമ്പോള്‍ ജൈവവളത്തോടൊപ്പം ചതുരശ്രമീറ്ററിന് 200 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുക. അതോടൊപ്പം പച്ചിലവളമായി വേപ്പില ചേര്‍ത്തുകൊടുക്കുക. 100 ഗ്രാം വേപ്പില അഞ്ചുലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുത്തശേഷം ഇലകളില്‍ തളിക്കുന്നതും ഏറെ ഗുണകരമാണ്.