മട്ടുപ്പാവിലും മുറ്റത്തും ഗ്രോബാഗില്‍ കൃഷി തുടങ്ങാന്‍ സമയമായി. മഴയൊക്കെ ഒതുങ്ങി വെയിലിന് ശക്തികൂടി വരുന്ന സമയമാണിത്. നവംബര്‍-ഡിസംബര്‍ ആകുമ്പോഴേക്കും രാത്രി താപനിലയും കുറഞ്ഞുവരും. ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവര്‍, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ബീന്‍സ്, ബ്രൊക്കോളി എന്നിവ നവംബര്‍ ആദ്യവാരത്തോടെ കൃഷി ചെയ്തു തുടങ്ങാം. 

ശാസ്ത്രീയമായി എങ്ങനെയാണ് ഗ്രോബാഗില്‍ നിറയ്ക്കാനുള്ള മിശ്രിതം തയ്യാറാക്കാമെന്ന് നോക്കാം

ഗ്രോബാഗിന്റെ അളവുകള്‍

40 cm x 24 cm x 24 cm
600 ഗേജ് കനം
പുറത്ത് വെള്ള , അകത്ത് കറുപ്പ്
10-13 കി.ഗ്രാം വരെ മിശ്രിതം താങ്ങാനുള്ള ശക്തി 

മിശ്രിതം തയ്യാറാക്കുന്ന രീതി

1:1:1 എന്ന അനുപാതത്തില്‍ മണ്ണ്,മണല്‍,കാലിവളം എന്നിവയോടൊപ്പം ഗ്രോബാഗ് ഒന്നിന് 100 ഗ്രാം വേപ്പിന്‍പിണ്ണാക്ക്, 100 ഗ്രാം കുമ്മായം/ഡോളമൈറ്റ്, 100 ഗ്രാം എല്ലുപൊടി, 10 ഗ്രാം ട്രൈക്കോഡെര്‍മ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി രണ്ടാഴ്ച നല്ല വെയിലത്ത് മൂടിയിടുക. 

മണലിന് പകരമായി ചകിരിച്ചോര്‍, കമ്പോസ്റ്റ്, പഴകിയ അറക്കപ്പൊടി, ഉമിക്കരിയിലപ്പൊടി, പെര്‍ലൈറ്റ്, വെര്‍മിക്കുലൈറ്റ് എന്നിവയില്‍ ഏതെങ്കിലുമോ കൂട്ടായോ ഉപയോഗിക്കാം.

വായുസഞ്ചാരം മെച്ചപ്പെടുത്താനായി തെര്‍മോക്കോള്‍ നന്നായി പൊടിച്ചതും ചേര്‍ക്കാവുന്നതാണ്. ഈ മിശ്രിതം മുക്കാല്‍ഭാഗം നിറച്ച് അതില്‍ വിത്തുകളോ തൈകളോ നടാവുന്നതാണ്. മണ്ണിന്റെ മേല്‍പ്പാളിയില്‍ ഈര്‍പ്പം നിലനില്‍ക്കാന്‍ ബേബി ഡയപ്പറിന്റെ അകത്തുള്ള പോളിമര്‍ 2 സ്പൂണ്‍ കൂടി ചേര്‍ത്താല്‍ വരള്‍ച്ചയെ ചെറുക്കാന്‍ ഉത്തമം.