കറിവേപ്പില നട്ടാല്‍ അത് വളരുന്നില്ലെന്ന പരാതിയാണ് എല്ലാ വീട്ടമ്മമാര്‍ക്കും. എന്നാല്‍ അതിനെ വേണ്ടവിധം പരിചരിച്ചാല്‍ രണ്ടു മൂന്നു വര്‍ഷം കൊണ്ടുതന്നെ അവ വളര്‍ന്നു വലുതായി ഫലം തരും. മഴക്കാലത്തും  കഴിഞ്ഞാലും പെട്ടെന്ന് രോഗം ബാധിക്കുന്ന ചെടിയാണ് കറിവേപ്പില. അതിനെ പ്രതിരോധിക്കാനും കറിവേപ്പില വളര്‍ത്താനുമുള്ള ചില പൊടിക്കൈകള്‍

1. തൈകള്‍ നടുമ്പോള്‍ ഒരടി ആഴത്തിലും വീതിയിലും നീളത്തിലുമുള്ള കുഴികളില്‍ നടുക. അതില്‍ മണല്‍, മണ്ണ്, ചാണകപ്പൊടി എന്നിവയുടെ മിശ്രിതം നിറയക്കുക.
2.  ചെറിയ ചെടിയാണെങ്കില്‍ ചട്ടിയിലോ ഗ്രോ ബാഗിലോ പിടിപ്പിച്ചതിന് ശേഷം മാറ്റിനടുക
3. ചെടി നടുന്ന സ്ഥലത്ത് നീര്‍വാര്‍ച്ച സൗകര്യം ഒരുക്കുക. സൂര്യപ്രകാശത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക.
4. മാസത്തില്‍ രണ്ടുതവണ ജീവാമൃതമോ, കടലപ്പിണ്ണാക്ക് പുതര്‍ത്തി പുളിപ്പിച്ചതോ ചാണകത്തെളി കൂട്ടി നേര്‍പ്പിച്ചതോ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക; ചുവടിളക്കിയതിന് ശേഷം.
5. മഴക്കാലത്ത് തടത്തില്‍ വെള്ളം കെട്ടിനില്‍ക്കരുത്. വേനല്‍ക്കാലമാണെങ്കില്‍ ഒന്നരാടന്‍ കുറച്ച് നന നല്‍കുക.
6. വേര് പൊന്തിപ്പോവാതെ  മുരട്ടില്‍ എല്ലായ്‌പ്പോളും മണ്ണ് കൂട്ടിക്കൊടുക്കുക. മഴക്കാലത്ത് പ്രത്യേകിച്ചും
7. നട്ട് അദ്യത്തെ ഒരു വര്‍ഷം തീരെ തളിരിലകള്‍ നുള്ളരുത്. രണ്ടാമത്തെ വര്‍ഷം നല്ല ബുഷായി വളരുകയാണെങ്കില്‍ രണ്ടോ മൂന്നോ പട്ട ആഴ്ചയിലൊരിക്കല്‍ പൊട്ടിക്കാം. ഇല ഉപയോഗിക്കുമ്പോള്‍ കത്തി ഉപയോഗിക്കാതെ പൊട്ടിച്ചെടുക്കുക. ഒരിക്കലും ഇല ഊര്‍ന്നെടുക്കരുത്. പൊട്ടിച്ചെടുത്താല്‍ വീണ്ടും തളിര്‍ക്കും.
8. ചൂര്‍ണപ്പൂപ്പാണ് കറിവേപ്പിലയ്ക്ക് വരുന്ന പ്രധാന രോഗം. അതിന് വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം പ്രയോഗിക്കാം.
9. ഇല തിന്നുന്ന ചെറിയപുഴുക്കള്‍ക്ക് പുകയിലക്കഷായം തയ്യാറാക്കി തളിക്കാം.
10. ശല്ക കീടങ്ങളുടെ ആക്രമണം തടയാന്‍ ബ്യുവേറിയ ബാസിയാന, സ്യുഡോമോണസ് എന്നീ ജീവാണുകീടനാശിനികള്‍ ആഴ്ചയിലൊരിക്കല്‍ നേര്‍പ്പിച്ച് തളിക്കാം.