പ്രകൃതിയൊരുക്കുക്കിയ പച്ചപന്തലിനു കീഴെ തൂങ്ങിക്കിടക്കുന്ന ചെറിയ മഞ്ഞപ്പന്തുകളില് ആരുടെയും കണ്ണൊന്നുടക്കും. ഒരിക്കല്‍ പാഷന് ഫ്രൂട്ട് രുചിച്ചവര്‍ വീണ്ടുമതിന്റെ രുചിയോര്‍ക്കുമ്പോള്‍ കണ്ണൊന്നു മുറുക്കിയടച്ച് വായില്‍ നിറഞ്ഞ വെള്ളം ഒരിറക്കിറക്കും. ഒരേ സമയം മധുരവും പുളിയും തരുന്ന പഴം.
ആഫ്രിക്കനും നാടനും എന്നിങ്ങനെ രണ്ടു തരത്തിലാണ് പാഷന് ഫ്രൂട്ടുള്ളത്. സാധാരണയായി നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന മഞ്ഞ നാടനാണ്. ചുവന്ന നിറത്തിലാണ് ആഫ്രിക്കന്‍ പാഷന് ഫ്രൂട്ട് കാണപ്പെടുന്നത്.
ലാറ്റിനമേരിക്കയിലാണ് പാഷന്‍ഫ്രൂട്ട് ആദ്യമായി കണ്ടെത്തിയതെന്ന് കരുതുന്നു. ഇന്ത്യന്‍ സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറാം, നാഗാലാന്റ് എന്നിവിടങ്ങളില്‍ പാഷന്‍ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്.
മഞ്ഞനിറത്തിലെ ദ്രാവക വലയ്ക്കുള്ളില്‍ ചെറിയ കറുത്ത മുത്തുകളായാണ് വിത്തുകള്‍ കാണപ്പെടുന്നത്. മഞ്ഞയ്ക്കുള്ളില് കറുപ്പ് കാണാന്‍ നല്ല രസമാണ്. പാഷന്‍ഫ്രൂട്ടിന്റെ മുകള്‍ ഭാഗം അല്പം ചെത്തി മാറ്റി അതിലേക്ക് കുറച്ച് പഞ്ചസാരയുമിട്ട് സ്പൂണ്‍ കൊണ്ട് നന്നായൊന്നിളക്കി കഴിച്ചു നോക്കൂ... അഞ്ചോ പത്തോ എണ്ണമെടുത്ത് അതില്‍ നിന്ന് പഴസത്ത് ഒരു ഗ്ലാസിലേക്ക് മാറ്റി ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് കഴിക്കുകയും വീട്ടിലുള്ളവര്‍ക്ക് സ്നേഹത്തോടെ ഓരോ സ്പൂണ്‍ നല്‍കുകയും ചെയ്യാം. അതില്‍ തണുത്ത് വെള്ളം ചേര്‍ത്ത് സര്ബത്തായും കഴിക്കാം.
തണ്ടുകള്‍ ചെറിയ മരങ്ങളിലും മറ്റും പടര്‍ന്നു കയറിയാണ് പാഷന്‍ഫ്രൂട്ട് ചെടി വളരുന്നത്. നല്ല വെയിലും വെള്ളവും കിട്ടുന്ന സ്ഥലത്താണ് വള്ളി പടരുന്നതെങ്കില്‍ മറ്റ് സംരക്ഷണം ഒന്നും നല്കിയില്ലെങ്കിലും നല്ല വിളവു തരാറുണ്ട്. വാണിജ്യാടിസ്ഥാനത്തിലാണെങ്കില്‍ പന്തല്‍ പടര്‍ത്തി നടുന്നതാണ് നല്ലത്. ടെറസിനു മുകളില്‍ പന്തല്‍ പടര്‍ത്തുകയാണെങ്കില്‍ പ്രകൃതി ഒരുക്കുന്ന മനോഹരമായ കുടയ്ക്കുള്ളില് നമുക്കും കഴിയാം.
ഗുണകരമായ വിത്തുകള്‍ ശേഖരിച്ച് മുളപ്പിച്ചെടുത്ത് പാകമായ വളര്ച്ചെത്തുമ്പോള് പറിച്ചു നട്ടാണ് പാഷന് ഫ്രൂട്ട് സസ്യം വളര്‍ത്തിയെടുക്കേണ്ടത്. പഴസത്ത് പുറത്തെടുത്ത് മൂന്ന് ദിവസം പുളിക്കാനായി മാറ്റി വച്ചാണ് വിത്തു ശേഖരിക്കേണ്ടത്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നഴ്സറി ബെഡ്ഡുകളില്‍ വിത്ത് പാകാം. 5-6 ഇലകള്‍ വന്ന ശേഷം ചെടിയെ ഗ്രോബാഗുകളിലേക്ക് മാറ്റി നടാം. മണ്ണും കമ്പോസ്റ്റും മണലും ചേര്‍ന്ന മിശ്രിതത്തിലാണ് തുടര്‍ന്നുള്ള മൂന്നു മാസക്കാലം ചെടി വളര്‍ത്തിയെടുക്കേണ്ടത്. വിത്തുകള്‍ മുളച്ച് 5-6 ഇലകള്‍ വന്ന ശേഷം മണ്ണും കമ്പോസ്റ്റും മണലും ചേര്‍ത്ത് മാറ്റിനടാം. വെള്ളം കെട്ടി നില്ക്കുന്ന സാഹചര്യം ഒഴിവാക്കണം. ആവശ്യത്തിന് വെള്ളം നല്കിയാല് മതിയാകും. ജൈവവളമാണ് പാഷന്‍ഫ്രൂട്ടിന് നല്ലത്.
ചാഴിയാണ് പാഷന്‍ഫ്രൂട്ടിന്റെ മുഖ്യശത്രു. ചാഴിയെ നേരിടാന്‍ ജൈവ കീടനാശിനികള്‍ പ്രയോഗിക്കാം. ചെടി നട്ട് പത്തു മാസത്തിനുള്ളില്‍ കായ്കള്‍ വന്നു തുടങ്ങും. പതിനഞ്ചു മുതല്‍ 18 മാസം വരെ കായ്കള്‍ നില്ക്കും. പാഷന്‍ഫ്രൂട്ട് മൂപ്പെത്താന്‍ 80 മുതല്‍ 90 ദിവസം വരെ എടുക്കും. ആഗസ്ത് മുതല്‍ ഡിസംബര്‍ വരെയും മാര്‍ച്ച് മുതല്‍ മെയ് വരെയുമാണ് പാഷന്‍ഫ്രൂട്ട് ഫലം ലഭിക്കുന്നത്.